തിരുവനന്തപുരം: കുട്ടികൾ ഏറ്റവുമധികം അതിക്രമങ്ങൾക്ക് ഇരയാകുന്നത് ബസ്സുകളിലാണെന്ന് എഴുത്തുകാരൻ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. എത്ര മോശമായിട്ടാണ് പല കണ്ടക്ടര്‍മാരും കിളികളും അവരോട് പെരുമാറുന്നതെന്നും, ഒരു യാത്രക്കാരന്‍ പോലും ഇതിലിടപെടുന്നത് താൻ ഇന്നുവരെ കണ്ടിട്ടില്ലെന്നും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഫേസ്ബുക്കിൽ കുറിച്ചു.
ബസ്സുകളിൽ തൊഴിലാളികൾ കുട്ടികളോട് മോശമായി പെരുമാറുന്നത് പതിവ് കാഴ്ചകളാണ്. അതിനെതിരെയാണ് എഴുത്തുകാരന്റെ ഫേസ്ബുക് കുറിപ്പ്. ഒരു യാത്രയിൽ താൻ കണ്ട കാഴ്ചയാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഫേസ്ബുക്കിൽ കുറിച്ചത്.
കുറിപ്പിന്റെ പൂർണ്ണരൂപം:
ഇന്ന് കാലത്ത് ബസില്‍ ഒരു സംഭവമുണ്ടായി. വീട്ടില്‍ നിന്ന് നമ്പീശന്‍ പടിയെത്തി സ്റ്റോപ്പില്‍ നിന്ന് കുന്ദംകുളത്തേക്കുള്ള ബസില്‍ കയറി. സീറ്റുകള്‍ മിക്കവയും കാലിയായിരുന്നു. എന്നിട്ടും ഞാനിരുന്നതിന്റെ മുന്നിലെ സീറ്റിനടുത്ത് ഒരു ചെറിയ കുട്ടി തന്റെ കനത്ത സ്കൂള്‍ ബാഗുമായി കമ്പിത്തൂണില്‍ അള്ളിപ്പിടിച്ച് ഉലഞ്ഞാടി യാത്ര ചെയ്യുന്നു. മെലിഞ്ഞ് ദുര്‍ബലനായ ഒരു കുട്ടി.
ഇരുന്നാല്‍ കണ്ടക്ടര്‍ ചീത്ത പറയുമെന്ന ഭയമായിരുന്നു അവന്റെ കണ്ണ് നിറയെ.. ഞാനവനെ തോണ്ടി വിളിച്ച് സീറ്റ് കാലിയാണല്ലോ, ഇരിക്കു മോനേ, എന്ന് രണ്ട് തവണപറഞ്ഞു നോക്കി. എന്നെയും സീറ്റിനെയും മാറി മാറി നോക്കിയല്ലാതെ ഇരുന്നില്ല. അവന്‍ കനത്ത അറിവുകള്‍ കുത്തിനിറച്ച പുസ്തകഭാരവും, മൂടി വെച്ച ആത്മനിന്ദാ ഭാവവുമായി അതേ നില്പ് തുടര്‍ന്നു. കണ്ടക്ടര്‍ ടിക്കറ്റെടുക്കാന്‍ എന്റെയരികില്‍ വന്നപ്പോള്‍ അവനോട് ഒന്നും ചോദിച്ചില്ല. എനിക്കപ്പോള്‍ മനസ്സിലായി. ഏറെ നേരമായി ആ കുട്ടി ഈ നിലയില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ടെന്ന്. അവനെ അങ്ങനെ നില്‍ക്കുവാന്‍ വിട്ടിരിക്കാണ് അയാളെന്ന് എനിക്ക് മനസ്സിലായി. കണ്ടക്ടറുടെ സാന്നിധ്യത്തില്‍ ഞാന്‍ അവനോട് ഒരല്പം ശബ്ദം കൂട്ടി ഇരിക്കാന്‍ പറഞ്ഞു. അപ്പോള്‍ എവിടെ നിന്നോ കൈവന്ന ധൈര്യത്തില്‍ അവന്‍ പെട്ടെന്ന് ഇരുന്നു.
യാത്രയില്‍ ആലോചിച്ചത് മുഴുവന്‍ കുഞ്ഞുങ്ങളുടെ അവകാശങ്ങളെ എത്ര ക്രൂരമായിട്ടാണ് ഈ കാലത്തിലും മുതിര്‍ന്നവര്‍ ചവിട്ടിയരക്കുന്നതെന്നാണ്. ദീര്‍ഘകാലമായി കുട്ടികള്‍ വീടിനകത്താണ്. കോവിഡ് ഭയം പതിയെ അകലുകയാണ്.സ്കൂള്‍ തുറന്ന് വരികയാണ്. നമ്മുടെ കുട്ടികള്‍ പൊതുസമൂഹത്തിലേക്കിറങ്ങിക്കഴിഞ്ഞു. നാം എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ, സമൂഹത്തിലേക്ക് നാം തുറന്ന് വിടുന്ന നമ്മുടെ കുട്ടികള്‍ ഏതേതിടങ്ങളില്‍ വെച്ചൊക്കെ അപമാനിക്കപ്പെടുന്നുണ്ടെന്ന് . സംശയിക്കേണ്ട, അതില്‍ പ്രധാനപ്പെട്ട ഒരിടം കേരളത്തിലെ ബസ്സാണ്. ദൈവമേ, എത്ര മോശമായിട്ടാണ് പല കണ്ടക്ടര്‍മാരും കിളികളും അവരോട് പെരുമാറുന്നത്! ഒരു യാത്രക്കാരന്‍ പോലും ഇതിലിടപെടുന്നത് ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല. സ്ക്കൂള്‍ കാലത്ത് അവര്‍ അനുഭവിച്ചതിന്റെ ഒരു തരം ‘പ്രതികാര കൈമാറ്റമാ’ണോ, അതോ ഇതൊക്കെ സ്വാഭാവികമാണ് എന്നാണോ ഈ ‘മുതിര്‍ന്ന’വര്‍ഗ്ഗം ആലോചിക്കുന്നത്?
Post Your Comments