ബ്രൂണെ: ബ്രൂണെയിൽ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമായി സുല്‍ത്താന്‍ ഹസനാൽ ബോള്‍ക്കിയയുടെ മകള്‍ ഫദ്‌സില്ല ലുബാബുള്‍ രാജാകുമാരിയുടെ വിവാഹം. സുല്‍ത്താന്റെ രണ്ടാം ഭാര്യ ഹാജ മറിയമിന്‍റെ മകളാണ് ഫദ്‌സില്ല. ജനുവരി 16ന് ആരംഭിച്ച ഒരാഴ്ച നീണ്ടുനിന്ന വിപുലമായ ചടങ്ങുകളോടെ നടന്ന വിവാഹത്തിൽ രാജകുമാരി കാമുകനായ അബ്ദുള്ള നബീൽ അല്‍ ഹാഷ്മിയെയാണ് വിവാഹം ചെയ്തത്.
സുൽത്താന്‍റെ 12 മക്കളിൽ ഒമ്പതാമത്തെയാളാണ് ‘സ്പോർട്ടി രാജകുമാരി’ എന്നറിയപ്പെടുന്ന ഫദ്‌സില്ല ലുബാബുള്‍ രാജകുമാരി. ഫദ്‌സില്ല ലുബാബുള്‍ ഉള്‍പ്പെടെ നാല് മക്കളാണ് സുല്‍ത്താന് ഹാജ മറിയമിലുള്ളത്. സുൽത്താന്റെ ഔദ്യോഗിക വസതിയായ ഇസ്താന നൂറുൽ ഇമാനിൽ വച്ചാണ് വിവാഹം നടന്നത്. 1700ലധികം മുറികളും 5000 ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന വിരുന്നു ഹാളും ഉൾപ്പെടെയുള്ള ഈ കൊട്ടാരം ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരങ്ങളിൽ ഒന്നാണ്. ഒമർ അലി സൈഫുദ്ദീൻ പള്ളിയിലാണ് വിവാഹത്തിലെ പ്രധാന ചടങ്ങുകളിലൊന്ന് നടന്നത്.
ഉദ്വേഗജനകമായ സംഭവങ്ങളിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ സുൽത്താൻ ഹസനാൽ ബോൾകിയയുടെ മകൾ ഫദ്‌സില്ലാ ലുബാബുൾ (36) തന്‍റെ വരനെ കണ്ടെത്തിയത്. തന്റെ പിതാവിന്റെ ഓഫീസിലെ ജീവനക്കാരനും സാധാരണക്കാരനായ അബ്ദുള്ള നബീൽ അല്‍ ഹാഷ്മിയെയാണ് രാജകുമാരി വിവാഹം കഴിച്ചത്. സാധാരണക്കാരനായ ഒരു ബിസിനസുകാരന്റെ മകനാണ് അബ്ദുള്ള നബീൽ അല്‍ ഹാഷ്മി. ദീർഘകാലത്തെ പ്രണയത്തിനുശേഷമാണ് രാജകുമാരി നബീലിനെ വരനായി സ്വീകരിക്കുന്നത്.
രാജകുടുംബത്തില്‍ തലമുറകളായ കൈമാറി വന്ന ആഭരണങ്ങൾ അണിഞ്ഞുകൊണ്ടാണ് ഫദ്‌സില്ല വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത്. ലോകത്തെ ഏറ്റവും വലിയ സമ്പന്നരില്‍ എഴുപത്തിയഞ്ചാം സ്ഥാനത്താണ് ബ്രൂണെ സുല്‍ത്താൻ ഹസനാൽ ബോൾകിയ. സുല്‍ത്താന്റെ ആഡംബര വാഹന ശേഖരങ്ങളുടേയും കോടികള്‍ വിലമതിക്കുന്ന കൊട്ടാരത്തിന്റേയും വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്.
Post Your Comments