Kerala

ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍: ഉത്തരവുകൾ മലയാളത്തിൽ തന്നെ വേണമെന്ന് നിർദ്ദേശം

ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍ തന്നെയാകണമെന്ന് സര്‍ക്കുലര്‍. ഉത്തരവുകളും കുറിപ്പുകളും കത്തിടപാടുകളുമെല്ലാം മലയാളത്തിലാകണമെന്നാണ് കര്‍ശന നിര്‍ദേശം. ഇംഗ്ലീഷും മറ്റുഭാഷകളും ഉപയോഗിക്കുന്നത് പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമായിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഭരണഭാഷ മലയാളമാണെന്ന് 2017ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പിലായിട്ടില്ല. ഉത്തരവുകളൊക്കെയുണ്ടെങ്കിലും വകുപ്പിലെ പല സെക്ഷനുകളും ഇപ്പോഴും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതും ഉത്തരവുകളിറക്കുന്നതും കത്തിടപാടുകള്‍ നടത്തുന്നതും ഇംഗ്ലീഷിലാണ്.

വിഷയം വീണ്ടും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിലെ ഔദ്യോഗികഭാഷ വിഭാഗം ശ്രദ്ധയില്‍ പെടുത്തിയതിനെത്തുടര്‍ന്നാണ് കര്‍ശന നിര്‍ദേശമെന്ന രീതിയില്‍ ധനവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

വകുപ്പില്‍ നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍, സര്‍ക്കുലറുകള്‍, അര്‍ധ ഔദ്യോഗിക കത്തുകള്‍, അനൗദ്യോഗിക കുറിപ്പ്, മറ്റ് കത്തിടപാടുകള്‍, റിപ്പോര്‍ട്ടുകള്‍, മറ്റ് വകുപ്പുകള്‍ക്കുള്ള മറുപടികള്‍ തുടങ്ങിയ എല്ലാത്തരം ആശയവിനിമയങ്ങളും മലയാളത്തില്‍ തന്നെയാകണമെന്നാണ് നിര്‍ദേശം.

കേന്ദ്രസര്‍ക്കാര്‍, ഇതര സംസ്ഥാനങ്ങള്‍, ഹൈക്കോടതി, സുപ്രീം കോടതി, മറ്റ് രാജ്യങ്ങള്‍, തമിഴ്, കന്നഡ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിട്ടുള്ള സാഹചര്യം, മറ്റ് ഭാഷാ ന്യൂനപക്ഷങ്ങളുമായുള്ള കത്തിടപാടുകള്‍, ഇംഗ്ലീഷ് തന്നെ ഉപയോഗിക്കണമെന്ന് വ്യവസ്ഥയുള്ള സംഗതികള്‍ എന്നീ എട്ട് സാഹചര്യങ്ങളില്‍ മാത്രമാണ് മലയാളം ഉപയോഗിക്കുന്നതില്‍ ഇളവ് ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button