കൊച്ചി: കോഴിക്കോട് സ്വദേശിയായ സ്പൈനൽ മസ്കുലാർ അട്രോഫി അഥവാ എസ്എംഎ എന്ന അപൂർവരോഗം ബാധിച്ച് മരിച്ച കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച 15 കോടി രൂപ എന്ത് ചെയ്തുവെന്ന് ഹൈക്കോടതി. കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച പണം എന്ത് ചെയ്തു എന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്.
കോഴിക്കോട് സ്വദേശിയായ ആറുമാസം പ്രായമുളള ഇമ്രാൻ മുഹമ്മദ് എന്ന കുട്ടിക്ക് വേണ്ടിയായിരുന്നു പതിനഞ്ച് കോടി പിരിച്ചത്. എന്നാല്‍ ചികിത്സ തേടുന്നതിന് മുൻപേ കഴിഞ്ഞ ദിവസം കുട്ടി മരിച്ചിരുന്നു. ഇതോടെയാണ് കോടതി പിരിച്ചെടുത്ത പണത്തിന്റെ കാര്യത്തിൽ എന്ത് തീരുമാനമാണ് ഉണ്ടാവുക എന്ന് ചോദിച്ചത്. ഈ കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച പണം ഉപയോഗിച്ച് മറ്റ് മറ്റു കുട്ടികൾക്ക് ചികിത്സ നടത്താൻ സാധിക്കില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. അപൂര്‍വ്വരോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി പരാമര്‍ശം.
കുഞ്ഞ് ജനിച്ചത് മുതൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇമ്രാനായി ക്രൗഡ് ഫണ്ടിങ്ങിലൂടെ 15 കോടിയിലധികം രൂപ സമാഹരിച്ചിരുന്നു. ഹൃദയ സ്തംഭനത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇമ്രാൻ മരിച്ചത്.
Post Your Comments