ലണ്ടന്‍: യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാര്‍ട്ടറില്‍ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി റയല്‍ മാഡ്രിഡിനെ നേരിടും. ബയേണ്‍ മ്യൂണിക്കിന് വിയ്യാറയലാണ് എതിരാളികള്‍. രാത്രി 12.30നാണ് രണ്ട് മത്സരങ്ങളും. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ തോല്‍വിക്ക് പകരം വീട്ടാനാകും റയല്‍ ഇന്നിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍, സെമിയില്‍ റയലിനെ തോല്‍പിച്ചാണ് ചെല്‍സി ഫൈനലിലേക്ക് മുന്നേറിയത്.
പ്രീ ക്വാര്‍ട്ടറില്‍ ഫ്രഞ്ച് ക്ലബ് ലില്ലെയെ ഒന്നിനെതിരെ നാല് ഗോളിന് തോൽപിച്ചാണ് ചെല്‍സി ക്വാര്‍ട്ടറിലെത്തിയത്. എന്നാൽ, തകര്‍പ്പന്‍ ഫോമിലുള്ള കരീം ബെന്‍സേമയാവും ചെല്‍സിയുടെ പ്രധാന ആശങ്ക. വിനീഷ്യസ് ജൂനിയറും അസെന്‍സിയോയും ബെന്‍സേമയ്‌ക്കൊപ്പം മുന്നേറ്റനിരയിലെത്തും.
ടോണി ക്രൂസ്, ലൂക്ക മോഡ്രിച്ച്, കാസിമിറോ എന്നിവര്‍ അണിനിരക്കുന്ന റയല്‍ മധ്യനിര മികച്ച ഫോമിലാണ്. പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിക്കെതിരെ രണ്ട് ഗോളിന് പിന്നിട്ടുനിന്ന റയല്‍ ബെന്‍സേമയുടെ ഹാട്രിക് കരുത്തിലാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.
Read Also:- റിയൽമി പാഡ് മിനി വിപണിയിൽ അവതരിപ്പിച്ചു
അതേസമയം, യുവന്റസിനെ വീഴ്ത്തിയെത്തുന്ന വിയ്യാറയലിനെ മറികടക്കുക ബയേണ്‍ മ്യൂണിക്ക് അത്ര എളുപ്പമാവില്ല. സൂപ്പർ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ എങ്ങനെ പിടിച്ചുകെട്ടും എന്നതിനെ ആശ്രയിച്ചായിരിക്കും വിയ്യാറയലിന്റെ ഭാവി. ചാമ്പ്യൻസ് ലീഗില്‍ ഇതിന് മുന്‍പ് ഏറ്റുമുട്ടിയ രണ്ടുകളിയിലും ബയേണ്‍ വിയ്യാറയലിനെ തോല്‍പിച്ചിരുന്നു.
Post Your Comments