
ആലപ്പുഴ: പാമ്പുപിടിത്തക്കാരന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന അണലി പ്രസവിച്ചു. ഒറ്റ പ്രസവത്തിൽ 40 കുഞ്ഞുങ്ങൾക്കാണ് അണലി ജന്മം നൽകിയത്. പട്ടണക്കാട് പാറയിൽ ഭാഗം കുര്യൻചിറ തമ്പിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന അണലിയാണ് പ്രസവിച്ചത്. കഴിഞ്ഞ ശനിയാഴ്ച തമ്പി പിടികൂടിയ അണലിയാണ് ഇപ്പോൾ പ്രസവിച്ചത്. കുത്തിയതോട് പഞ്ചായത്ത് മുൻ പ്രസിഡന്റ് മോളി സുഗുണാനന്ദന്റെ പറയക്കാട്ടിലെ വീട്ടുവളപ്പിൽ നിന്നാണ് തമ്പി ഇതിനെ പിടികൂടിയത്.
ഗർഭിണിയായ അണലിയെ തന്റെ വീട്ടിലെത്തിച്ച് പ്രത്യേകം സൂക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് അണലി 40 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. അണലിക്ക് ഏകദേശം ആറ് വയസ് പ്രായമുണ്ട്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതായി തമ്പി പറഞ്ഞു.
വനം വകുപ്പിൽ നിന്ന് പാമ്പുപിടുത്തത്തിൽ പ്രത്യേക പരിശീലനം ലഭിച്ചയാളാണ് തമ്പി. നാട്ടിൽ പാമ്പുശല്യമേറിയതോടെ വീടുകളിലും പറമ്പുകളിലും കാണുന്ന പാമ്പുകളെ പിടികൂടാൻ തമ്പിയെയാണ് ജനം ആശ്രയിക്കാറ്. ഇദ്ദേഹം പിടികൂടുന്ന പാമ്പുകളെ വനം വകുപ്പിന് കൈമാറുകയാണ് പതിവ്.
2024 മേയ് മാസത്തിൽ മലമ്പാമ്പിനെ അടയിരുത്തി 10 കുഞ്ഞുങ്ങളെ തമ്പി വീട്ടിൽ വിരിയിച്ചിരുന്നു. പടിഞ്ഞാറെ മനക്കോടത്തെ പുരയിടത്തിൽ നിന്നായിരുന്നു ഈ മലമ്പാപ്പിനെ ഇദ്ദേഹം പിടികൂടിയത്.
Post Your Comments