മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന വാവ സുരേഷിനായി പ്രാർത്ഥനയോടെ മലയാളികൾ. ഇതിനിടയിൽ അദ്ദേഹത്തിന്റെ പാമ്പുപിടുത്തത്തിന്റെ ശാസ്ത്രീയ രീതികളെ ചോദ്യം ചെയ്തുകൊണ്ടും വിമർശിച്ചുകൊണ്ടും നിരവധിപേർ രംഗത്തുണ്ട്. പാമ്പുകളെ കുറിച്ചുളള മിഥ്യാധാരണകളിൽ സാധാരണക്കാർക്കിടയിൽ ഒരുപാട് അവബോധമുണ്ടാക്കിയ ആളാണ് അദ്ദേഹമെന്നിരിക്കെ, പാമ്പ് പിടുത്തത്തിനിടയിൽ ഒരിക്കൽ പോലും സ്വന്തം സുരക്ഷയിൽ ശ്രദ്ധ നൽകാറില്ല എന്നതാണ് അദ്ദേഹത്തെ വിമർശിക്കുന്നതിന്റെ കാരണമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.
വാവ സുരേഷ് ഒരു മനുഷ്യനാണ്. പച്ചയായ ഒരു മനുഷ്യൻ, മറ്റെല്ലാവരെയും പോലെ കുറ്റവും കുറവുമുള്ള മനുഷ്യൻ. നിലവിൽ വളഞ്ഞിട്ടാക്രമിക്കാനും പാകത്തിൽ അദ്ദേഹം ചെയ്ത തെറ്റെന്താണെന്ന് ആലോചിച്ചാൽ ആർക്കും കണ്ടെത്താൻ കഴിയില്ല. അയാൾ പാമ്പിനെ വേദനിപ്പിച്ചാണ് പിടിക്കുന്നതെന്നും പാമ്പിനെ പിടിക്കാൻ അറിയില്ല എന്നുമൊക്കെ വാദിക്കുന്നവരുണ്ട്. അവരോട് പറയാനുള്ളത്, മനുഷ്യനേക്കാൾ വിഷമുള്ള ഒരു പാമ്പ് ഈ ഭൂമിയിൽ ഇല്ല എന്നാണ്.
Also Read:അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ മുഖച്ഛായ മാറ്റാന്‍ 400 വന്ദേഭാരത് ട്രെയിനുകള്‍
പലപ്പോഴും വണ്ടിക്കൂലി പോലും വാങ്ങാതെ ആണ് അദ്ദേഹം പാമ്പിനെയും കൊണ്ട് തിരികെ പോകുന്നത്. ഒരിക്കൽ പാമ്പിനെ പിടിക്കുന്നതിനിടെ നാട്ടുകാർ ചേർന്നു പിരിച്ചു കൊടുത്ത അല്പം വലിയ തുക കൈപ്പറ്റാതെ അത് മനസറിഞ്ഞ് ദാനം ചെയ്തയാൾ ആണ് അദ്ദേഹം. അത് അദ്ദേഹത്തിന്റെ ശരിയായിരുന്നു. അയാൾ എന്നും സഞ്ചരിച്ചിരുന്നത് അയാളുടെ ശരികളിലൂടെയായിരുന്നു. അശാസ്ത്രീയവും അപകടകരവും ആയ രീതിയിലാണ് വാവ സുരേഷിന്റെ പാമ്പുപിടുത്തമെന്ന് വിമർശിക്കുന്നവരോട്, ഇതല്ല അതിന്റെ സമയം. ആദ്യം അയാൾ സുഖം പ്രാപിച്ച് വരട്ടെ. എന്നിട്ടാകാം വിമർശനവും പരിഹാസവും എന്നേ പറയാനുള്ളു.
പാമ്പിനെ നേരിട്ട് കാണുമ്പോൾ അത് നമ്മളെ ഉപദ്രവിക്കുമോ എന്ന ഭയത്താൽ അതിനെ തല്ലി കൊല്ലാൻ പറയുകയും തീയിട്ട് കത്തിക്കുകയും ചെയ്യുന്നവരാണല്ലോ ‘അയ്യോ… വാവ സുരേഷ് പാമ്പിനെ വേദനിപ്പിച്ചാണെ പിടിക്കുന്നത്’ എന്നോർത്ത് കരയുന്നതെന്നതാണ് വിചിത്രം. വാവ സുരേഷിന് പാമ്പുകൾ അതിഥിയാണ്. അതിഥിയെ വേദനിപ്പിക്കാതിരിക്കാനാണ് അയാൾ എന്നും ശ്രമിച്ചിട്ടുള്ളത്. ശാസ്ത്രീയ രീതിയെ വിമർശിക്കുന്നവർ എന്തുകൊണ്ടാണ് വാവ സുരേഷിനെ മാത്രം ലക്ഷ്യം വെയ്ക്കുന്നത്. കുറ്റം മുഴുവൻ വാവ സുരേഷിന്റെത് ആകുന്നതെങ്ങനെ? അയാളുടെ തൊഴിലിൽ വിമർശനമാകാം എന്നാൽ ഈ സമയത്തെ ഓഡിറ്റിംഗ് ശരിയാണോ എന്നത് ഇക്കൂട്ടർ ആലോചിക്കുന്നത് നല്ലത്.
‘അനുഭവത്തിൽ നിന്നും പാഠം പഠിക്കാൻ വാവ സുരേഷിന് കഴിഞ്ഞില്ല’ എന്നാണു ശാപവാക്കുകൾ. ഓവർ കോൺഫിഡൻസ് ആണെന്നും സ്വന്തം ജീവനും ചുററും കൂടി നിൽക്കുന്നവരുടെ ജീവനും ഒരേ പോലെ അപകടത്തിലാക്കുന്ന ഈ രീതി അപകടകരം തന്നെ എന്നും ഘോരം പ്രസംഗിക്കുന്നവരോട്, ഒരാൾ മനുഷ്യോപകാരപ്രദമായ നല്ല പ്രവർത്തനങ്ങൾക്ക് മുൻപിൻ നോക്കാതെ ഇറങ്ങി പുറപ്പെട്ടാലും അതിനെ വക്രീകരിച്ച് കുറ്റം പറയാനും നിങ്ങൾക്ക് കഴിയുന്നുണ്ടല്ലോ അല്ലെ?. അറിയാവുന്ന അറിവുകളും പരിമിതിയും വച്ച് ആരെയും ഏത് പാതിരാത്രിക്കും സ്വന്തം കാശ് മുടക്കി വന്ന് സഹായിക്കുന്ന ആ മനുഷ്യൻ ഇത്തരമൊരു അവസ്ഥയിൽ കിടക്കുമ്പോഴെങ്കിലും വിമർശനം അവസാനിപ്പിച്ചൂടെ.
Post Your Comments