
ന്യൂഡല്‍ഹി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അസാമാന്യ ധീരനെന്ന് പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ പോഡ്കാസ്റ്റ് അഭിമുഖം. അമേരിക്കന്‍ പോഡ്കാസ്റ്റര്‍ ലെക്‌സ് ഫ്രിഡ്മാന്റെ പോഡ്കാസ്റ്റിലാണ് മൂന്നേകാല്‍ മണിക്കൂറോളം മോദി സംസാരിച്ചത്. ആര്‍എസ്എസിനെയും പ്രധാനമന്ത്രി പുകഴ്ത്തി സംസാരിച്ചു.
അസാമാന്യ ധൈര്യമുള്ള ഡോണള്‍ഡ് ട്രംപുമായി തനിക്ക് പരസ്പര വിശ്വാസവും സുശക്തമായ ബന്ധവും ഉണ്ട്. ഹൗഡി മോദി പരിപാടി മുതല്‍ തനിക്ക് അത് അനുഭവിക്കാന്‍ കഴിഞ്ഞു. പ്രചാരണത്തിനിടെ വെടിയേറ്റപ്പോഴും നിശ്ചയദാര്‍ഢ്യം ട്രംപില്‍ കണ്ടു. ഇന്ത്യ ആദ്യം എന്ന തന്റെ മുദ്രാവാക്യം പോലെയാണ് ട്രംപിന്റെ അമേരിക്ക ആദ്യം എന്ന നയമെന്നും മോദി പറഞ്ഞു. പ്രസിഡന്റ് പദവിയില്‍ അല്ലാതിരുന്ന കാലത്തും ട്രംപ് നല്ല സുഹൃത്തായിരുന്നു. പരസ്പരം കാണാതിരുന്ന കാലത്തും ബന്ധം ശക്തമായിരുന്നു. ആദ്യ ഭരണകാലത്തെ ട്രംപിനെയല്ല രണ്ടാം ടേമില്‍ കാണുന്നത്.
അദ്ദേഹത്തിനിപ്പോള്‍ കൃത്യമായ പദ്ധതികളുണ്ട്. താന്‍ ഒരു കര്‍ക്കശക്കാരനായ വിലപേശലുകാരനാണെന്ന ട്രംപിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുന്നില്ല. തന്റെ രാജ്യത്തിന്റെ താത്പര്യമാണ് ട്രംപിന് മുന്നില്‍ അവതരിപ്പിച്ചത്. ഏത് വേദിയിലും രാജ്യതാത്പര്യമാണ് താന്‍ മുന്നോട്ട് വെക്കുന്നത്. ആ ഉത്തരവാദിത്തമാണ് ജനം തന്നെ ഏല്‍പ്പിച്ചത്. തന്റെ രാജ്യമാണ് തന്റെ ഹൈക്കമാന്‍ഡ്. രാജ്യത്ത് ദുഷ്പ്രവണതകളുടെ വേരറുത്തു. 2014ല്‍ താന്‍ അധികാരമേല്‍ക്കുമ്പോള്‍ രാജ്യത്തെ ബാധിച്ചിരുന്ന ദുഷ്പ്രവണതകളുടെ വേരറുക്കാന്‍ കഴിഞ്ഞതായും മോദി പറഞ്ഞു.
ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമായി തുടരും. ഭാവിയിലും ആ ബന്ധം വളരും. അതിര്‍ത്തി രാജ്യങ്ങളാകുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. അഭിപ്രായ വ്യത്യാസം വലിയ കലഹത്തിലേക്ക് വഴി മാറരുതെന്നാണ് ആഗ്രഹം. ഇരു രാജ്യങ്ങളുടെയും താല്‍പര്യം പരസ്പരം പരിഗണിച്ച് ചര്‍ച്ചകളിലൂടെ സുസ്ഥിര ബന്ധത്തിന് ശ്രമിക്കുകയാണ്. അതിര്‍ത്തിയില്‍ തര്‍ക്കമുണ്ടായെന്നത് ശരിയാണ്. 2020 ലെ അതിര്‍ത്തി സംഘര്‍ഷം സംഭവങ്ങള്‍ ഇരു രാജ്യങ്ങളുടെയും സമ്മര്‍ദ്ദം കൂട്ടി.
ഷീജിന്‍പിംഗുമായുള്ള തന്റെ കൂടിക്കാഴ്ചക്ക് ശേഷം ശേഷം അതിര്‍ത്തി ശാന്തമായി. 2020 ന് മുന്‍പത്തെ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ മടങ്ങുകയാണെന്നും മോദി പറഞ്ഞു. ആര്‍ എസ് എസിനേയും സംഘപരിവാര്‍ സംഘടനകളെയും പ്രകീര്‍ത്തിച്ച മോദി ജീവതത്തിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞത് ആര്‍ എസ് എസിലൂടെയാണെന്നും പറഞ്ഞു. ഗുജറാത്ത് കലാപത്തില്‍ തന്നെ കരുവാക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ എല്ലാ ആയുധവും പ്രയോഗിച്ചുവെന്ന് മോദി പറഞ്ഞു.
എന്നാല്‍ അത്തരം നീച ശ്രമങ്ങളെല്ലാം കോടതികള്‍ തള്ളിക്കളഞ്ഞു. രണ്ടു തവണ ആഴത്തില്‍ പരിശോധിച്ച ശേഷമാണ് കോടതി താന്‍ നിരപരാധിയാണെന്ന് വിധിച്ചത്. 2002 ന് ശേഷം ഈ 23 വര്‍ഷത്തിനിടെ അവിടെ ഒരു ചെറിയ കലാപം പോലും ഉണ്ടായിട്ടില്ല. ഗുജറാത്ത് ശാന്തമായെന്നും മോദി ചൂണ്ടിക്കാട്ടി.
Post Your Comments