തിരുവനന്തപുരം: സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച ആറ് മാസം പ്രായമുള്ള ഇമ്രാന്റെ ചികിത്സക്കായി ലഭിച്ച തുക, ചികിത്സാ സഹായസമിതി സംസ്ഥാന സര്‍ക്കാര്‍ ഫണ്ടിലേക്ക് നല്‍കി. കുളങ്ങരത്തൊടി ആരിഫിന്റെ മകനായിരുന്നു ആറുമാസം പ്രായമായിരുന്ന ഇമ്രാന്‍. 18 കോടി രൂപ ചെലവ് വരുന്ന മരുന്ന്, അമേരിക്കയില്‍നിന്ന് വരുത്തി ചികിത്സിച്ചാല്‍ രോഗം മാറ്റാനാകുമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ്, പണത്തിനായി സമൂഹ സമാഹരണം നടത്തിയത്.
മഞ്ഞളാംകുഴി അലി എംഎല്‍എ ചെയര്‍മാനായി ഇമ്രാന്‍ ചികിത്സാ സഹായസമിതി രൂപീകരിച്ച് ധനസമാഹരണത്തിന് മുന്നിട്ടിറങ്ങി. 16.60 കോടി രൂപയോളം ബാങ്ക് അക്കൗണ്ടില്‍ എത്തിയെങ്കിലും മരുന്നെത്തിക്കുന്നതിന് മുമ്പേ ഇമ്രാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണത്തിന് കീഴടങ്ങി. ലഭിച്ച സഹായത്തില്‍നിന്ന് പണമൊന്നും ഉപയോഗിക്കേണ്ടി വന്നില്ല.
സംഖ്യ വിനിയോഗവുമായി ബന്ധപ്പെട്ട് ചികിത്സാ സഹായസമിതി, മൂന്ന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന്, സമാന രോഗം ബാധിച്ച മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ക്ക്, ഈ പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍, തുക സര്‍ക്കാറിലേക്ക് നല്‍കണമെന്ന നിര്‍ദ്ദേശമാണ് കോടതിയില്‍ നിന്നുണ്ടായത്. തുടര്‍ന്ന്, അക്കൗണ്ടില്‍ ലഭിച്ച 16.60 കോടി രൂപയും പലിശയിനത്തില്‍ വന്ന 43.60 ലക്ഷം രൂപയും ചേര്‍ത്ത് 17.04 കോടി രൂപ സമിതി സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തു.
Post Your Comments