കൊച്ചി: സ്പൈനൽ മസ്കുലാർ അട്രോഫി അഥവാ എസ്എംഎ എന്ന അപൂർവരോഗം ബാധിച്ച് മരിച്ച കൊച്ചിക്കോട് സ്വദേശി കുഞ്ഞു ഇമ്രാന്റെ ചികിത്സയ്ക്കായി പിരിച്ച പണം അത് നൽകിയവർക്ക് തന്നെ തിരിച്ച് കൊടുക്കാനാണ് ആഗ്രഹമെന്ന് ഇമ്രാന്റെ പിതാവ് വ്യക്തമാക്കുന്നു. 16 കോടി 26 ലക്ഷത്തി 66482.46 രൂപയാണ് ഇമ്രാന്റെ മരുന്നിനായി പിരിഞ്ഞ് കിട്ടിയത്. ഇമ്രാന്റ അച്ഛൻ ആരിഫ് ആണ് കണക്കുകൾ വ്യക്തമാക്കിയത്. പണം നൽകിയവരുടെ അക്കൗണ്ടുകളിലേക്ക് തന്നെ അവർ അയച്ച തുക തിരിച്ച് നൽകണം എന്നാണു തന്റെ തീരുമാനമെങ്കിലും ഇക്കാര്യത്തിൽ ചികിത്സ സഹായ സമിതി യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കും എന്നും ആരിഫ് പറഞ്ഞു.
‘എല്ലാവർക്കും അറിയാൻ ഉള്ളത് ഈ തുക എന്താണ് ചെയ്യുന്നത് എന്നാണ്. ഇമ്രാൻ പോയല്ലോ… തുക വന്ന അക്കൗണ്ടുകളിലേക്ക് തിരിച്ച് കൊടുക്കാം എന്ന് ആണ് എന്റെ അഭിപ്രായം..അത് ഇവൻ ഇവിടെ ഇല്ല, ഇവന് വേണ്ടി സ്വരൂപിച്ച പൈസ ആണ്..അത് ഉപയോഗിക്കാൻ കഴിഞ്ഞില്ല.അന്തിമ തീരുമാനം ചികിത്സ സഹായ കമ്മിറ്റി തീരുമാനിക്കും’, ആരിഫ് പറയുന്നു.
പിരിഞ്ഞു കിട്ടിയ തുക എന്തുചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചിരുന്നു. കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച പണം എന്ത് ചെയ്തു എന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്. ഇമ്രാന്റെ ചികിത്സയ്ക്കായി പിരിച്ച പണം ഉപയോഗിച്ച് മറ്റ് മറ്റു കുട്ടികൾക്ക് ചികിത്സ നടത്താൻ സാധിക്കില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. അപൂര്‍വ്വരോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതി പരാമര്‍ശം.
കുഞ്ഞ് ജനിച്ചത് മുതൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇമ്രാനായി ക്രൗഡ് ഫണ്ടിങ്ങിലൂടെ 15 കോടിയിലധികം രൂപ സമാഹരിച്ചിരുന്നു. ഹൃദയ സ്തംഭനത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇമ്രാൻ മരിച്ചത്. ആരിഫിൻ്റെ മൂന്നാമത്തെ കുഞ്ഞ് ആയിരുന്നു ഇമ്രാൻ. രണ്ടാമത്തെ പെൺകുട്ടി ലിയാന ഇതേ രോഗം ബാധിച്ച് ജനിച്ച് 72 ദിവസം കഴിഞ്ഞപ്പോൾ മരിച്ചിരുന്നു. ഇമ്രാനെ രക്ഷിക്കാനുള്ള പരിശ്രമത്തിൽ ആയിരുന്നു ആരിഫ്.
Post Your Comments