കോഴിക്കോട്: കോഴിക്കോട് പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോക്കസിനെ കുറിച്ച് അന്വേഷണം വേണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മന്ത്രി സിപിഎം നേതൃത്വത്തിന് ഒരു മാസം മുന്‍പ് നല്‍കിയ പരാതിയുടെ വിവരമാണ് പുറത്തുവന്നത്. കോഴിക്കോട് ജില്ലാ കമ്മിറ്റിക്കാണ് പരാതി നല്‍കിയത്. സിഐടിയു ജില്ലാ ചുമതല വഹിക്കുന്ന നേതാവ് നേതൃത്വം നല്‍കുന്ന കോക്കസിനെ കുറിച്ച് അന്വേഷണം വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. സംഭവത്തില്‍ കോഴിക്കോട് സിപിഎം ജില്ലാ നേതൃത്വം അന്വേഷണം നടത്തിയെങ്കിലും തുടര്‍ നടപടികള്‍ എന്താണെന്ന് വ്യക്തമല്ല.
പിഎസ്സി അംഗത്വം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയോട് പാര്‍ട്ടിയിലെ യുവ നേതാവ് 22 ലക്ഷം രൂപ കൈപ്പറ്റിയ സംഭവത്തില്‍ പാര്‍ട്ടിക്ക് പരാതി ലഭിച്ചതിന് പിന്നാലെയാണ് മന്ത്രിയും പരാതി നല്‍കിയതെന്നാണ് കരുതുന്നത്. കോഴ ആരോപണത്തില്‍ പ്രതിസ്ഥാനത്തുള്ള യുവനേതാവ് മന്ത്രി റിയാസിന്റെ പേര് പറഞ്ഞാണ് 60 ലക്ഷം രൂപ ചോദിച്ചത്. എന്നാല്‍ സിപിഎം പിഎസ്സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ അതില്‍ ഈ വ്യക്തി ഉള്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് പണം കൈപ്പറ്റിയ നേതാവ് ആയുഷില്‍ ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്‌തെങ്കിലും അതും നടന്നില്ല. പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള പരാതിക്കാരന്‍, സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതിന് പിന്നാലെ പ്രാഥമിക അന്വേഷണം നടത്തി സംഭവത്തില്‍ കഴമ്പുള്ളതായി കണ്ടെത്തി. പരാതി ജില്ലാ കമ്മിറ്റിക്ക് കൈമാറിയിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നാണ് മന്ത്രി റിയാസിന്റെയും നിലപാടെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
Post Your Comments