കൊച്ചി: സ്വവർഗാനുരാഗികളായ ആദിലയ്ക്കും നൂറയ്ക്കും ഒരുമിച്ചു ജീവിക്കാൻ അനുമതി നൽകിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് അഡ്വ. ശ്രീജിത്ത് പെരുമന. ബന്ധുക്കൾ പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശി ഫാത്തിമ നൂറയെ ആദില നസ്റിനൊപ്പം കോടതി വിട്ടയച്ച നടപടിയെ ആണ് ശ്രീജിത്ത് അഭിനന്ദിക്കുന്നത്. ആൾക്കൂട്ട സദാചാര മലരുകൾക്ക് ഏറ്റ തിരിച്ചടിയാണെന്ന് ശ്രീജിത്ത് ഫേസ്‌ബുക്കിൽ കുറിച്ചു.
പ്രണയിനിക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന ആലുവ സ്വദേശി ആദില നസ്റിന്റെ അപേക്ഷയിലാണ് ഹൈക്കോടതി നടപടി. പ്രായപൂർത്തിയായ വ്യക്തികൾക്ക് ഒരുമിച്ച് ജീവിക്കുന്നതിൽ വിലക്കില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രൻ വ്യക്തമാക്കി. ഫാത്തിമയെ കാണാനില്ലെന്നുകാട്ടി ആദില ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചിരുന്നു. ഇതും കോടതി തീർപ്പാക്കി.
തന്റെ പങ്കാളിയെ വീട്ടുകാർ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയെന്ന് വ്യക്തമാക്കി ഇന്നു രാവിലെയാണ് ആദില ഹൈക്കോടതിയിൽ ഹർജി നൽകിയത്. സുപ്രീം കോടതി വിധി അനുസരിച്ച് തങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ വിലക്കില്ലെന്നും കോടതിയും പോലീസും തങ്ങളെ പിന്തുണയ്ക്കണമെന്നും ആദില ഹർജിയിൽ ആവശ്യപ്പെട്ടു. നൂറയെ വിട്ടുകിട്ടണമെന്നും ആദില ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആദിലയുടെ ഹർജി രാവിലെ തന്നെ ഹൈക്കോടതി പരിഗണിച്ചു. ഇന്നുതന്നെ ഫാത്തിമയെ കോടതിയിൽ ഹാജരാക്കാൻ ബിനാനിപുരം പോലീസിന് കോടതി നിർദ്ദേശം നൽകി. പരാതിക്കാരിയെയും ഫാത്തിമയെയും വിളിച്ചുവരുത്തിയ ശേഷം ചേംബറിൽ വെച്ച് ഇരുവരോടും കോടതി സംസാരിച്ചു. പിന്നാലെയാണ് ഒന്നിച്ചു ജീവിക്കാൻ അനുമതി നൽകിയത്.
Post Your Comments