Latest NewsNewsIndia

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവാഹപ്രായം 21 ആക്കുക: നീക്കം ഏകീകൃത സിവില്‍ കോഡിലേക്കുള്ള ആദ്യ ചുവടുവയ്‌പ്പ്?

പാര്‍ലമെന്റ് സമ്മേളനം വ്യാഴാഴ്ച അവസാനിക്കുന്നതിന് തൊട്ടുമുന്‍പ്, ബുധനാഴ്ചയായിരിക്കും ബില്‍ അവതരിപ്പിക്കുക.

ന്യൂഡല്‍ഹി: ഇന്ത്യയിൽ 1978 മുതൽ സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം 18 വയസാണ്. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സമൂഹത്തിൽ വലിയ സ്വാധീനം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ നടത്തിയ പ്രഭാഷണത്തിൽ സ്ത്രീശാക്തീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വിശദമായി സംസാരിച്ചിരുന്നു.

സ്ത്രീകൾ അവസരം ലഭിച്ചപ്പോഴെല്ലാം ഇന്ത്യയുടെ യശസ് ഉയർത്തിയിട്ടുണ്ടെന്നും രാജ്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വയം തൊഴിലിനും മറ്റു തൊഴിലവസരങ്ങൾക്കും തുല്യമായ അവസരം നൽകുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിസഭ കഴിഞ്ഞയാഴ്ച അംഗീകരിച്ച ‘ബാല വിവാഹ(ഭേദഗതി)ബില്‍ 2021’-ലൂടെ എല്ലാ വ്യക്തിനിയമങ്ങളിലും ഒരുമിച്ചാണ് മാറ്റം വരുത്തുക. താമസിയാതെ ഏകീകൃത സിവില്‍ കോഡും പാര്‍ലമെന്റില്‍ എത്തും.

രാജ്യത്തെ പെൺമക്കളുടെയും സഹോദരിമാരുടെയും ആരോഗ്യത്തിന്റെ കാര്യത്തിൽ തന്റെ സർക്കാരിന് ആശങ്കയുണ്ടെന്നും പോഷകാഹാരക്കുറവിൽ നിന്ന് അവരെ സംരക്ഷിക്കണമെങ്കിൽ അവർ ശരിയായ പ്രായത്തിലാണ് വിവാഹം കഴിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. സ്ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ച് പരിശോധിക്കാൻ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അവർ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അന്ന് അദ്ദേഹം വ്യക്‌തമാക്കി.

ആരോഗ്യം, നിയമം, വനിതാ ശിശുവികസനം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ കൂടി ഉൾപ്പെട്ട ടാസ്ക് ഫോഴ്‌സിന്റെ നിലപാട് ആദ്യമായി ഗർഭം ധരിക്കുമ്പോൾ ഒരു സ്ത്രീയ്ക്ക് കുറഞ്ഞത് 21 വയസ് പ്രായമുണ്ടാകണം എന്നതായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പാര്‍ലമെന്റ് സമ്മേളനം വ്യാഴാഴ്ച അവസാനിക്കുന്നതിന് തൊട്ടുമുന്‍പ്, ബുധനാഴ്ചയായിരിക്കും ബില്‍ അവതരിപ്പിക്കുക. സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുമോ അതല്ല, ഉടന്‍തന്നെ പാസാക്കുമോ എന്ന് ഉറപ്പായിട്ടില്ല. യു.പി.യില്‍ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തില്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാനുള്ള സാധ്യത തള്ളാനാവില്ല.

സ്ത്രീകളുടെ ചുരുങ്ങിയ വിവാഹപ്രായം ഉയര്‍ത്തുന്നത് മുസ്ലിം വ്യക്തി നിയമത്തിലുള്ള കൈകടത്താലാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗും മറ്റ് സംഘടനകളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളും നിര്‍ദേശത്തെ എതിര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ബില്‍ കൊണ്ടുവരുമെന്ന സൂചനയില്‍ മുസ്ലിം ലീഗ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

Read Also: കിറ്റെക്‌സിന് ചുവട്‌വെയ്ക്കാൻ ഇടം നൽകിയില്ല: 3500 കോടിയുടെ മുതൽമുടക്കുള്ള വ്യവസായം യൂപിയ്ക്ക് സ്വന്തം

നിലവില്‍ മുസ്ലിം വ്യക്തിനിയമത്തില്‍ സ്ത്രീകളുടെ ചുരുങ്ങിയ വിവാഹപ്രായം വര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വചിച്ചിട്ടില്ലെങ്കിലും പെണ്‍കുട്ടി പ്രായമാകുമ്പോള്‍ വിവാഹം ചെയ്തുകൊടുക്കാമെന്നാണ് പറയുന്നത്. എന്നാല്‍, മറ്റു വ്യക്തിനിയമങ്ങളിലും സ്‌പെഷ്യല്‍ മാരേജ് ആക്ടിലും ചുരുങ്ങിയ വിവാഹപ്രായം 18 ആണ്. അവയിലെല്ലാം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവാഹപ്രായം 21 ആക്കുകയാണ് പുതിയ ‘ബാല വിവാഹ(ഭേദഗതി)ബില്ലി’ന്റെ ലക്ഷ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button