ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ കീര്‍ത്തി ആസാദും അശോക് തന്‍വറും തൃണമൂല്‍ കോണ്‍ഗ്രസില്‍. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍വെച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി 62കാരനായ കീര്‍ത്തി ആസാദിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ബി.ജെ.പി ഭിന്നിപ്പിന്‍റെ രാഷ്ട്രീയം കളിക്കുകയാണെന്നും ശരിയായ ദിശയിലേക്ക് നയിക്കാന്‍ രാജ്യത്തിന് ചിലരുടെ ആവശ്യമുണ്ടെന്നും കീർത്തി ആസാദ് പറഞ്ഞു. മമത ബാനര്‍ജിക്ക് ആ നേതൃത്വപാടവമുണ്ടെന്ന് ഞാന്‍ കരുതുന്നുവെന്നും അതിനാലാണ് തൃണമൂലില്‍ ചേര്‍ന്നതെന്നും ആസാദ് മാധ്യമങ്ങളോട് പ്രതികരിച്ചു.
2015ല്‍ ബി.ജെ.പിയില്‍നിന്ന് പുറത്തായ കീര്‍ത്തി ആസാദ് 2019 ഫെബ്രുവരിയിലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് അന്നത്തെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ക്രിക്കറ്റ് താരം കൂടിയായ കീര്‍ത്തി ആസാദ് ബി.ജെ.പി വിടുന്നത്. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ഭഗവത് ഝാ ആസാദിന്‍റെ മകനാണ് കീര്‍ത്തി ആസാദ്. ബിഹാറിലെ ദര്‍ഭംഗയില്‍നിന്ന് മൂന്നുതവണ ലോക്സഭ എം.പിയായും തെരഞ്ഞെടുക്കപ്പെട്ടു.
ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്‍റായിരുന്നു 45കാരനായ അശോക് തന്‍വര്‍. ഹരിയാനയിലെ സിര്‍സ മണ്ഡലത്തില്‍നിന്ന് ലോക്സഭാംഗമായും തെരഞ്ഞെടുക്കെപ്പട്ടിരുന്നു. 2019ല്‍ അപ്ന ഭാരത് മോര്‍ച്ചയുടെ പേരില്‍ തന്‍വര്‍ കോണ്‍ഗ്രസ് വിടുകയായിരുന്നു. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ ഉള്‍പ്പെടെയുള്ളവരുമായുണ്ടായ തര്‍ക്കങ്ങളാണ് കോണ്‍ഗ്രസ് വിടാന്‍ കാരണം. ചൊവ്വാഴ്ച മമതയും അശോക് തന്‍വറും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തന്‍വറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുകയും ചെയ്തു.
Post Your Comments