തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി യു.ഡി.എഫ് യോഗം ബഹിഷ്കരിച്ച് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും. പുനഃസംഘടന ഉൾപ്പെടെ കാര്യങ്ങളിൽ തുടരുന്ന അതൃപ്തിയാണ് ബഹിഷ്കരണത്തിന് വഴിവച്ചത്. സോണിയാഗാന്ധിയെ നേരിട്ട് കണ്ട് പരാതി അറിയിച്ചിട്ടും സംസ്ഥാന നേതൃത്വം വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതാണ് ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ചൊടിപ്പിച്ചിട്ടുള്ളത്.
വിശദീകരണം തേടാതെ ഗ്രൂപ്പ് നേതാക്കൾക്കെതിരെ സ്വീകരിച്ച അച്ചടക്കനടപടി പിൻവലിക്കാത്തതും യു.ഡി.എഫ് യോഗ ബഹിഷ്കരണത്തിന് മുതിർന്ന നേതാക്കളെ പ്രേരിപ്പിച്ചു. കൺടോൺമെന്റ് ഹൗസിൽ യോഗം നടക്കുമ്പോൾ തൊട്ടുടുത്തുള്ള നിയമസഭയിൽ എത്തി ഉമ്മൻചാണ്ടിയുo ചെന്നിത്തലയും രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതും നേതൃത്വത്തെ വെട്ടിലാക്കി. അതേസമയം, കെ. റെയിലിനെതിരായ സമരം കടുപ്പിക്കാനും ശിശുമരണം തുടരുന്ന അട്ടപ്പാടി സന്ദർശിക്കാനും യു.ഡി.എഫ് യോഗം തീരുമാനിച്ചു.
ഇതിനിടെ മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ പറഞ്ഞു. എന്നാൽ, കണ്ണൂരിലായിരുന്ന കെ.സുധാകരൻ യോഗത്തിൽ പങ്കെടുക്കാത്തത് ഉയർത്തിയാണ് മുതിർന്ന നേതാക്കളുടെ ബഹിഷ്കരണത്തെ യുഡിഎഫ് കൺവീനർ എം.എം.ഹസൻ പ്രതിരോധിച്ചത്.
Post Your Comments