KeralaLatest NewsNews

‘പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ മനുഷ്യരെ കൊല്ലുന്നതിനോട് ശക്തമായ വിയോജിപ്പ്’: വധശിക്ഷ നിരോധിക്കണമെന്ന് അഡ്വ. ശ്രീജിത്ത്

വധശിക്ഷ പ്രാകൃതമാണ്. വികാരങ്ങളല്ല, വിവേകമാണ് നയിക്കേണ്ടതെന്ന് അഡ്വ. ശ്രീജിത്ത് പെരുമന. പൗരാവകാശങ്ങൾക്ക് വേണ്ടി , ഭരണഘടനയ്ക്ക് വേണ്ടി പോരാടുന്നവർ പ്രത്യേകിച്ചു യാതൊരു ശാസ്ത്രീയ, സ്റ്റാറ്റിറ്റിക്കൽ അടിസ്ഥാനവുമില്ലാത്ത ഈ പ്രാകൃത സ്റ്റേറ്റ് സ്‌പോൺസേർഡ് കൊലപാതകത്തെ തള്ളിപ്പറയണമെന്ന് ശ്രീജിത്ത് ഫേസ്‌ബുക്കിൽ കുറിച്ചു. ആലുവയില്‍ ബിഹാര്‍ സ്വദേശിയായ പെൺകുട്ടിയെ ഇതരസംസ്ഥാന തൊഴിലാളിയായ അസ്ഫാക്ക് ആലം പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി വന്ന സാഹചര്യത്തിലായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമന്‍ ആണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.

കുറ്റവാളിയെ ഇല്ലാതാക്കുന്നതിലൂടെ കുറ്റകൃത്യം ജനിക്കുന്ന സാഹചര്യം ഇല്ലാതാകുന്നില്ലല്ലോ എന്ന് ശ്രീജിത്ത് ചോദിക്കുന്നു. ഭരണകൂടം ഇരയ്ക്കു വേണ്ടി പ്രതികാരം ചെയുന്ന രീതി ഒരു പരിഷ്‌കൃത സമൂഹത്തിനു യോജിക്കുന്നതാണോ എന്ന് നാം ഇനിയും ചിന്തിക്കണമെന്നും, ഏതൊരു മനുഷ്യനും സമൂഹത്തിൽ നിന്നും സഹായമഭ്യർഥിക്കാൻ അവകാശമുണ്ടെന്നും ശ്രീജിത്ത് ചൂണ്ടിക്കാട്ടുന്നു. എന്റെ നികുതിപ്പണം കൊണ്ട് പ്രതികളെ തീറ്റിപ്പോറ്റാൻ പാടില്ല കൊന്നുകളയണം എന്നാക്രോശിക്കുന്നവരോട് സഹതപ്പിക്കുന്നു. പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ മനുഷ്യരെ കൊല്ലുന്നതിനോട് ശക്തമായ വിയോജിപ്പ് ഉണ്ടെന്നും വധശിക്ഷ തന്നെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഡ്വ. ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക് പോസ്റ്റ്:

ബലാത്സംഗ കുറ്റത്തിന് വധ ശിക്ഷ വേണം എന്ന വാദത്തിന് ഇന്ത്യൻ പീനൽ കോഡിനോളം തന്നെ പഴക്കമുണ്ട്. പീനൽ കോഡിന്റെ സൃഷ്ടാവായ മെക്കാളെ തന്നെ അതിനു നൽകിയ മറുപടി ചരിത്ര രേഖകളിലുണ്ട്. സാഹചര്യങ്ങളെ വളരെയേറെ ആശ്രയിക്കുന്ന ഒന്നാണ് ബലാത്സംഗം പോലൊരു കുറ്റ കൃത്യം. അത്തരം കുറ്റ കൃത്യത്തിനു വധ ശിക്ഷ നൽകിയാൽ ഇരയെ വകവരുത്തി തെളിവ് നശിപ്പിക്കാനാകും കുറ്റവാളിയുടെ സഹജമായ വാസന. “കുറഞ്ഞ പക്ഷം ഇരയുടെ ജീവനെങ്കിലും എനിക്ക് സംരക്ഷിക്കാൻ കഴിഞ്ഞേക്കും” എന്നാണ് ആ വിമർശനത്തിനു മെക്കാളെ നൽകിയ മറുപടി.

ബലാത്സംഗത്തിനെതിരെ അതിവൈകാരികമായി പ്രതിഷേധിക്കുന്നവരിൽ പോലും സമയവും, സന്ദർഭവും ലഭിക്കാത്ത പൊട്ടൻഷ്യൽ റേപ്പിസ്റ്റുകൾ ഉറങ്ങികിടക്കുന്നുണ്ട് എന്ന യാഥാർഥ്യം ഓർമ്മിക്കണം. അതിവൈകാരികതയല്ല വേണ്ടത് . വിവേകത്തോടെ സമൂഹത്തെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ ഭരണകൂടത്തെക്കൊണ്ട് ചെയ്യിപ്പിക്കുകയാണ് വേണ്ടത്. ലൈംഗിക വിദ്യാഭ്യാസം നൽകുകയാണ് വേണ്ടത്. പ്രതികളെ മരണം വരെ പരോളില്ലാതെ ജയിലിൽ അടയ്ക്കുകയാണ് വേണ്ടത്.

നാല് പ്രതികളെ തൂക്കിലേറ്ററിയാലോ, തലവെട്ടിയാലൊന്നും നൂറ്റിമുപ്പതു കോടിക്കുള്ളിലെ റേപ്പിസ്റ്റുകളെ നിയന്ത്രിക്കാൻ സാധിക്കില്ല. മെഴുകുതിരി റാലികൾക്കുമപ്പുറം ലൈംഗിക കാര്യത്തിൽ സമൂലമായ ഒരു വിപ്ലവം രാജ്യത്ത് നടക്കേണ്ടിയിരിക്കുന്നു. ലൈംഗികതയിൽ അക്കാദമിക് താത്പര്യത്തോടെ പോലും തൊടാൻ ഭരണകൂടങ്ങളുടെ സദാചാരം ഭയപ്പെടുന്നു. ലോകത്തിലെ ജനസംഖ്യയിൽ ഏറ്റവും കൂടുതൽ യുവാക്കളുള്ള രാജ്യമാണ് നമ്മുടേത് അതിലെ പുതുതലമുറയെ എങ്കിലും ലൈംഗികതയും, സാമൂഹിക-മാനുഷിക മൂല്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് അവബോധമുള്ളവരാക്കിയാൽ പത്ത് മനുഷ്യരുടെ തലവെട്ടുന്നതിനേക്കാൾ എളുപ്പത്തിൽ ലോകത്തിലെ ഏറ്റവും ഹീനമായ ഈ പ്രവൃത്തിയിൽ നിന്നും മനുഷ്യരെ പിന്തിപ്പിക്കാം.

“ബലാൽത്സംഗ ഇര മരിക്കേണ്ടവളാണ്” എന്ന ബോധത്തിലാണ് ഇപ്പോഴും നമ്മുടെ സമൂഹം എന്നതുതന്നെ നമ്മുടെ ലൈംഗിക അരാചകത്വത്തെ സാക്ഷ്യപ്പെടുത്തുന്നു.
കുറ്റവാളിയെ ഇല്ലാതാക്കുന്നതിലൂടെ കുറ്റകൃത്യം ജനിക്കുന്ന സാഹചര്യം ഇല്ലാതാകുന്നില്ലല്ലോ. ഇത്തരത്തിൽ ഭരണകൂടം ഇരയ്ക്കു വേണ്ടി പ്രതികാരം ചെയുന്ന രീതി ഒരു പരിഷ്‌കൃത സമൂഹത്തിനു യോജിക്കുന്നതാണോ എന്നാണ് ഇനിയും നാം ചിന്തിക്കേണ്ടത് ? ഏതൊരു മനുഷ്യനും സമൂഹത്തിൽ നിന്നും സഹായമഭ്യർഥിക്കാൻ അവകാശമുണ്ട്. കൊലപാതക കുറ്റക്കാർക്കുൾപ്പെടെ. എന്റെ നികുതിപ്പണം കൊണ്ട് പ്രതികളെ തീറ്റിപ്പോറ്റാൻ പാടില്ല കൊന്നുകളയണം എന്നാക്രോശിക്കുന്നവരോട് സഹതപ്പിക്കുന്നു. പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ മനുഷ്യരെ കൊല്ലുന്നതിനോട് ശക്തമായ വിയോജിപ്പ്. STOP DEATH PENALTY. വധശിക്ഷ നിരോധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button