കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി എന്ന് തന്നെ പറയാം. ശ്രീലങ്കയിൽ ക്ഷയിച്ചുകൊണ്ടിരുന്ന വിദേശനാണ്യ ശേഖരം കോവിഡിന്റെ വരവോട് കൂടി കുറച്ച് കൂടി വലുതായി. കോവിഡിന് പിന്നാലെ, സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി മാറുകയായിരുന്നു. വിദേശനാണ്യ ശേഖരം കൂപ്പുകുത്തിയതാണ് ശ്രീലങ്കയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. ആവശ്യമായ സാധനങ്ങൾ കിട്ടാതാവുകയും വിദേശ കടം വീട്ടാൻ കഴിയാതെയും വന്നതോടെ ലങ്കൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു.
ലങ്കൻ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തിയിരുന്ന ടൂറിസം, കൃഷി, വാണിജ്യം തുടങ്ങിയ എല്ലാ മേഖലകളിലും പ്രതിസന്ധി രൂക്ഷമായി. തനിച്ച് തിരികെ കയറാൻ കഴിയാത്ത വിധം ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങി ശ്വാസംമുട്ടി. കഴിഞ്ഞ നവംബർ മുതൽ ആണ് പ്രശ്നം രൂക്ഷമായത്. വിദേശ കടം വീട്ടാൻ കഴിയാതെ വന്നതോടെ, മുന്നോട്ടുള്ള പോക്ക് ലങ്കയ്ക്ക് ബുദ്ധിമുട്ടായി മാറി.
പെട്രോൾ മുതൽ കടലാസിന് വരെ വൻ ക്ഷാമമാണ് രണ്ടേകാൽ കോടി മാത്രം ജനസംഖ്യയുള്ള ഈ കൊച്ചു രാജ്യത്ത് ഇപ്പോഴുള്ളത്. വിദേശനാണ്യ ലഭ്യത കുറഞ്ഞതിനെ തുടർന്ന്, അച്ചടി സ്ഥാപനങ്ങൾക്ക് കടലാസും മഷിയും ഇറക്കുമതി ചെയ്യാനാകുന്നില്ലെന്ന് പടഞ്ഞാറൻ പ്രവിശ്യയിലെ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഇതോടെ, ഇവിടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകൾ മാറ്റിവെച്ചിരിക്കുകയാണ്. രാജ്യത്ത് ഇന്ധനക്ഷാമവും രൂക്ഷമായി. ഇതോടെ, ദിവസവും പവർകട്ട് ആയി. ഭക്ഷണം മുതൽ മരുന്നുകൾ വരെയുള്ള അവശ്യസാധനങ്ങൾ കിട്ടാതെയായി.
700 കോടി ഡോളറാണ് (50,000 കോടി ഇന്ത്യൻ രൂപ) ഇപ്പോൾ ലങ്കയുടെ വിദേശകടം. ഇതു വീട്ടാൻ അന്താരാഷ്ട്ര നാണയനിധിയിൽ നിന്ന് 700 കോടി ഡോളർ വായ്പ ആവശ്യപ്പെട്ട ലങ്കയ്ക്ക്, ഇന്ത്യ 100 കോടി നൽകാമെന്നേറ്റു. ഇന്ധനം വാങ്ങാൻ 50 കോടി ഡോളറും സാർക്ക് കറൻസി സഹകരണത്തിന്റെ ഭാഗമായി 40 കോടി ഡോളറും മുൻപ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ്, ഇപ്പോഴത്തെ 100 വാഗ്ദാനം. ഇതോടെ, മൊത്തം 241.5 കോടി ഡോളറാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകുന്നത്. കൂടാതെ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ രണ്ടു മാസത്തെ ക്രെഡിറ്റിൽ 40,000 ടൺ ഇന്ധനവും നൽകി. ടൂറിസം, ഊർജ്ജ മേഖലകളിൽ സഹകരണവും വിവിധ മേഖലകളിൽ നിക്ഷേപാവും നടത്തുമെന്ന് ഇന്ത്യ ശ്രീലങ്കയെ അറിയിച്ചു.
ചങ്കായി കൂടെ നിന്ന ചൈനയും റഷ്യയും കൈയൊഴിഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യ, ശ്രീലങ്കയ്ക്കായി കൈയയച്ച് സഹായം ചെയ്യുന്നത് എന്നതും ശ്രദ്ധേയം. നിലവിൽ ശ്രീലങ്കയ്‌ക്കുള്ള വിദേശ കടത്തിൽ 10 ശതമാനം ചൈനയിൽ നിന്നുള്ളതാണ്. വായ്പ പുനക്രമീകരിക്കുന്നത് ഉൾപ്പെടെ ആനുകൂല്യങ്ങൾ നൽകാൻ ചൈന വിസമ്മതിച്ചു. റഷ്യയും സമാന നിലപാട് തന്നെയാണ് വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നത്. ഉക്രെയ്‌നിലെ റഷ്യയുടെ യുദ്ധവും ശ്രീലങ്കയെ കാര്യമായി ബാധിച്ചു. പ്രതിസന്ധിയിൽ ചൈനയും റഷ്യയും കൈവിട്ടതോടെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് ശ്രീലങ്ക സഹായം അഭ്യർത്ഥിച്ചത്.
Post Your Comments