നെടുമ്പാശേരി: പറമ്പിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീപടര്‍ന്ന് ഷെഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലറും ഇരുചക്രവാഹനങ്ങളും മരത്തടികളും കത്തിനശിച്ചു. ചെങ്ങമനാട് കുണ്ടൂര്‍ ലളിത രാജന്റെ വീടിനു സമീപത്തെ പറമ്പില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
രാവിലെ ജോലിക്കാരിയാണ് പറമ്പിലെ കരിയിലയും മറ്റും കൂട്ടിയിട്ട് കത്തിച്ചത്. തുടർന്ന് ഉച്ചയോടെ സമീപത്തെ ഷെഡ്ഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കും മരഉരുപ്പടികളിലേക്കും തീ ആളിപ്പടരുകയായിരുന്നു. സ്കൂട്ടറിനു തീപിടിച്ചതോടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു.
Read Also : ഏരുമേലി പേട്ട തുള്ളല്‍ ഇന്ന്: മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ബുധനാഴ്ച ആരംഭിക്കും
അതേസമയം സമീപത്തെ വീടുകളിലേക്ക് തീപടരാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഷെഡ് വീടിനു സമീപത്തു നിന്ന് കുറച്ച് അകലെ യായിരുന്നതിനാൽ സംഭവം വീട്ടുടമ അറിഞ്ഞിരുന്നില്ല. തീ ഉയരുന്നതു ശ്രദ്ധയിൽപ്പെട്ട സമീപവാസികള്‍ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് അങ്കമാലി അഗ്നി രക്ഷാസേന എത്തിയാണ് തീയണച്ചത്.
ചെങ്ങമനാട് എസ്ഐ ഷാജി എസ്. നായരുടെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. അസി. സ്റ്റേഷന് ഓഫീസര്‍ എന്‍. ജിജി, ഗ്രേഡ് അസി. സ്റ്റേഷന് ഓഫീസര്‍ പി.വി. പൗലോസ്, ഫയര്‍ ഓഫീസര്‍മാരായ ഷൈന്‍ ജോസ്, രജി എസ്. വാര്യര്‍, അനില്‍ മോഹന്‍, ഹരി, രാഹുല്‍, സച്ചിന്, ഡ്രൈവര്‍മാരായ സുധി, ബൈജു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Post Your Comments