പത്തനംതിട്ട : കടയിലെ ജീവനക്കാരനെ കടയ്ക്കുള്ളില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ മൂന്നുപേർ അറസ്റ്റിൽ. മെഴുവേലി രാമഞ്ചിറയിലുള്ള ആദിത്യാ സ്റ്റോര്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ രാമഞ്ചിറ തണ്ണിക്കല്‍ സുനുവിനെ മര്‍ദ്ദിച്ച കേസിലെ പ്രതികളായ മെഴുവേലി രാമഞ്ചിറ ആലുമ്മൂട്ടില്‍ വീട്ടില്‍ ദാമുക്കുട്ടന് (37), ചെന്നീര്‍ക്കര പ്രക്കാനം സ്വദേശി ബിനു കെ.എ(സദു) (40), ഏറത്ത് കൈതപ്പറമ്പ് കിഴക്കുപുറം സ്വദേശി കുമാര്‍ (28) എന്നിവരാണ് അറസ്റ്റിലായത്. ഇലവുംതിട്ട പൊലീസാണ് അറസ്റ്റു ചെയ്തത്.
പരിക്കേറ്റ സുനു ജോലി ചെയ്യുന്ന കടയുടെ ഉടമസ്ഥനോട് ഒന്നാം പ്രതി മൂന്നുമാസം മുമ്പ് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന്, മറ്റ് രണ്ടു പേരും ചേര്‍ന്ന് സുനുവിന്റെ കടയില്‍ അതിക്രമിച്ചു കയറി മര്‍ദ്ദിക്കുകയായിരുന്നു. കമ്പിവടി കൊണ്ടുള്ള ഒന്നാം പ്രതിയുടെ അടിയേറ്റ് ഇടതു കൈത്തണ്ടയ്ക്ക് പരിക്ക് പറ്റി താഴെ വീണ സുനുവിനെ മൂവരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
Read Also : റിഫ മെഹ്നുവിന്റെ മരണത്തിൽ ദുരൂഹത: അന്വേഷണം ആവശ്യപ്പെട്ട് പിതാവ്
സംഭവശേഷം ഒളിവിലായിരുന്ന പ്രതികളെ ഇലവുംതിട്ട പൊലീസ് ഇന്‍സ്പെക്ടര്‍ ബി.അയൂബ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം രാമഞ്ചിറയിലെ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്. എസ്.ഐ മാരായ ശ്രീകുമാര്‍, സത്യദാസ്, മാത്യു കെ.ജോര്‍ജ്ജ്, അശോക് കുമാര്‍, വിനോദ് കുമാര്‍, എസ്.സി.പി.ഒ മാരായ സന്തോഷ് കുമാര്‍, ബിനോയ് തോമസ്, സി.പി ഓമാരായ അനൂപ്, അന്‍വര്‍ഷാ, ശ്രീജിത്ത്, ശ്യാംകുമാര്‍, പ്രശാന്ത്, രമ്യത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments