
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് അത്യാധുനിക ടോയ്ലറ്റ് നിർമ്മിക്കാൻ 4.10 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. പൊതുഭരണ ഹൗസ് കീപ്പിംഗ് സെല്‍ ബി വകുപ്പാണ് ഉത്തരവായത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാവപ്പെട്ടവന് ഒരു വീട് വയ്ക്കാൻ നൽകുന്നത് നാലു ലക്ഷം രൂപയാണ്. അതേ സർക്കാർ തന്നെ മന്ത്രിയ്ക്ക് ഒരു ടോയ്‌ലെറ്റ് നിർമ്മിക്കാൻ നൽകുന്നത് നാല് ലക്ഷം രൂപയാണ്. ഇത് ചൂണ്ടിക്കാട്ടി സാമൂഹ്യമാധ്യമങ്ങളിലും മറ്റും പലരും രംഗത്തു വന്നിട്ടുണ്ട്.
സംസ്ഥാനം വലിയൊരു സാമ്പത്തിക പ്രതിസന്ധിയില്‍ നേരിടുന്ന സമയത്ത് ഇത്രയും വലിയ തുക ഒരു ടോയ്‌ലെറ്റിന് വേണ്ടി മാത്രം അനുവദിച്ചതിനെതിരെ പ്രതിഷേധങ്ങളും ശക്തമാണ്. സെക്രട്ടേറിയറ്റിന്റെ ഒന്നാം അനക്സിലാണ് മന്ത്രിയുടെ ഓഫീസ്. ഇവിടെയാണ് ടോയ്ലറ്റ് നിർമ്മിക്കുന്നത്.
അതേസമയം, കിടപ്പാടം പോലും നഷ്ടപ്പെട്ട് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ഒട്ടനേകം തീരദേശവാസികൾ ഉള്ള സംസ്ഥാനത്ത് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതിൽ സർക്കാരിനെതിരെ കനത്ത വിമർശനമാണ് ഉയരുന്നത്.
Post Your Comments