കൊച്ചി: മലയാള സിനിമയിലെ അഭിനയ ചക്രവർത്തി ജഗതി ശ്രീകുമാർ അപകടത്തിന് ശേഷം ആദ്യമായി ക്യാമറായ്ക്ക് മുമ്പിൽ വന്ന ‘തീമഴ തേൻ മഴ’ എന്ന ചിത്രം പൂർത്തിയായി. ചിത്രം ഉടൻ തീയേറ്ററിലെത്തും. പ്രശസ്ത സംവിധായകൻ കുഞ്ഞുമോൻ താഹ, സെവൻ ബേഡ്സിൻ്റെ ബാനറിൽ കഥ എഴുതി സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ കറുവാച്ചൻ എന്ന വിളിപ്പേരുള്ള കറിയാച്ചൻ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ജഗതിശ്രീകമാർ അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നത്. ജഗതി ഉൾപ്പെടുന്ന രംഗങ്ങൾ അദ്ദേഹത്തിന്റെ ഭവനത്തിൽ വെച്ചാണ്, സംവിധായകൻ ചിത്രീകരിച്ചത്.
രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചൻ എന്ന കഥാപാത്രത്തിൻ്റെ പിതാവാണ്, ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന കറിയാച്ചൻ. ഒരു കാലത്ത് നാടിനെ കിടുകിടാ വിറപ്പിച്ച ആളായിരുന്നു കറിയാച്ചൻ. തൻ്റെ കുടുംബവും, മറ്റൊരു കുടുംബവും തമ്മിലുള്ള കുടിപ്പക, കറിയാച്ചനെ വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാർ തൻ്റെ കുടുംബമാണെന്ന് തിരിച്ചറിഞ്ഞ കറിയാച്ചൻ, അതിനെതിരെ പ്രതികരിക്കാൻ ശ്രമിക്കുന്നു.
ജഗതി ശ്രീകുമാർ, കോബ്രാ രാജേഷ്, മാള ബാലകൃഷ്ണൻ, പി.ജെ.ഉണ്ണികൃഷ്ണൻ, സൂരജ് സാജൻ, ആദർശ്, ലക്ഷ്മി പ്രിയ, സ്നേഹ അനിൽ, ലക്ഷ്മി അശോകൻ, സെയ്ഫുദീൻ, ഡോ.മായ, സജിപതി, കബീർദാസ് ,ഷറഫ് ഓയൂർ, അശോകൻ ശക്തികുളങ്ങര, കണ്ണൻ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം അയിരൂർ, രാജേഷ് പിള്ള, സുരേഷ് പുതുവയൽ, ബദർ കൊല്ലം, ഉണ്ണിസ്വാമി, പുഷ്പ, ലതിക, ബേബി സ്നേഹ, ബേബി പാർവ്വതി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
ശരീരഭാഷ കൊണ്ടും, ആത്മഗതത്തിലൂടെയും, ശക്തമായി കറിയാച്ചനെ ജഗതി ശ്രീകുമാർ അവതരിപ്പിച്ചുവെന്നും, ജഗതിയെ ‘തീമഴതേൻമഴ’യിലെ പ്രധാന കഥാപാത്രമായി അഭിനയിപ്പിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും, സംവിധായകൻ കുഞ്ഞുമോൻ താഹ പറഞ്ഞു.
വ്യത്യസ്തമായ ഒരു പ്രമേയവുമായെത്തുന്ന തീമഴ തേൻ മഴ, കൊല്ലം, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി ഉടൻ തീയേറ്ററിലെത്തും.
Post Your Comments