കണ്ണൂർ: സംസ്ഥാനത്ത് കെ റെയിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെ, കെ റെയിലിനെതിരെ പ്രതിഷേധിക്കുന്നവരെ പരിഹസിച്ചും വിമർശിച്ചും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കാര്യങ്ങൾ ഒന്നും അറിയാതെയാണ് കോൺഗ്രസ് അടക്കമുള്ളവർ പ്രതിഷേധിക്കുന്നതെന്നും പദ്ധതിക്കായി എല്ലായിടത്തെയും ഭൂമി ഏറ്റെടുക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. കല്ലായി മുതൽ എലത്തൂർ വരെ ഭൂമി ഏറ്റെടുക്കില്ല എന്നും ഇവിടെ കെ റെയിൽ പോകുന്നത് ഭൂമിക്ക് അടിയിലൂടെയാണെന്നുമാണ് കോടിയേരി പറയുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നുണ്ട്.
ഏതായാലും കോടിയേരിയുടെ പ്രസ്താവന ട്രോളർമാരും ഏറ്റെടുത്തുകഴിഞ്ഞു. കല്ലായി മുതൽ എലത്തൂർ വരെ ഭൂമി ഏറ്റെടുക്കില്ലെന്ന് പറയുമ്പോൾ ഇവിടെയുള്ളവർക്ക് ഭൂമി വിട്ടുകൊടുക്കേണ്ടതായോ വീട് ഒഴിയേണ്ടതായോ വരില്ല എന്നാണ് സാരം. എന്നാൽ, ഭൂമിക്കടിയിലൂടെ കെ റെയിൽ പാത പോകുമെന്ന് കോടിയേരി വ്യക്തമാക്കുമ്പോൾ അതെങ്ങനെ എന്ന സംശയമാണ് ജനം ഉന്നയിക്കുന്നത്. നിർമ്മാണം നടക്കുമ്പോഴും ഹൈ സ്പീഡ് ട്രെയിനുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുമ്പോഴും തുരങ്കത്തിന് മുകളിലുള്ള കെട്ടിടങ്ങളും കിണറും കുളവും തോടും അതേപടി അവിടെ തന്നെ ഉണ്ടാകും എന്നാണോ കോടിയേരി സഖാവ് പറയുന്നതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. കെ റെയിൽ. തൊരപ്പൻ റെയിൽ ആയി പരിണമിച്ചോ എന്ന് പരിഹസിക്കുന്നവരും ഉണ്ട്.
ഭൂമിക്കടിയിലൂടെ പാത തുറക്കാൻ സാധ്യത ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് ശോഭാ സിറ്റിയുടെയും ഹയാത്തിന്റെയും അവിടെ വളഞ്ഞു പോകുന്നത് എന്നും ഇവിടെയും ഭൂമിക്കടിയിലൂടെ പോയാൽ പോരെ എന്ന സംശയവും ചിലർ ഉന്നയിക്കുന്നു. ‘അവസാനം, ഭൂമി ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമസ്ഥൻ കാശു ചോദിക്കുമ്പോൾ.. അതൊക്കെ ‘കല്ലായി’ എന്ന് പറയും. കല്ലായി പുഴയിലൂടെ തുരങ്കപാതയാണോ ഇവർ ഉദ്ദേശിക്കുന്നത്? എലത്തൂരിൽ എലത്തൂർ പുഴയും ഉണ്ട്. ഇവർ പറയുന്നത് എന്താണെന്ന് ഇവർക്ക് തന്നെ മനസിലാകുന്നില്ലല്ലോ’, ഇത്തരത്തിൽ പോകുന്നു സംശയങ്ങളും പരിഹാസങ്ങളും.
Post Your Comments