ആര്‍എസ്എസിന്റെ ഔദാര്യത്തില്‍ ജീവിക്കേണ്ടതില്ലെന്നും ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാന്‍ സംഘപരിവാറിനെ അനുവദിക്കില്ലെന്നും പോപ്പുലർ ഫ്രണ്ട്. രാജ്യത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യം തിരിച്ചുപിടിക്കുന്നതു വരെ പോരാടുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തളിപ്പറമ്പ് ഡിവിഷന്‍ കമ്മിറ്റി നടത്തിയ ജാഗ്രതാ മാര്‍ച്ചും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ്സുകാരന്റെ ഔദാര്യത്തില്‍ രണ്ടാംകിട പൗരന്‍മാരായി ജീവിക്കുകയല്ല വേണ്ടതെന്നും ഈ രാജ്യത്ത് അഭിമാന ബോധത്തോടെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ പൂര്‍വികര്‍ രക്തവും ജീവനും നല്‍കി നേടിയെടുത്ത ഇന്ത്യാ രാജ്യത്ത് അഭിമാനത്തോടെ ജീവിക്കാനുള്ള പൗരന്റെ അവകാശത്തെയാണ് സംഘപരിവാരം ചോദ്യം ചെയ്യുന്നതെന്ന് ആരോപിച്ച അദ്ദേഹം, മുസ്ലിം ഉന്‍മൂലനത്തിലൂടെ രാജ്യത്തിന്റെ ഭരണസംവിധാനങ്ങള്‍ ആര്‍എസ്എസ് കൈപ്പിടിയിലൊതുക്കി അവരുടെ ഹിന്ദുത്വ അജണ്ടകള്‍ ഓരോന്നായി നടപ്പിലാക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
Also Read:ഭർത്താവിന് വഴിവിട്ട ബന്ധം, കൊന്നുകളയുമെന്ന് ഭീഷണി: യുവതിയുടെ ആത്മഹത്യയിൽ ഭര്‍ത്താവ് അറസ്റ്റില്‍
‘ഞങ്ങളുടെ ഒന്നാമത്തെ ശത്രുക്കള്‍ മുസ്ലിംകളല്ല, പോപുലര്‍ ഫ്രണ്ടാണെന്ന് ആര്‍എസ്എസ് പറയുന്നു. ഈ നുണപ്രചാരണത്തില്‍ മുസ്ലിംകളും മുസ്ലിം സംഘടനകളും പോപുലര്‍ ഫ്രണ്ടിനെതിരേ വരുമെന്നാണ് ആര്‍എസ്എസ് വ്യാമോഹിക്കുന്നതെങ്കില്‍ ആ കാലമൊക്കെ കഴിഞ്ഞുപോയിരിക്കുന്നു. ഇനിയെങ്ങാനും ആര്‍എസ്എസ് നന്നാവാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ മുസ്ലിംകളാണ് ഒന്നാമത്തെ ശത്രുവെന്ന് പറയുന്ന വിചാരധാര കത്തിക്കാന്‍ തയ്യാറാവുമോ. നിങ്ങള്‍ ഇത്രയും കാലം ചെയ്തുകൂട്ടിയ ക്രൂരതകളില്‍ എണ്ണിയെണ്ണി മാപ്പുപറയുമോ. പോപുലര്‍ ഫ്രണ്ടിനെ ഒന്നാം ശത്രുപട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണ് ആര്‍എസ്എസ് പറയുന്നത്. നല്ലതു തന്നെ. ഇന്ത്യാ രാജ്യത്ത് ആര്‍എസ്എസ് വിരുദ്ധ തരംഗം ശക്തിപ്പെടാന്‍ പോവുകയാണ്. അതിന്റെ മുന്‍നിരയില്‍ പോപുലര്‍ ഫ്രണ്ട് ഉണ്ടാവും. മുസ്ലിം-ദലിത്-ന്യൂനപക്ഷങ്ങള്‍ക്ക് നഷ്ടപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ പോപുലര്‍ ഫ്രണ്ടിന് കാല്‍ നൂറ്റാണ്ട് പ്രവര്‍ത്തനപരിചയം മതിയാവും. ആര്‍എസ്എസിന് കീഴ്പ്പെട്ട് ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാന്‍ അനുവദിക്കില്ല’, അദ്ദേഹം പറഞ്ഞു.
Post Your Comments