3500 കോടി രൂപയുടെ നിക്ഷേപം കേരളത്തിൽ നടത്താൻ സംസ്ഥാന സർക്കാരുമായി ഒപ്പുവെച്ച ധാരണാപത്രത്തിലെ പദ്ധതിയിൽനിന്ന് താൻ പിന്മാറുകയാണെന്ന കിറ്റെക്‌സ് മേധാവി സാബു ജേക്കബിന്റെ പ്രഖ്യാപനം വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ നിരന്തരം നടത്തുന്ന വേട്ടയാടലിൽ മനംനൊന്താണ് ഈ പിന്മാറ്റമെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും വേട്ടയാടൽ തുടർന്നാൽ എറണാകുളം ജില്ലയിലെ കിഴക്കമ്പലം കേന്ദ്രീകരിച്ച് നിലവിൽ പ്രവർത്തിക്കുന്ന തന്റെ വ്യവസായ സ്ഥാപനങ്ങൾ കൂടി അടച്ചുപൂട്ടേണ്ടിവരുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തുന്നു.
സാബു ജേക്കബിന്റെ പ്രഖ്യാപനത്തിന് ദേശീയ മാധ്യമങ്ങൾ വൻ പ്രാധാന്യമാണ് നൽകിയത്. ഇതിന് പിന്നാലെ ഒരു ഡസനോളം സംസ്ഥാനങ്ങളെങ്കിലും അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ട് രംഗത്തെത്തി. ഒരു പടികൂടി കടന്ന് തമിഴ്‌നാട് സർക്കാർ ആ സംസ്ഥാനത്ത് വ്യവസായം ആരംഭിച്ചാൽ നൽകുന്ന ആനുകൂല്യങ്ങളും ഇളവുകളും നിരത്തിക്കൊണ്ടുള്ള കത്ത് തന്നെ നൽകി. ആ കത്തിലെ വിശദാംശങ്ങൾ പുറത്തുവിട്ടതും സാബു ജേക്കബ് തന്നെ.
കിറ്റെക്‌സും സാബു ജേക്കബും വർഷങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിലും അദ്ദേഹം കേരള സർക്കാരിനെതിരെ ഒരു യുദ്ധപ്രഖ്യാപനം നടത്താനുള്ള സാഹചര്യം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണുണ്ടായത്. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘങ്ങൾ ദിനം പ്രതിയെന്നോണം തന്റെ സ്ഥാപനത്തിലെത്തി പരിശോധന നടത്തുന്നു എന്നതാണ് സാബുവിന്റെ പരാതി. വെറും പരിശോധനയല്ല, ഒരു കൊള്ള സങ്കേതത്തിലോ, ഭീകര താവളത്തിലോ ഇരച്ചുകയറുന്നതുപോലെയാണ് ഉദ്യോഗസ്ഥരുടെ വരവും പെരുമാറ്റങ്ങളുമെന്നും അദ്ദേഹം പറയുന്നു. വ്യവസായം, തൊഴിൽ, പരിസ്ഥിതി, ഭക്ഷ്യം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ നിന്നെല്ലാമുള്ള ഉദ്യോഗസ്ഥർ പല ദിവസങ്ങളിലായി മാറിമാറി പരിശോധിച്ചിട്ടും തനിക്കെതിരെ ഒരു തെളിവും കണ്ടെത്താനായില്ല. എന്നാൽ എന്ത് പരിശോധിക്കാനാണ് വന്നതെന്നോ, ആരാണ് പരാതിക്കാരെന്നോ അവർ പറയുന്നുമില്ല എന്നുമാണ് സാബു പറയുന്നത്. തന്നെ മൃഗത്തെപ്പോലെ വേട്ടയാടുന്നുവെന്നും അതുകൊണ്ടാണ് കേരളത്തിലെ വ്യവസായം അവസാനിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.
സാബു ജേക്കബിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സർക്കാരിന്റെ അനുരഞ്ജനമുണ്ടായി. വിവിധ വകുപ്പുകളിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥാപനത്തിലെത്തി അദ്ദേഹത്തിന് പറയാനുള്ളത് കേട്ടു. ഇനി ഇത്തരം പരിശോധനകൾ ഉണ്ടാവില്ലെന്ന് അവർ ഉറപ്പ് നൽകിയെന്ന് മാത്രമല്ല, ഇതുവരെ നടത്തിയ പരിശോധനകളിൽ കാര്യമായ കുഴപ്പങ്ങളൊന്നും കണ്ടെത്തിയില്ലെന്നും വ്യക്തമാക്കി. ഒരു പ്രതിപക്ഷ എം.പിയും എം.എൽ.എയും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കൂടാതെ കിറ്റെക്‌സിലെ തൊഴിലാളികളുടേതായ ഒരു പരാതിയും സർക്കാരിന് ലഭിച്ചത്രെ. കോൺഗ്രസ് നേതാക്കളായ ബെന്നി ബഹനാൻ എം.പിയെയും, പി.ടി. തോമസ് എം.എൽ.എയുമാണ് മന്ത്രി ഉദ്ദേശിച്ചത്. ഇരുവരും കിറ്റെക്‌സിനെതിരെ നേരത്തെതന്നെ പരസ്യമായി രംഗത്തുവന്നിട്ടുള്ളവരാണ്.
എന്നാൽ കിറ്റെക്‌സ് എന്ന സ്ഥാപനം പ്രവർത്തിക്കുന്ന കിഴക്കമ്പലം പഞ്ചായത്ത് ഉൾപ്പെടുന്ന കുന്നത്തുനാട് നിയോജകമണ്ഡലത്തിൽനിന്നുള്ള സി.പി.എം എം.എൽ.എയായ പി.വി. ശ്രീനിജനാണ് ഇപ്പോഴത്തെ പരിശോധനകൾക്കെല്ലാം പിന്നിലെന്ന കാര്യം മന്ത്രി പറഞ്ഞില്ല. വാസ്തവത്തിൽ സി.പി.എമ്മിന്റെ അനുഗ്രഹാശ്ശിസ്സുകളോടെ ശ്രീനിജൻ മുൻകയ്യെടുത്ത് നടത്തുന്നതാണ് ഈ കിറ്റെക്‌സ് വേട്ട എന്നാണ് വിവരം. മുൻ കോൺഗ്രസുകാരനായ ശ്രീനിജൻ, സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ മരുമകനാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്കുമുമ്പുതന്നെ നിരവധി അഴിമതിക്കഥകൾ മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. ആരോപണ വിധേയനായിരിക്കെ തന്നെയാണ് അദ്ദേഹം കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ അംഗമാവുന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നതും ജയിച്ച് എം.എൽ.എ ആവുന്നതും.
പതിനായിരത്തിലേറെ പേർക്ക് തൊഴിൽ നൽകുന്ന, കേരളത്തിൽ സാമാന്യം ഭേദപ്പെട്ട നിലയിൽ വ്യവസായം നടത്തുന്ന സംരംഭകനാണ് സാബു ജേക്കബ്. അദ്ദേഹത്തിന്റെ കിറ്റക്‌സ് വസ്ത്രനിർമാണ യൂനിറ്റിൽ നിർമിക്കുന്ന കുട്ടികളുടെ റെഡിമെയ്ഡ് വസ്ത്രങ്ങൾ പൂർണമായും കയറ്റുമതി ചെയ്യുന്നതാണ്. പ്രതിവർഷം 600 കോടി രൂപയുടെ കയറ്റുമതിയാണ് ആ സ്ഥാപനം നടത്തുന്നത്. സാധാരണഗതിയിൽ ഇത്തരത്തിലുള്ള ഒരു വ്യവസായിയെ പിണക്കാനോ ഉപദ്രവിക്കാനോ ഇന്ത്യയിലെ ഒരു സംസ്ഥാനവും തയാറാവില്ല. പക്ഷെ കേരളത്തിൽ അതുണ്ടായി. അതും പതിറ്റാണ്ടുകളായി സംസ്ഥാനം പേറുന്ന ഒരു ദുഷ്‌പേര് അരക്കിട്ടുറപ്പിക്കുന്ന വിധത്തിൽ.
കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, ഇടതുമുന്നണിയും ആണയിടുമ്പോഴും കിറ്റെക്‌സിനും സാബു ജേക്കബിനും ഈ ദുര്യോഗം നേരിടുന്നതിന്റെ കാരണം ഈ നാട്ടിലെ കൊച്ചുകുട്ടിക്കുപോലുമറിയാം. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലെ ഇടപെടലാണ്. സംസ്ഥാനത്തെ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളെയെല്ലാം വെല്ലുവിളിച്ച് ട്വന്റി-ട്വന്റി എന്നൊരു പാർട്ടിക്ക് രൂപം നൽകുക മാത്രമല്ല, ആ പാർട്ടി എറണാകുളം ജില്ലയിലെങ്കിലും നല്ലൊരു ശക്തിയായി വളരുകയും ചെയ്തു എന്നതാണ് അദ്ദേഹം ഇപ്പോൾ നേരിടുന്ന എതിർപ്പുകളുടെ മൂല കാരണം. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം പിടിച്ച ട്വന്റി-ട്വന്റി, കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ സമീപത്തെ മറ്റേതാനും പഞ്ചായത്തുകൾ കൂടി പിടിച്ചു. കൂടാതെ മറ്റ് ചില പഞ്ചായത്തുകളിൽ നിർണായക ശക്തിയുമായി.
Post Your Comments