ആലപ്പുഴ: കുമാരപുരത്ത് ലഹരിമാഫിയക്കാരുടെ കുത്തേറ്റ് മരിച്ച ശരത് ചന്ദ്രന്റെ വേർപാട് വിശ്വസിക്കാനാകാതെ കുടുംബം. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സിവിൽ എൻജിനിയറിങ് ഡിപ്ലോമ കഴിഞ്ഞിറങ്ങിയ ശരത്തിന് രണ്ട് ആഗ്രഹമായിരുന്നു ഉണ്ടായിരുന്നത്. ഒന്ന്, വീട് വെയ്ക്കുക. രണ്ട്, സൈന്യത്തിൽ ചേരുക. സൈന്യത്തിൽ ചേരാനുള്ള ആഗ്രഹം ശരത്തിനെ പലയിടങ്ങളിലായി നടന്ന റിക്രൂട്ട്‌മെന്റ് റാലികളിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചു. എന്നാൽ, വിജയിച്ചിരുന്നില്ല. സൈന്യമെന്ന സ്വപ്നം ശരത് എപ്പോഴും മനസ്സിൽ സൂക്ഷിച്ചിരുന്നു.
മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ്. പലകയടിച്ച ചുമര്. അധികം സൗകര്യങ്ങളോ സംവിധാനങ്ങളോ ഒന്നുമില്ലാത്ത ഒറ്റമുറിയും അതിനോട് ചേർന്ന് ഒരു ചെറിയ അടുക്കളയും. ഇതാണ്, ശരത്തിന്റെ വീട്. ഒറ്റമുറി വീടിന്റെ വലിയ പ്രതീക്ഷയായിരുന്നു ശരത്. അച്ഛനും അമ്മയും ഇളയസഹോദരനും ഒപ്പമായിരുന്നു ശരത് തന്റെ കൊച്ചുവീട്ടിൽ കഴിഞ്ഞിരുന്നത്. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധുമുട്ടുകൾക്കിടയിലും ശരത് പഠിച്ച് സിവിൽ എൻജിനിയറിങ് ഡിപ്ലോമ പാസായി. കുടുംബത്തെ നോക്കുക, വീട് പണിയുക എന്ന ലക്ഷ്യമായിരുന്നു ശരത്തിന് ഉണ്ടായിരുന്നത്.
Also Read:വണ്‍പ്ലസിന്റെ നോര്‍ഡ് സിഇ2 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
തൃക്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്ത് ഇവർക്ക് വീടനുവദിച്ചിരുന്നു. എന്നാൽ, വീട്ടിലേക്ക് സാധനങ്ങളെത്തിക്കാൻ വഴിയില്ലാത്തതിനാൽ ഇതിനായി ഏറെ പണം ചെലവായി. സിമന്റ്കട്ട കെട്ടിനിർത്തിയിരിക്കുന്ന വീടിന് ഷീറ്റുകൊണ്ട് മേൽക്കൂരയിടാനുള്ള ജോലി അടുത്തിടെ തുടങ്ങിയിരുന്നു. ഇത് പൂർത്തിയാക്കുന്നത് കാണാൻ ശരത് ഇനി ആ വീട്ടിലില്ല. ബുധനാഴ്ച രാത്രിയാണ് അക്രമികളുടെ കുത്തേറ്റ് ഒരു കുടുംബത്തിന്റെ അത്താണി ആയിരുന്ന ശരത് മരണപ്പെടുന്നത്.
ശരത്തിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലാക്കിയെന്നാണ് സുഹൃത്തുക്കൾ വീട്ടുകാരെ വിളിച്ച് പറഞ്ഞത്. ബുധനാഴ്ച രാത്രി കുത്തേറ്റെങ്കിലും വ്യാഴാഴ്ച പുലർച്ചേയാണു വിവരം വീട്ടുകാർ അറിയുന്നത്. നേരം പുലർന്നപ്പോഴേക്കും ബന്ധുക്കളും നാട്ടുകാരും ബി.ജെ.പി.- ആർ.എസ്.എസ്. പ്രവർത്തകരും വീട്ടിലേക്ക് വന്നുതുടങ്ങി. മരണവിവരം വീട്ടുകാർ ഉറപ്പിക്കുന്നത് അങ്ങനെയായിരുന്നു. മകനെ ജീവനോടെ കാണാനാകില്ലെന്ന തിരിച്ചറിവ് അമ്മ സുനിതയെ തളർത്തി. ഇനിയെന്ത് ചെയ്യുമെന്ന് അറിയില്ലെന്ന് പറഞ്ഞ് അച്ഛൻ ചന്ദ്രൻ ഇളയമകൻ ശംഭുവിനെ കെട്ടിപ്പിടിച്ച് അലമുറയിടുകയാണ്.
Also Read:ആർ.എസ്.എസിന്റെ അന്ത്യം കുറിക്കാതെ പോപ്പുലർ ഫ്രണ്ടിന് വിശ്രമമില്ല: കരമന അഷ്‌റഫ് മൗലവി
ശരത് ചന്ദ്രൻ നേരത്തെ പ്രദേശത്തെ ആർ.എസ്.എസ്. ശാഖയുടെ മുഖ്യശിക്ഷകനായിരുന്നു. ഇപ്പോൾ ബി.ജെ.പി.യുടെയും സേവാഭാരതിയുടെയും പ്രവർത്തകനാണ്. അടുത്തിടെ പ്രദേശത്ത് സൗജന്യ വൈദ്യപരിശോധനാ ക്യാമ്പിനും ശരത് മേൽനോട്ടം വഹിച്ചിരുന്നു. കഞ്ചാവു വിൽപ്പനയുമായി ബന്ധമുള്ളവർ നാട്ടുകാരായ കുട്ടികളെ സ്വാധീനിക്കുന്നത് തടയാൻ ശ്രമിച്ചതിലുള്ള പകയാണ് കത്തിക്കുത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് വിവരം.
Post Your Comments