കൊച്ചി: ഇരട്ടക്കൊലക്കേസിലെ പ്രതി ‘റിപ്പർ’ ജയാനന്ദനെ കൊല നടന്ന വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുത്തു. മറ്റൊരു കൊലക്കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പോണേക്കര കൊലപാതകങ്ങളിലെ പ്രതി ജയാനന്ദനാണെന്ന് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞത്. തുടർന്നു തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
ബുധനാഴ്ച വൈകിട്ടാണ് ജയാനന്ദനെ തെളിവെടുപ്പിനെത്തിച്ചത്. പോണേക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽക്കയറി എഴുപത്തിനാലുകാരിയെയും ബന്ധു നാരായണ അയ്യരെയും (60) തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. 2004 മേയ് 30നാണ് കൊലപാതകം നടന്നത്. കൊല നടന്ന വീട്ടിൽ നിന്ന് ജയാനന്ദൻ 44 പവൻ ആഭരണങ്ങളും 15 ഗ്രാം വെള്ളി നാണയവും കവർന്നിരുന്നു. വയോധികയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പോലീസ് കണ്ടെത്തി.
പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിൽ സ്വകാര്യ കോളേജ് പരിസരത്ത് പുലിയിറങ്ങി
അതേസമയം, മാതാവിന്റെ കൊലപാതകിയെ മകൻ നേരിട്ട് കണ്ടപ്പോൾ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ‘ഇയാളാണോ അത് ?’ മകന്റെ മുഖത്ത് ആദ്യം രോഷം നിറഞ്ഞെങ്കിലും പിന്നീട് കണ്ണുകൾ നിറഞ്ഞൊഴുകി. കൊലപാതകം നടത്തിയ രീതി ജയാനന്ദൻ വിശദീകരിക്കുന്നതിനിടെ, കൊല്ലപ്പെട്ട സ്ത്രീയുടെ മകനെ ചൂണ്ടി, ‘ഇതാരാണെന്നറിയാമോ? നീ കൊന്ന അമ്മയുടെ മകനാണ്’ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞപ്പോഴാൾ മകൻ വികാരാധീനനാകുകയായിരുന്നു.
എന്നാൽ അൽപ്പംപോലും കൂസലില്ലാതെയാണ് ജയാനന്ദൻ പെരുമാറിയത്. കൊലപാതകങ്ങൾ നടത്തി സ്വർണവും പണവും കവർന്നിട്ടും തനിക്കു പൂർണ തൃപ്തി കിട്ടിയില്ലെന്നു അയാൾ ക്രൈംബ്രാഞ്ചിനോടു പറഞ്ഞു. അലമാരയിലുള്ള സ്വർണവും വെള്ളിയും എടുത്തെങ്കിലും മരിച്ച സ്ത്രീ കട്ടിലിൽ മെത്തയുടെ അടിയിൽ സൂക്ഷിച്ചിരുന്ന വൻ തുക കണ്ടെടുക്കാൻ പറ്റിയില്ലെന്നതിൽ നിരാശയുണ്ടെന്ന് ജയാനന്ദൻ വ്യക്തമാക്കി.
കൊല്ലപ്പെട്ട സ്ത്രീ ഭാരവാഹിയായിരുന്ന മാതൃസമിതി നടത്തിയ ചിട്ടിയുടെ പണമാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. 1,18,000 രൂപയിൽ കുറച്ചു പണം ചിട്ടി പിടിച്ചവർക്കു നൽകിയെങ്കിലും ബാക്കി ഭൂരിഭാഗവും വീട്ടിലുണ്ടായിരുന്നു. കൊലപാതകം നടന്നതിന്റെ അടുത്ത ദിവസം വാർത്തകളിലൂടെയാണ് മെത്തക്കടിയിൽ നിന്നും പണം കണ്ടെടുത്ത വിവരം ജയാനന്ദൻ അറിഞ്ഞത്.
Post Your Comments