തൃശൂർ: മുൻ ജീവനക്കാരൻ നടുറോഡിൽ വെട്ടി പരിക്കേൽപ്പിച്ച വനിതാ വ്യാപാരി മരിച്ച സംഭവത്തിൽ, കൂടുതൽ വിവരങ്ങൾ പുറത്ത്. കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശിനി റിൻസിയെ (30) ആണ് ജീവനക്കാരൻ റിയാസ് കൊലപ്പെടുത്തിയത്. വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന യുവതി ഇന്ന് രാവിലെയാണ് മരിച്ചത്. ശരീരത്തിൽ 30 വെട്ടുകളേറ്റ പാടുകളുണ്ട്.
വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. കടയടച്ച് വീട്ടിലേക്ക് പോകും വഴി കൊടുങ്ങല്ലൂൽ ഏറിയാട് വച്ച് തടഞ്ഞുനിർത്തി റിയാസ് യുവതിയെ വെട്ടുകയായിരുന്നു. കൈയ്ക്കും തലയ്ക്കും മറ്റും പരിക്കേറ്റ റിൻസിയെ കൊടുങ്ങല്ലൂർ ചന്തപ്പുര എ.ആർ. മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ, അക്രമി രക്ഷപ്പെടുകയായിരുന്നു. യുവതിയെ ആക്രമിച്ച പ്രതി റിയാസ് ഒളിവിലാണ്.
ഇയാൾക്കെതിരെ, യുവതി നേരത്തേ പരാതി നൽകിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്നാണ്, പൊലീസിന്റെ കണ്ടെത്തൽ. എറിയാട് കേരള വർമ്മ സ്‌ക്കൂളിന് സമീപമുള്ള വസ്ത്രാലയം അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പെടുന്നനെ അക്രമം നടത്തുകയായിരുന്നു. അതുവഴി വന്ന, ബൈക്ക് യാത്രികർ ബഹളം വെച്ചതിനെ തുടർന്ന് റിയാസ് സ്ഥലംവിട്ടു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Leave a Comment