ലഖ്‌നൗ: മിറാഷ് യുദ്ധവിമാനത്തിന്റെ മോഷണം പോയ ടയര്‍ കണ്ടെത്തി. വ്യോമതാവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ഓടുന്ന ട്രക്കില്‍ നിന്ന് മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ മോഷണം പോയത്. ടയര്‍ തിരികെ ലഭിച്ച കാര്യം ഉത്തര്‍ പ്രദേശ് പൊലീസാണ് സ്ഥിരീകരിച്ചത്. മിറാഷ്- 2000 യുദ്ധവിമാനത്തിന്റെ ടയറുകളുമായി പോവുകയായിരുന്ന ട്രക്കില്‍നിന്ന് നവംബര്‍ 27-നാണ് ഒരു ടയര്‍ കാണാതായത്. ലഖ്‌നൗവിലെ ഷഹീദ് പഥ് മേഖലയില്‍വെച്ചയിരുന്നു സംഭവം.
ലഖ്‌നൗവിലെ ബക്ഷി കാ തലാബ് എയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍നിന്ന് രാജസ്ഥാനിലെ ജോധ്പുര്‍ എയര്‍ബേസിലേക്ക് യുദ്ധവിമാനത്തിനു വേണ്ടിയുള്ള പുതിയ ടയറുകളും മറ്റ് ഉപകരണങ്ങളുമായി പുറപ്പെട്ടതായിരുന്നു ട്രക്ക്. ഈ യാത്രയ്ക്കിടെയാണ് ഒരു ടയര്‍ ട്രക്കില്‍നിന്ന് നഷ്ടപ്പെട്ടത്. ഇതിനു പിന്നാലെ ട്രക്ക് ഡ്രൈവര്‍ ലഖ്‌നൗ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ശനിയാഴ്ച രണ്ടുപേര്‍ ടയറുമായി ബക്ഷി കി താലബ് എയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍ എത്തുകയായിരുന്നെന്ന് ലഖ്‌നൗ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. മോഷണം നടന്നതായി പറയപ്പെടുന്ന സ്ഥലത്തുനിന്നാണ് തങ്ങള്‍ക്ക് ഈ ടയര്‍ കിട്ടിയതെന്ന് ഇരുവരും പറഞ്ഞു. ട്രക്കിന്റെ ടയര്‍ ആണെന്ന് കരുതിയാണ് വീട്ടില്‍ കൊണ്ടുപോയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ടയര്‍, തങ്ങളുടെ സപ്ലൈ ഡിപ്പോയില്‍നിന്നുള്ളതാണെന്നും മിറാഷ് വിമാനത്തിന്റേതാണെന്നും എയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു. ഷഹീദ് പഥിലെ ഗതാഗത തടസ്സത്തിനിടെയാണ് മോഷണം നടന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഗതാഗത തടസ്സം മുതലെടുത്ത് കുറ്റവാളികള്‍ ട്രക്കിലെ സ്ട്രാപ്പ് കീറി ടയര്‍ മോഷ്ടിക്കുകയായിരുന്നു.
Post Your Comments