Latest NewsIndia

‘ഇനി സ്ത്രീകൾക്കും 21 തികയണം’ വിവാഹപ്രായം ഏകീകരിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, ബില്‍ പാര്‍ലമെന്റിലേക്ക്

വിവാഹ പ്രായം ഉയര്‍ത്തുന്നതിനായി 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരും

ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം പുരുഷന്‍മാര്‍ക്ക് സമാനമായി 21 വയസാക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. 2020 സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനമായിരുന്നു വിവാഹ പ്രായം ഉയര്‍ത്തല്‍. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് വിവാഹ പ്രായം ഏകീകരിക്കുന്ന നടപടികളുമായി മുന്നോട്ട് പോവാന്‍ അംഗീകാരം നല്‍കിയത്. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ തന്നെ നിയമഭേദഗതി ഉണ്ടായേക്കുമെന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്.

ഡിസംബര്‍ 23 വരെയാണ് പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനം. വിവാഹ പ്രായം ഉയര്‍ത്തുന്നതിനായി 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരും. ഇതിനൊപ്പം സ്‌പെഷ്യല്‍ മാരേജ് ആക്ടിലും 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തിനിയമങ്ങളിലും ഭേദഗതി നടപ്പാക്കാനാണ് നീക്കം. 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 5(മൂന്ന്) പ്രകാരം വധുവിന്റെ ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സും വരന്റെ പ്രായം 21 വയസ്സുമാണ്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട്, 1954, ശൈശവ വിവാഹ നിരോധന നിയമം, 2006 എന്നിവയും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവാഹ സമ്മതത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായമായി യഥാക്രമം 18 ഉം 21 ഉം വയസ്സ് നിര്‍ദ്ദേശിക്കുന്നു.

ഈ സാഹചര്യത്തിലാണ് ഇവയും ഭേദഗതി ചെയ്യേണ്ടിവരുന്നത്. രാജ്യത്തെ മാതൃമരണ നിരക്ക് കുറക്കുക, ‘മാതൃത്വത്തിന്റെ പ്രായവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, പോഷകാഹാര നിലവാരവും അനുബന്ധ പ്രശ്‌നങ്ങളും മെച്ചപ്പെടുത്തുക എന്നിവയാണ് ടാസ്‌ക് ഫോഴ്‌സ് പരിഗണിച്ചത്.’1978 ലാണ് 1929ലെ ശാരദാ നിയമം ഭേദഗതി ചെയ്തുകൊണ്ട് സ്ത്രീകളുടെ വിവാഹപ്രായം 15 വയസ്സില്‍ നിന്ന് 18 വയസ്സാക്കി ഉയര്‍ത്തിയത്. ശാരദാ നിയമത്തിന് പകരം ബാല വിവാഹ നിരോധന നിയം 2006ല്‍ കൊണ്ടുവന്നെങ്കിലും പ്രായ പരിധി മാറ്റിയിരുന്നില്ല.

കേന്ദ്രം നിയോഗിച്ച ടാസ്‌ക് ഫോഴ്‌സ് 2020 ഡിസംബറില്‍ നിതി ആയോഗിന് സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം വിവാഹ പ്രായം ഉയര്‍ത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവാന്‍ അനുമതി നല്‍കിയത്. ജയ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് ആണ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, സ്ത്രീ പുരുഷ സമത്വം എന്നിവ ലക്ഷ്യമിട്ടാണ് വിവാഹ പ്രായം ഉയര്‍ത്തുക എന്ന നടപടികള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button