ബാലുശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ പ്രമുഖരും രാഷ്ട്രീയനേതാക്കളും ചില സംഘടനകളും നടത്തുന്ന പ്രതിഷേധങ്ങളെ ചോദ്യം ചെയ്ത് എഴുത്തുകാരി ശാരദക്കുട്ടി. ലോകമെത്ര മാറിയാലും മാറാത്തത് സദാചാര അമ്മാവനിസത്തിന്റെ കാലഹരണപ്പെട്ട കണ്ണുകളാണെന്നും രാമായണത്തിന്റെ കാലത്തും ഒളിഞ്ഞുനോട്ടക്കാരുടെ കണ്ണ് സീതയിലായിരുന്നുവെന്നും ശാരദക്കുട്ടി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
സിറിയൻ എഴുത്തുകാരനായ ഉസാമ ആലോമറിന്റെ ഒരു കഥ പങ്കുവെച്ചുകൊണ്ടായിരുന്നു എഴുത്തുകാരി തന്റെ അഭിപ്രായം പങ്കുവെച്ചത്. സദാചാര അമ്മാവനിസത്തിന്റെ കാലഹരണപ്പെട്ട കണ്ണുകൾ കുത്തിപ്പൊട്ടിച്ചു കൊണ്ടു വേണം ഇന്നും പെൺകുട്ടികൾക്ക് ഓരോ ദിവസവും ആരംഭിക്കാനെന്ന് ശാരദക്കുട്ടി വ്യക്തമാക്കുന്നു. വാസ്തവങ്ങളെ നേരിടേണ്ടിവരുമ്പോഴെങ്കിലും സ്വന്തം കണ്ണുകൾക്ക് അനുവദിച്ചിരിക്കുന്ന സമയം കഴിഞ്ഞു എന്നു മനസ്സിലാക്കേണ്ടതാണെന്ന് എഴുത്തുകാരി ഓർമിപ്പിക്കുന്നു.
ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
സിറിയൻ എഴുത്തുകാരനായ ഉസാമ ആലോമറിന്റെ കഥ ഓർമ്മയിൽ വരുന്നു.- പച്ചക്കറികളും പഴങ്ങളുമായി രാത്രി തളർന്നു വീട്ടിലെത്തുന്ന ഭർത്താവ് കിടപ്പുമുറി തുറന്നപ്പോൾ കണ്ടത് തന്റെ ഭാര്യ, കൂട്ടുകാരിയുടെ മകനുമായി രതിയിലേർപ്പെടുന്നതാണ്. അയാൾ കണ്ണ് ഒന്ന് തിരുന്നിത്തുറന്നപ്പോൾ അവൾ വണക്കത്തോടെ പ്രാർഥിക്കുന്നതു കണ്ടു. വീണ്ടും കണ്ണുകൾ തിരുമ്മിത്തുറന്നു നോക്കിയപ്പോൾ കണ്ടത്. അവൾ പൂർണ്ണ നഗ്നയായി ആ യുവാവിന്റെ വീട്ടിനു നേർക്കുള്ള ജനാലക്കു മുന്നിൽ നിന്ന് നൃത്തം ചെയ്യുന്നതാണ് . അയാൾ ഭീതിയോടെ വീണ്ടും കണ്ണുകൾ തിരുമ്മിത്തുടച്ചു നോക്കി. അവൾ അവിടെത്തന്നെയുണ്ട്. പ്രാതൽ പങ്കിടാൻ തന്നെ ക്ഷണിക്കുകയാണ്. ആ കണ്ണുകളിൽ തന്നോടുള്ള സ്നേഹ വാത്സല്യങ്ങൾ നിറഞ്ഞു വഴിയുന്നു. അയാൾക്ക് അപ്പോൾ മനസ്സിലായി തന്റെ കണ്ണുകളുടെ കാലാവധി കഴിഞ്ഞുവെന്ന് . കണ്ണുഡോക്ടറെ കണ്ട് പ്രത്യേകം പറഞ്ഞുണ്ടാക്കിയ രണ്ട് പുത്തൻ കണ്ണുകൾ പകരം വെച്ചു. ഭാര്യയെ അന്നുമുതൽ അയാൾ നേരെ ചൊവ്വെ കാണാൻ തുടങ്ങി.
പെൺകുട്ടികൾ ഇഷ്ടം പോലെ വസ്ത്രം ധരിക്കും ഇഷ്ടം പോലെ ജീവിക്കും. പറക്കും. നൃത്തം ചെയ്യും. കൂവും. കയ്യും കാലും തലയും പൊക്കും. നെഞ്ചുവിരിക്കും. അതിന് മൂത്രവും ആർത്തവവും ഒന്നും തടസ്സമല്ല. രാമായണത്തിന്റെ കാലത്തും ഒളിഞ്ഞുനോട്ടക്കാരുടെ കണ്ണ് സീതയുടെ യോനിയിലായിരുന്നു. ലോകമെത്ര മാറിയാലും മാറാത്തത് സദാചാര അമ്മാവനിസത്തിന്റെ കാലഹരണപ്പെട്ട കണ്ണുകളാണ്. അത് കുത്തിപ്പൊട്ടിച്ചു കൊണ്ടു വേണം ഇന്നും പെൺകുട്ടികൾക്ക് ഓരോ ദിവസവും ആരംഭിക്കാൻ .വാസ്തവങ്ങളെ നേരിടേണ്ടിവരുമ്പോഴെങ്കിലും സ്വന്തം കണ്ണുകൾക്ക് അനുവദിച്ചിരിക്കുന്ന സമയം കഴിഞ്ഞു എന്നു മനസ്സിലാക്കേണ്ടതാണ്.
Post Your Comments