ആർ.എസ്.എസും എസ്.ഡി.പി.ഐയും കേരളത്തിൽ കലാപത്തിന് ശ്രമിക്കുകയാണെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എസ്.ഡി.പി.ഐ. രക്തസാക്ഷികളെ തള്ളിപറഞ്ഞ് കുലംകുത്തികളുടെ രാഷ്ട്രീയം പുറത്തെടുക്കുന്നത് ചരിത്രത്തെ വഞ്ചിക്കലാണെന്ന് എസ്.ഡി.പി.ഐയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റുകാർക്ക് ‘ലാൽ സലാം’ വിളിക്കുവാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന വകവച്ചു നൽകുന്നുവെങ്കിൽ അതേ ഇന്ത്യൻ ഭരണഘടന ‘യാ ശഹീദെ അസ്സലാം’ എന്ന വിപ്ലവ മുദ്രാവാക്യം വിളിക്കാനുള്ള അവകാശം തങ്ങൾക്കും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
അജ്മൽ ഇസ്മായീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
രക്തസാക്ഷിത്വം, ഞങ്ങൾക്ക് ആവേശമാണെന്നും അത് മഹത്തരമാണെന്നും ഓരോ സോഷ്യൽ ഡമോക്രാറ്റുകളും അത് ആഗ്രഹിക്കുന്നവരാണെന്നും, രക്തസാക്ഷിയുടെ അന്ത്യയാത്ര വിലാപയാത്രയല്ല, അഭിമാനയാത്രയാണെന്നുമുള്ള ആദർശം, സധൈര്യം തുറന്നു പറഞ്ഞത് താലിബാനിസമാണെന്നാണ് പുതിയ കണ്ടെത്തൽ. ഇതിനെപ്പറ്റി പോലീസിനോട് അന്വേഷിക്കാൻ പറഞ്ഞത് RSS-BJP നേതാക്കളല്ല.. CPM സംസ്ഥാന സെക്രട്ടറി സാക്ഷാൽ കൊടിയേരി ബാലകൃഷ്ണനാണ്. മിസ്റ്റർ കൊടിയേരി, രക്തസാക്ഷിത്വത്തിൻ്റെ ആവേശം പ്രചരിപ്പിക്കുന്നത് താലിബാനിസമാണെങ്കിൽ ആദ്യം കേസെടുക്കേണ്ടത് CPM-DYFI-SFI സംഘടനകൾക്കെതിരെയാണ്. അതിൻ്റെ നേതാക്കൾക്കും താത്വികാചാര്യൻമാർക്കുമെതിരെയാണ്.
എൻ്റെ പ്രീഡിഗ്രി കാലഘട്ടത്തിൽ ചങ്ങനാശേരി NSS ഹിന്ദു കോളേജിൽ SFI യിൽ പ്രവർത്തിക്കുമ്പോൾ ആവേശത്തോടെ ഞങ്ങൾ മുദ്രാവാക്യം വിളിച്ചത് ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. ‘ഇല്ല ഇല്ല മരിച്ചിട്ടില്ല രക്തസാക്ഷി മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ ഞങ്ങളിലൊഴുകും ചോരയിലൂടെ രക്തസാക്ഷികൾ സിന്ദാബാദ്’, ‘ഇവിടെ നമ്മൾ തോൽക്കുകില്ല തോൽക്കുകില്ല നിശ്ചയം ഇവിടെ നമ്മൾ ശത്രുവിൻ തല തകർത്തെറിഞ്ഞിടും.” ലാൽസലാം ലാൽസലാം ലാൽസലാം സഖാക്കളെ… CPM കാരനായ മുരുകൻ കാട്ടാക്കടയുടെ വരികൾ…അവനവന് വേണ്ടിയല്ലാതെ അപരന്ന് ചുടുരക്തമൂറ്റി കുലം വിട്ടു പോയവൻ രക്തസാക്ഷി… അമ്മയ്ക്ക് കണ്ണുനീർ മാത്രം നൽകിയോൻ, നന്മയ്ക്ക് കണ്ണും കരുത്തും നൽകിയോൻ രക്തസാക്ഷി… ഇങ്ങനെ രക്തസാക്ഷികളെക്കുറിച്ച് യുവാക്കളിൽ ആവേശം കുത്തി നിറച്ച് സമരങ്ങളിൽ മുദ്രാവാക്യമായും സമ്മേളനങ്ങളിൽ വിപ്ലവഗാനമായും പ്രചരിപ്പിച്ച് നാടു നീളെ കൊല്ലും, കൊലകളും, രക്തസാക്ഷിയെ സൃഷ്ടിക്കലും എല്ലാം നടത്തി അതിൻ്റെ പേരിൽ അധികാരത്തിൻ്റെ അപ്പക്കഷ്ണങ്ങളും വീഞ്ഞും രുചിച്ച് എല്ലാം കഴിയുമ്പോൾ രക്തസാക്ഷികളോട് കാപട്യം കാട്ടി അവരെ തള്ളിപ്പറഞ്ഞ് കുലംകുത്തികളുടെ രാഷ്ട്രീയം പുറത്തെടുക്കുന്നത് ചരിത്രത്തെ വഞ്ചിക്കലാണ് കൊടിയേരീ…
നിങ്ങളുടെ ഈ സ്റ്റാലിനിസ്റ്റ് ഭീകരതക്കെതിരേ ആദ്യം കേസെടുക്കാൻ മുഖ്യനോടും പോലീസിനോടും, അന്തർധാരകളായ കേന്ദ്ര ഏജൻസികളോടും പറയൂ. എന്നിട്ടു നോക്കാം രക്തസാക്ഷിത്വം ആവേശമാണെന്ന് പറഞ്ഞ ഞങ്ങളുടെ പ്രിയങ്കരനായ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാനെതിരെ കേസെടുക്കുന്ന കാര്യം. നിങ്ങൾക്ക് “ലാൽ സലാം” വിളിക്കുവാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന വകവച്ചു നൽകുന്നുവെങ്കിൽ. അതേ ഇന്ത്യൻ ഭരണഘടന “യാ ശഹീദെ അസ്സലാം” എന്ന വിപ്ലവ മുദ്രാവാക്യം വിളിക്കാനുള്ള അവകാശം ഞങ്ങൾക്കും നൽകിയിട്ടുണ്ട്. ആയതിനാൽ ഒരു കാര്യം അടിവരയിട്ടു പറയട്ടെ. ഞങ്ങളുടെയെല്ലാം ചങ്കിലെ ചോരയായ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനുൾപ്പെടെ. ഇനിയും പിറക്കാനിരിക്കുന്ന ആയിരക്കണക്കിന് രക്തപുഷ്പങ്ങളുടെ ചിറകിലേറിയായിരിക്കും പൈശാചിക- വർഗീയ-ഹിംസാത്മക-ഹിന്ദുത്വ ഫാഷിസത്തിൻ്റെ അടിവേരറുത്ത് ഇന്ത്യൻ ജനതയുടെ വിമോചന സ്വപ്നങ്ങൾക്ക് ഞങ്ങൾ കരുത്തുപകരാൻ പോകുന്നത്… യാ ശഹീദ് അസ്സലാം. ഷഹീദ് ഷാൻ അസ്സലാം. രക്തസാക്ഷി മരിക്കുന്നില്ല.
Post Your Comments