
കണ്ണൂര്‍: ഇന്‍സ്റ്റഗ്രാം വഴി വിവാഹ വാഗ്ദാനം നല്‍കി 25 പവന്‍ സ്വര്‍ണം തട്ടിയെടുത്ത യുവാവ് കണ്ണൂരില്‍ അറസ്റ്റില്‍. വടകര സ്വദേശി നജീര്‍ ആണ് അറസ്റ്റിലായത്. കണ്ണൂര്‍ സ്വദേശിയായ വിവാഹ മോചിതയായ യുവതിയെയാണ് തട്ടിപ്പിനിരയാക്കിയത്. തലശ്ശേരി പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഈ മാസം ഒമ്പതാം തീയതിയാണ് കേസിനാസ്പദമായ പരാതി തലശേരി പൊലീസിന് ലഭിക്കുന്നത്. നാളുകളായി ഇരുവരെ ഇന്‍സ്റ്റാഗ്രാമില്‍ ചാറ്റ് ചെയ്തിരുന്നെങ്കിലും യഥാര്‍ത്ഥ ഐഡന്റിറ്റി നജീര്‍ വെളിപ്പെടുത്തിയിരുന്നില്ല. ഇതിനിടെയാണ് ഒരുമിച്ച് ജീവിക്കാനായി സ്വര്‍ണവുമായി എത്താന്‍ നിര്‍ദേശിച്ചത്. ശേഷം സ്വര്‍ണം കൈക്കലാക്കി നജീര്‍ കടന്നു കളയുകയായിരുന്നു. കൈയിലുള്ള പണവും സ്വര്‍ണവുമായി തലശേരിയിലേക്ക് എത്താനാണ് നജീര്‍ യുവതിയോട് ആവശ്യപ്പെട്ടിരുന്നത്.
ആദ്യ വിവാഹം നടത്തിയിരുന്ന സമയത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളുമായാണ് യുവതി തലശേരിയിലെത്തിയത്. സ്വര്‍ണാഭരണം കൈയില്‍ കൊണ്ടുപോകുന്നത് സുരക്ഷിതമല്ലെന്നും തന്റെ സുഹൃത്തു വരുമെന്നും നജീര്‍ പറഞ്ഞു. സ്വര്‍ണം സുഹൃത്തിന്റെ കൈയില്‍ ഏല്‍പ്പിച്ചേക്കാനും നജീര്‍ നിര്‍ദേശിച്ചു. ശേഷം താന്‍ അറേഞ്ച് ചെയ്ത ടാക്‌സിയില്‍ കോഴിക്കോട്ടേക്ക് യാത്ര ചെയ്താല്‍ മതിയെന്നും നജീര്‍ യുവതിയോട് പറഞ്ഞു. ഇത് യുവതി വിശ്വസിച്ചു.
നജീറിനെ ഒരിക്കല്‍ പോലും യുവതി നേരിട്ട് കണ്ടിരുന്നില്ല. നജീര്‍ പറഞ്ഞതനുസരിച്ച് സ്വര്‍ണം യുവതി കൈമാറി. ഇതിന് ശേഷം ആളെയും സ്വര്‍ണവും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതുമായി പ്രതി മുങ്ങുകയായിരുന്നു. ഇയാള്‍ക്കെതിരെ സമാനമായ ആരോപണങ്ങളുണ്ടെന്നാണ് പൊലീസില്‍ നിന്ന് മനസിലാക്കുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍,ഗൂഗിള്‍ പേ തുടങ്ങിയ വിവരങ്ങള്‍ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. നജീറിന്റെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
Post Your Comments