പത്തനംതിട്ട: സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്റ് പ്ലാന്‍, നിര്‍ദ്ദിഷ്‌ട പാത കടന്നുപോകുന്ന സ്വകാര്യഭൂമിയുടെ അളവ്, നിലവിലെ റെയില്‍വേ പാതകളില്‍ വരുന്ന ക്രോസിങ് വിവരങ്ങള്‍ എന്നിവ വിശദ പദ്ധതി രേഖയില്‍ (ഡി.പി.ആര്‍) ഇല്ലെന്ന് റെയില്‍വേ ബോര്‍ഡ്.
കെ റെയില്‍ സമര്‍പ്പിച്ച ഡി.പി.ആര്‍. അപൂര്‍ണ്ണമാണെന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയില്‍ ബോര്‍ഡ് അറിയിച്ചു.
ഡി.പി.ആറില്‍ അവശ്യം വേണ്ട പല സാങ്കേതിക കാര്യങ്ങളും ഒഴിവാക്കുകയോ മനഃപൂര്‍വം ചേര്‍ക്കാതിരിക്കുകയോ ചെയ്‌തിട്ടുണ്ട്. ഡി.പി.ആറിന്റെ കാതലായ ഭാഗമാണ് അലൈന്‍മെന്റ് പ്ലാന്‍. പാത കടന്നുപോകുന്ന സ്‌ഥലങ്ങളുടെ വിശദമായ വിവരങ്ങള്‍ വ്യക്‌തമാക്കണം.
ആകെ ആവശ്യമായ ഭൂമിയുടെ അളവിനൊപ്പം ഓരോ മേഖലയിലെയും വിശദാംശങ്ങളുണ്ടാകണം. മുറിച്ചുകടക്കേണ്ട റോഡുകള്‍, പുഴകള്‍, തോടുകള്‍, നിലങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ വേണം. അടിപ്പാതയ്‌ക്ക് ആവശ്യമായ താഴ്‌ച, അടിപ്പാതയുടെ നിര്‍മാണ രീതി, ഭൂമിയുടെ സ്വഭാവം എന്നിവയെല്ലാം അലൈന്‍മെന്റ് പ്ലാനില്‍ ചേര്‍ത്തിരിക്കണം.
പലയിടത്തും നിലവിലെ ലൈനുകളുടെയും സ്‌റ്റേഷനുകളുടെയും സ്‌ഥാനം ശരിയായി അടയാളപ്പെടുത്തിയിട്ടില്ല. പാളം ഉറപ്പിക്കാനുള്ള കോണ്‍ക്രീറ്റ് തിട്ട ഉണ്ടാക്കാവുന്ന പ്രശ്‌നങ്ങള്‍, ചെലവ് ഒരു ലക്ഷം കോടി കവിയുമെന്ന നീതി ആയോഗിന്റെ വിലയിരുത്തല്‍ എന്നിവയെല്ലാം ബോര്‍ഡും ചൂണ്ടിക്കാട്ടുന്നു. സില്‍വര്‍ ലൈന്‍ വരുന്നതുമൂലം ദക്ഷിണ റെയില്‍വേയ്‌ക്ക് ഉണ്ടായേക്കാവുന്ന നഷ്‌ടം, അര്‍ദ്ധ അതിവേഗ പാതയ്‌ക്കു കേരളത്തിലെ സാധ്യത എന്നിവ പഠിച്ച് അറിയിക്കാന്‍ റെയില്‍വേ ഉദ്യോഗസ്‌ഥരോടു ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.
സാങ്കേതിക, സാമ്പത്തിക സാധ്യതകള്‍ വിലയിരുത്തി മാത്രമേ പദ്ധതിക്ക് അനുമതി പരിഗണിക്കുകയുള്ളൂവെന്നും റെയില്‍വേ ബോര്‍ഡ് വ്യക്‌തമാക്കി. ഡി.പി.ആറിലെ അലൈന്‍മെന്റ് പൂര്‍ണ്ണമല്ലെന്നും പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം, പദ്ധതിച്ചെലവ് കണക്കാക്കല്‍ എന്നിവയില്‍ അപാകതയുണ്ടെന്നുമുള്ള വിമര്‍ശനം ശരിവയ്‌ക്കുന്നതാണ് ബോര്‍ഡിന്റെ മറുപടി. 1000 കോടിക്കു മുകളില്‍ ചെലവുള്ള പദ്ധതിയായതിനാല്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയുടെ അനുമതി വേണ്ടിവരും.
നിര്‍ദ്ദിഷ്‌ട പാതയ്‌ക്കു സമീപം 2500 ഏക്കറോളം ഭൂമിയില്‍ വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന കാര്യം കെ റെയില്‍ അറിയിച്ചിട്ടില്ല. പദ്ധതിക്ക് അനുമതി കിട്ടിയാല്‍ മാത്രമേ അത്തരം കാര്യങ്ങള്‍ ചെയ്യാനാകൂ എന്നു ഡെപ്യൂട്ടി ഡയറക്‌ടര്‍ (പ്രോജക്‌ട്‌സ്) അറിയിച്ചു.
അതേസമയം, ഡി.പി.ആറില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നു തങ്ങളെ അറിയിച്ചിട്ടില്ലെന്ന് കെ റെയില്‍ എം.ഡി. വി.അജിത് കുമാര്‍ പറഞ്ഞു. ബോര്‍ഡ് ആവശ്യപ്പെടുന്ന എല്ലാ രേഖകളും നല്‍കും. ഭൂമിയുടെ വിവരങ്ങളാണു ബോര്‍ഡ് ആവശ്യപ്പെട്ടത്. അത് സര്‍വേകളും പഠനങ്ങളും നടത്തിയ ശേഷം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments