തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുളള ഇക്കണോമിക് ഒഫന്‍സസ് വിങ്ങ് പ്രവർത്തനം ആരംഭിച്ചു. പുതിയ വിങ്ങിന്റെ പ്രവര്‍ത്തനത്തോടെ സംസ്ഥാനത്ത് നടക്കുന്ന പലതരത്തിലുമുളള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് അറുതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതിനായി 226 എക്‌സിക്യുട്ടീവ് തസ്തികകളും ഏഴ് മിനിസ്റ്റീരിയല്‍ തസ്തികകളും സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു.
സാക്ഷരതയിലും സാങ്കേതിക അവബോധത്തിലും മുന്നിലാണെങ്കിലും മലയാളികളാണ് എറെയും സാമ്പത്തിക തട്ടിപ്പില്‍പ്പെടുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഇത്തരം തട്ടിപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടും, മലയാളികള്‍ വീണ്ടും ചതിക്കുഴികളില്‍ പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ ആപ്പുകള്‍ മുഖേനയുള്ള വായ്പാ തട്ടിപ്പ് ഉള്‍പ്പെടെയുളള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് സാങ്കേതിക പരിജ്ഞാനവും സാമ്പത്തിക കുറ്റാന്വേഷണത്തില്‍ മുന്‍പരിചയവുമുളള ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍ക്കൊളളിച്ച്, ഇക്കണോമിക് ഒഫന്‍സസ് വിങ്ങിന് രൂപം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ജീവിതത്തിന് വിഘാതമാകുന്ന ഒന്നും ഇവിടെ സംഭവിക്കരുതെന്ന് സ്‌റ്റേറ്റ് പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെയുളള പോലീസ് ഏജന്‍സികള്‍ ഉറപ്പാക്കണമെന്നും ബോധപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കി, നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനുളള ശ്രമം അടുത്തിടെയായി കണ്ടുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സ്‌പെഷ്യല്‍ ബ്രാഞ്ച് സംവിധാനം നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments