ബെംഗളൂരു: ദളിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴുകാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. സംഭവവുമായി
ബന്ധപ്പെട്ട് പിതാവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ മൈസൂരു ജില്ലയിലാണ് സംഭവം.
പെരിയപട്ടണയില്‍ രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട ശാലിനി. കര്‍ണാടകയിലെ വൊക്കലിഗ വിഭാഗത്തിലുള്ളതാണ് പെണ്‍കുട്ടിയുടെ കുടുംബം. സമീപപ്രദേശത്തെ മഞ്ജുനാഥ് എന്ന ദളിത് യുവാവുമായി ശാലിനി മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിര്‍ത്ത വീട്ടുകാര്‍, മഞ്ജുനാഥിന്റെ പേരില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പൊലീസ് സ്റ്റേഷനില്‍ ഹാജരായ ശാലിനി, താന്‍ മഞ്ജുനാഥുമായി പ്രണയത്തിലാണെന്നും വീട്ടിലേയ്ക്ക് പോകില്ലെന്നും പറഞ്ഞതിനാല്‍, പൊലീസ് ശാലിനിയെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാക്കി. പിന്നീട് ശാലിനി ആവശ്യപ്പെട്ടതനുസരിച്ച് വീട്ടുകാര്‍ എത്തി വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ചൊവ്വാഴ്ച ഇക്കാര്യത്തില്‍ വീണ്ടും തര്‍ക്കമുണ്ടായപ്പോള്‍, താന്‍ മഞ്ജുനാഥിനെ മാത്രമേ വിവാഹം കഴിക്കൂ എന്നു ശാലിനി പറഞ്ഞു. ഇതില്‍ പ്രകോപിതനായി പിതാവ് സുരേഷ് പെണ്‍കുട്ടിയുടെ കഴുത്തുഞെരിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട ശാലിനിയെ ഉണര്‍ത്താന്‍ അമ്മ ബേബി ശ്രമിച്ചങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നിനും ഇടയ്ക്കായിരുന്നു കൊലപാതകം.
ശാലിനി മരിച്ചുവെന്ന് ഉറപ്പായപ്പോള്‍ സുരേഷും ബേബിയും മൃതദേഹം ഒരു ഇരുചക്രവാഹനത്തില്‍ അടുത്ത ഗ്രാമമായ മെല്ലഹള്ളിയിലെത്തിച്ച് ഉപേക്ഷിച്ചു. പിന്നീട് രാവിലെ പൊലീസ് സ്റ്റേഷനിലെത്തിയ സുരേഷ് കുറ്റമേറ്റുപറഞ്ഞ് കീഴടങ്ങുകയായിരുന്നു.
Post Your Comments