KeralaLatest News

അറസ്റ്റിലായ എൽസി 10 പോലും പാസാകാതെ ജോലിക്ക് കയറി: എംബിഎ വിഭാഗത്തിൽ ഇവർക്കായി പ്രത്യേക ഒഴിവ് സൃഷ്ടിച്ചു

ഇന്റർനാഷണൽ റിലേഷൻസ് വകുപ്പിൽ പ്യൂണായിരുന്ന എൽസിയെ 2010ൽ പരീക്ഷ നടത്താതെ അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് സ്ഥിരപ്പെടുത്തിയത്.

കോട്ടയം: എം.ജി.സർവ്വകലാശാലയിൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും ലഭിക്കാൻ വിദ്യാർത്ഥിനിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എം.ജി.യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് സി.ജെ.എൽസി ജോലിയിൽ പ്രവേശിച്ചത് പത്താം ക്ലാസ് പോലും പാസാകാതെ. പ്യൂൺ ആയാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. ഇന്റർനാഷണൽ റിലേഷൻസ് വകുപ്പിൽ പ്യൂണായിരുന്ന എൽസിയെ 2010ൽ പരീക്ഷ നടത്താതെ അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് സ്ഥിരപ്പെടുത്തിയത്.

പൂർണമായും രാഷ്‌ട്രീയ സ്വാധീനത്തിലായിരുന്നു ഇത്. സ്ഥിരപ്പെടുത്തിയതിന് ശേഷമാണ് സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്യതാ പരീക്ഷ വിജയിക്കുന്നത്. തുടർന്ന് പ്ലസ്ടുവും പാസായി. എം.ജി.സർവ്വകലാശാലയിൽ നിന്ന് തന്നെയാണ് ഡിഗ്രി നേടിയത്. ജോലിയിൽ ഇരുന്നു കൊണ്ട് തന്നെ റഗുലർ ബിരുദമാണ് നേടിത്. ഇതിനെതിരെ പരാതി ഉയർന്നിരുന്നെങ്കിലും അന്വേഷണം ഉണ്ടായില്ല. 2017 നവംബറിൽ പ്രത്യേകം ഒഴിവുകൾ സൃഷ്ടിച്ചാണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റായി എം.ബി.എ വിഭാഗത്തിൽ ഇവരെ നിയമിച്ചത്.

അസിസ്റ്റന്റ് തസ്തികയിൽ അപ്പോഴുള്ള ഒഴിവുകളുടെ നാലു ശതമാനം നാല് വർഷത്തിലേറെ സർവീസും ബിരുദവുമുള്ള ലാസ്റ്റ് ഗ്രേഡുകാർക്കായി മാറ്റി വയ്‌ക്കണമെന്നാണ് ചട്ടം. ഇതുപ്രകാരം ജൂനിയറായ എൽസിക്ക് നിയമനം നൽകാൻ കഴിയില്ല. തുടർന്ന് ചട്ടം തിരുത്തിയാണ് 2017ൽ എൽസിക്ക് നിയമനം ഉറപ്പാക്കിയത്. അറുപതിനായിരം രൂപയ്‌ക്ക് മുകളിലാണ് ഇവർ മാസശമ്പളമായി കൈപ്പറ്റുന്നത്.

നേരത്തേയും ഇവർക്കെതിരെ കൈക്കൂലി ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും തെളിവുകൾ ലഭിച്ചിരുന്നില്ല. ഇവരുടെ കുടുംബം സജീവ സിപിഎം പ്രവർത്തകരാണ്. എൽസി അടക്കമുള്ള താത്കാലിക ജീവനക്കാരെ സ്ഥിരമാക്കാൻ ഇടതുസംഘടന നേരിട്ട് ഇടപെട്ടതിന്റെ തെളിവുകളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. വിസിക്ക് സംഘടന നൽകിയ കത്താണ് പുറത്ത് വന്നിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button