പത്തനംതിട്ട: തിരുവല്ലയിലെ സിപിഎം പ്രവര്‍ത്തകന്‍ പിബി സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് ഒന്നാം പ്രതി ജിഷ്ണു. തനിക്ക് സന്ദീപുമായി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ജിഷ്ണു പറഞ്ഞു. ഒരു വര്‍ഷം മുമ്പ് ബിജെപിയുമായുള്ള പ്രവര്‍ത്തനം അവസാനിപ്പിച്ചതാണെന്ന് ജിഷ്ണു വ്യക്തമാക്കി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് പ്രതി മാധ്യമങ്ങളോട് പ്രതികരിച്ചത്.
Read Also : സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിക്കണം: നാഗാലാന്റില്‍ പ്രതിഷേധം
കൊല്ലാന്‍ വേണ്ടിയല്ല സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് സന്ദീപിനെ കുത്തിയതെന്ന് ജിഷ്ണു പറഞ്ഞു. പെട്ടെന്നുള്ള പ്രകോപനം കൊലപാതകത്തിലേക്ക് നയിച്ചെന്നും ജിഷ്ണു കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധം ഇല്ലെന്ന് മറ്റുപ്രതികളായ മന്‍സൂര്‍, പ്രമോദ്, നന്ദു, വിഷ്ണു എന്നിവര്‍ പറഞ്ഞു. ബിജെപിയുമായി ബന്ധമില്ലെന്ന് അവര്‍ വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ എട്ടുദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകര്‍ ആരുംതന്നെ ഹാജരായിരുന്നില്ല.
എന്തെങ്കിലും പറയാനുണ്ടോയെന്ന മജിസ്‌ട്രേറ്റ് രേഷ്മ ശശിധരന്റെ ചോദ്യത്തിന് വധഭീഷണിയുള്ളതായി ജിഷ്ണു പറഞ്ഞു. വ്യാഴാഴ്ച രാത്രിയായിരുന്നു സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറിയായ സന്ദീപിനെ വീടിന് സമീപം വച്ച് പ്രതികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. മൂന്നു ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് കൊല നടത്തിയത്. ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
Post Your Comments