ErnakulamKeralaNattuvarthaLatest NewsNewsCrime

ചേട്ടനെ കൊന്ന് കുഴിച്ചുമൂടി, ശേഷം തേടി നടന്നു: കരച്ചിൽ നാടകവും, സാബുവിന്റെ ക്രൂര മുഖം കണ്ട് ഞെട്ടി നാട്ടുകാർ

തൃശൂര്‍: ചേര്‍പ്പില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ കൊലപ്പെടുത്തി ആരുമറിയാതെ കുഴിച്ചിട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ചേര്‍പ്പ് മുത്തുള്ളിയാല്‍ തോപ്പ് കൊട്ടേക്കാട്ട് പറമ്പില്‍ പരേതനായ ജോയിയുടെ മകന്‍ ബാബു (27) ആണ് കൊല്ലപ്പെട്ടത്. കേസില്‍ അനുജന്‍ സാബു(25) വിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാർക്കൊക്കെ കൊല്ലപ്പെട്ട ബാബുവിന്റെ മദ്യപാനത്തെ കുറിച്ച് അറിയാമായിരുന്നുവെങ്കിലും അനിയൻ ഇത്രയും വലിയ ഒരു ക്രൂരത ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല.

വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കാറുള്ള ബാബുവുമായി സാബു അത്ര രസത്തിലായിരുന്നില്ല. സംഭവ ദിവസവും ബാബു മദ്യപിച്ചെത്തി. അനിയനുമായി വഴക്കായി. വഴക്കിനിടയിൽ സാബു ചേട്ടന്റെ കഴുത്തുഞെരിച്ച് പിടിച്ചു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ശേഷം, മൃതദേഹം വീടിന്റെ തൊട്ടടുത്തുള്ള പാടത്തെ ബണ്ടില്‍ കുഴിച്ചിട്ടു. കൊലപാതകത്തിന് ശേഷവും സാബുവിന്റെ സ്വഭാവത്തിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. ചേട്ടനെ കാണുന്നില്ലെന്ന് സാബു പറഞ്ഞുപരത്തി. ഒരാഴ്ചയോളം ബാബുവിന് വേണ്ടി നാട്ടുകാരും പോലീസും തിരഞ്ഞു നടന്നു. കൂട്ടത്തിൽ സാബുവും ഉണ്ടായിരുന്നു.

Also Read:റാഗിങ് പരാതികൾക്ക് പിന്നാലെ വാർഡന്മാരുടെ കൂട്ടരാജിയും: അച്ചടക്കലംഘനങ്ങളുടെ പേരിൽ പ്രശസ്തമായി കോഴിക്കോട് മെഡിക്കൽ കോളേജ്

ഇതിനിടെ, കഴിഞ്ഞ ദിവസം പ്രദേശവാസി പശുവിനെ തീറ്റിക്കാൻ പോകുന്നതിനിടയില്‍ ബണ്ടിന് സമീപത്ത് തെരുവു നായ്ക്കള്‍ കുഴിക്കുന്നത് കണ്ടു. വല്ല എല്ലിൻ കഷ്ണത്തിനും വേണ്ടിയായിരിക്കുമെന്ന് കരുതി ഇയാൾ അത് കാര്യമാക്കിയില്ല. എന്നാൽ, പിറ്റേദിവസം അതിലെ പോകുമ്പോൾ നായ്ക്കള്‍ കുഴിച്ച ഭാഗം മണ്ണിട്ട് മൂടി പഴയപടിയായത് പ്രദേശവാസി ശ്രദ്ധിച്ചു. സംശയം തോന്നിയതോടെ കൈക്കോട്ട് ഉപയോഗിച്ച് മണ്ണുമാറ്റി. കുഴിയിൽ എന്തോ മറവ് ചെയ്തിട്ടുണ്ടെന്ന് ബോധ്യമായതോടെ പോലീസിനെ വിവരമറിയിച്ചു.

കുഴിയിൽ നിന്നും മൃതദേഹം പുറത്തെടുത്തു. ബാബുവിന്‍റെ കൈകളില്‍ പച്ച കുത്തിയത് മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചു. നാട്ടുകാർക്കിടയിൽ സാബുവും ഉണ്ടായിരുന്നു. ബാബുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞതോടെ സാബു മുഖംപൊത്തി കരയുകയായിരുന്നു. സാബുവിന്റെ അഭിനയം കണ്ടാൽ അയാളാണ് കൊലപാതകിയെന്ന് ആരും പറയില്ലെന്ന് നാട്ടുകാർ പറയുന്നു. കേസില്‍ പങ്കുണ്ടെന്ന് കരുതുന്ന അമ്മ പദ്മാവതി ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെയും ഉടൻ തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button