KeralaLatest NewsNewsIndia

‘കർണാടകയിൽ നടക്കുന്നത് ഹിന്ദുത്വ ഭീകരത, ഐ ലവ് ഹിജാബ്’: മൗനം പാലിക്കുന്നവരോട് വായ തുറക്കാൻ പറഞ്ഞ് ശ്രീജ നെയ്യാറ്റിൻകര

കർണാടകയിൽ ഹിജാബിനെ ചൊല്ലി തർക്കം തുടരുന്നതിനിടെ സർക്കാർ പുറത്തുവിട്ട പുതിയ ഉത്തരവിനെതിരെ പ്രതിഷേധവുമായി സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര രംഗത്ത്. ഹിന്ദുത്വ ഭീകരതയാണ് കർണ്ണാടകയിൽ നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ശ്രീജ നെയ്യാറ്റിൻകര, സർക്കാർ ഉത്തരവ് ഹിജാബ് വഴി മുസ്ലീങ്ങളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് വിഷയത്തിൽ മൗനം പാലിച്ചിരിക്കുന്നവർ അറിയണമെന്നും പറഞ്ഞു. സമത്വത്തിനും അഖണ്ഡതയ്‌ക്കും ക്രമസമാധാനത്തിനുമൊക്കെ ഭംഗം വരുത്തുന്നതാണ് സർക്കാർ ഉത്തരവെന്ന് ഇവർ പറയുന്നു.

Also Read:അരി ആഹാരം കഴിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്!

‘പെൺകുട്ടികൾ ധരിച്ച ഹിജാബ് അഖണ്ഡതയ്ക്കും സമത്വത്തിനും ക്രമസമാധാനത്തിനുമല്ല ഭംഗം വരുത്തുന്നത്. അത്‌ ഹിന്ദുത്വ പ്രത്യയ ശാസ്ത്രം മുന്നോട്ടു വയ്ക്കുന്ന സവർണ്ണ സാംസ്കാരിക ദേശീയതയ്ക്കാണ് ഭംഗം വരുത്തുന്നത്. അതുകൊണ്ടാണ് ഹിജാബ് കാണുമ്പോൾ നിങ്ങൾക്കിത്ര വെപ്രാളം. കർണ്ണാടകയിൽ നടക്കുന്ന ഹിന്ദുത്വ ഭീകരതയ്ക്കെതിരെ പലരും മൗനത്തിലാണ്. ആ മൗനം തന്നെയാണ് ഹിന്ദുത്വയുടെ എക്കാലത്തേയും വളവും. മുസ്ലീം സ്ത്രീകളുടെ വസ്ത്രത്തെ കുറിച്ച് ക്ലാസെടുക്കേണ്ട സമയമല്ലിത് നിങ്ങളെടുക്കുന്ന ആ ക്ലാസും ശക്തിപ്പെടുത്തുന്നത് ഹിന്ദുത്വയെയാണ്’, ശ്രീജ നെയ്യാറ്റിൻകര വ്യക്തമാക്കുന്നു.

അതേസമയം, സർക്കാർ ഉത്തരവിനെതിരെ കോൺഗ്രസ് എം.എൽ.എ ഖനീസ് ഫാത്തിമയും അണികളും പ്രതിഷേധവുമായി ചിത്രത്തിലുണ്ട്. ഇവർക്കൊപ്പം മറ്റ് അനുയായികളും സർക്കാരിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. യൂണിഫോമിന് ചേരുന്ന ഹിജാബുകൾ അനുവദിക്കണമെന്നും ജീവൻ പോയാലും ഹിജാബ് ഉപേക്ഷിക്കില്ലെന്നും ഇവർ പ്രതികരിച്ചു.

Also Read:‘ജീവൻ വേണമെങ്കിൽ തരാം, പക്ഷെ ഹിജാബ് ഉപേക്ഷിക്കില്ല’: കോൺഗ്രസ് എം.എൽ.എ കർണീസ് ഫാത്തിമ, കർണാടകയിൽ ഹിജാബ് വിഷയം പുകയുമ്പോൾ

‘പെൺകുട്ടികൾ അടിച്ചമർത്തപ്പെടുകയാണ്. പരീക്ഷയ്ക്ക് 2 മാസം മുമ്പ് സ്കൂളുകളിൽ അവരുടെ പ്രവേശനം നിഷേധിക്കപ്പെടുന്നു, അതിനാൽ എല്ലാ ജാതിയിലും മതത്തിലും പെട്ട ആളുകൾ കലബുറഗിയിലെ ഡിസി ഓഫീസിൽ ഒത്തുകൂടി പ്രതിഷേധം ഉയർത്തുകയാണ്. യൂണിഫോമിന്റെ നിറത്തിനനുസരിച്ച് ഹിജാബിന്റെ കളർ മാറ്റാൻ തയ്യാറാണെന്നും പക്ഷെ അത് പൂർണമായും ഒഴിവാക്കാനാണ് പറയുന്നതെങ്കിൽ അംഗീകരിക്കാൻ കഴിയില്ല. ഞാൻ നിയമസഭയിലും ഹിജാബ് ധരിക്കുന്നു, അവർക്ക് കഴിയുമെങ്കിൽ അവർക്ക് എന്നെ തടയാം’, ഖനീസ് ഫാത്തിമ പറഞ്ഞു.

ശ്രീജ നെയ്യാറ്റിൻകരയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഹിജാബ് വിഷയത്തിൽ മൗനം പാലിക്കുന്നവരേ ഒന്ന് വായ തുറക്കൂ… ഹിന്ദുത്വ ഭീകരതയാണ് കർണ്ണാടകയിൽ നടക്കുന്നത്. സ്‌കൂളുകളിലും കോളേജുകളിലും അഖണ്ഡതയ്‌ക്കും സമത്വത്തിനും ക്രമസമാധാനത്തിനും തടസം നിൽക്കുന്ന വസ്ത്രങ്ങൾ നിരോധിക്കണം എന്ന് ഉത്തരവിട്ടിരിക്കുകയാണ് കർണ്ണാടക സർക്കാർ. ഹിജാബിനെ ലക്ഷ്യം വയ്ക്കുന്ന അഥവാ മുസ്ലീങ്ങളെ ലക്ഷ്യം വയ്ക്കുന്ന ഈ സർക്കാർ ഉത്തരവ് തന്നല്ലേ യഥാർത്ഥത്തിൽ സമത്വത്തിനും അഖണ്ഡതയ്‌ക്കും ക്രമസമാധാനത്തിനുമൊക്കെ ഭംഗം വരുത്തുന്നത്. ആ കുട്ടികളുടെ ഹിജാബ് അഖണ്ഡതയ്ക്കും സമത്വത്തിനും ക്രമസമാധാനത്തിനുമല്ല ഭംഗം വരുത്തുന്നത് ഹിന്ദുത്വ ഭരണകൂടമേ. അത്‌ ഹിന്ദുത്വ പ്രത്യയ ശാസ്ത്രം മുന്നോട്ടു വയ്ക്കുന്ന സവർണ്ണ സാംസ്കാരിക ദേശീയതയ്ക്കാണ് ഭംഗം വരുത്തുന്നത്. അതുകൊണ്ടാണ് ഹിജാബ് കാണുമ്പോൾ നിങ്ങൾക്കിത്ര വെപ്രാളം .

അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ ഈ ഉത്തരവിനെതിരെ കോൺഗ്രസ്സ് എം എൽ എ കർണീസ് ഫാത്തിമയുടെ പ്രതികരണം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് അവർ ചോദിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പെട്ടെന്നൊരു നാൾ എങ്ങനെയാണ് കാവിനിറം വന്നതെന്നാണ്.ഞങ്ങളുടെ ജീവൻ വേണമെങ്കിൽ തരാം എന്നാലും ഞങ്ങൾ ഹിജാബ് ഉപേക്ഷിക്കില്ല എന്നാണ് എം എൽ എ പ്രതികരിച്ചത്. നിരുപാധികം അവർക്കൊപ്പം തന്നെയാണ് നിൽക്കേണ്ടത്. എന്നെ അസ്വസ്ഥപ്പെടുത്തുന്നത് ഭരണഘടന വ്യക്തികൾക്ക് നൽകുന്ന മൗലികാവകാശങ്ങളെ പൂർണ്ണമായും റദ്ദ് ചെയ്തു കൊണ്ട് ഭരണഘടനയെ തന്നെ അട്ടിമറിക്കുന്ന ഹിന്ദുത്വ നയങ്ങൾക്ക് മുന്നിൽ അപകടകരമായ നിശബ്ദത പാലിക്കുന്ന ചുറ്റുമുള്ളവരാണ്. ശക്തമായ സംഘപരിവാർ വിരുദ്ധ നിലപാടുള്ളവർ പോലും ഹിജാബ് വിഷയത്തിൽ പ്രതികരിച്ചു കാണുന്നില്ല. കർണ്ണാടകയിൽ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് ശക്തമായി രംഗത്തുണ്ട്. ശശി തരൂരിനെ പോലുള്ളവരും മൗനം പാലിക്കുന്നില്ല. ദേശീയ തലത്തിൽ തന്നെ എസ് എഫ് ഐ യുടെ പ്രതികരണവും ശ്രദ്ധയിൽ പെട്ടിരുന്നു.കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ മികച്ചതും ശക്തവുമായ ഒരു രാഷ്ട്രീയ പ്രതികരണവും കണ്ടിരുന്നു.

ഇങ്ങനെ അങ്ങുമിങ്ങും നിന്ന് ഉയരുന്ന ചില ശബ്ദങ്ങൾ, പ്രതികരണങ്ങൾ അല്ലാതെ കർണ്ണാടകയിൽ നടക്കുന്ന ഹിന്ദുത്വ ഭീകരതയ്ക്കെതിരെ പലരും മൗനത്തിലാണ്. ആ മൗനം തന്നെയാണ് ഹിന്ദുത്വയുടെ എക്കാലത്തേയും വളവും. മുസ്ലീം സ്ത്രീകളുടെ വസ്ത്രത്തെ കുറിച്ച് ക്ലാസെടുക്കേണ്ട സമയമല്ലിത് നിങ്ങളെടുക്കുന്ന ആ ക്ലാസും ശക്തിപ്പെടുത്തുന്നത് ഹിന്ദുത്വയെയാണ്. മുസ്ലീങ്ങളെ സംബന്ധിച്ച് വിദ്യാഭ്യാസം പോലെ സുപ്രധാനമാണ് ഹിജാബും രണ്ടും അവർക്ക് ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളാണ് ഈ രണ്ടവകാശങ്ങളും പൂർണ്ണമായും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് കർണ്ണാടകയിലുള്ളത്. കർണ്ണാടക സർക്കാർ കൂടെ ഇങ്ങനെ ഒരു ഉത്തരവിറക്കിയ സ്ഥിതിക്ക് കോടതി നിലപാടെടുക്കും വരെ ആ കുട്ടികൾ പുറത്തു തന്നെ നിൽക്കട്ടെ എന്നാണോ. എന്തൊരു ദുരന്ത നാടാണിത്? കേരളത്തിൽ ഒരു മുസ്ലീം മാനേജ്‌മെന്റ് നടത്തുന്ന വാർത്താ ചാനലിനെ നിരോധിക്കാൻ ശ്രമം നടത്തുന്നു കേന്ദ്ര സർക്കാർ. കർണ്ണാടകയിൽ മുസ്ലീം സ്ത്രീകളുടെ വസ്ത്രം നിരോധിക്കാൻ ഉത്തരവിറക്കുന്നു കർണ്ണാടക സർക്കാർ … രണ്ടും ചൂണ്ടിക്കാണിച്ചു കൊണ്ട് ഇതാ കണ്ടില്ലേ ഞങ്ങൾ മുസ്‌ങ്ങൾക്ക് പണി കൊടുക്കുന്നത് എന്നലറി അവർ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് മുസ്ലീം വിരുദ്ധ വോട്ടുകൾ വാരി കൂട്ടുന്നു. ആവർത്തിച്ചു പറയട്ടെ
#ഐലവ്ഹിജാബ്ഐലവ്മീഡിയവൺഐഹേറ്റ്ഹിന്ദുത്വ

shortlink

Related Articles

Post Your Comments

Related Articles


Back to top button