അരീക്കോട്: അന്യ സംസ്ഥാന തൊഴിലാളിയെ ജോലി വാഗ്ദാനം നൽകി കബളിപ്പിച്ച് 15,000 രൂപയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. തൃപ്പനച്ചി സ്വദേശി അബ്ദുൽ മുനീറാണ് (35) പൊലീസ് പിടിയിലായത്. അരീക്കോട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 27നാണ് കേസിനാസ്പദ സംഭവം. പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ ജോലി നൽകാമെന്നു പറഞ്ഞ് പ്രതി കീഴ്ശ്ശേരിയിൽ നിന്ന് അരീക്കോട്ടേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് ബൈക്കിലിരുന്ന് പ്രതി തൊഴിലാളിയോട് ഹോട്ടലിൽ പോയി പൊറോട്ട വാങ്ങിച്ചു വരാൻ പറഞ്ഞു. തൊഴിലാളി ഹോട്ടലിലേക്ക് പോയ സമയം പ്രതി തൊഴിലാളിയുടെ മൊബൈൽ ഫോണുമായി മുങ്ങുകയായിരുന്നു.
പശ്ചിമ ബംഗാൾ സ്വദേശി അബ്ദുൽ ഖാസിം ഖാനാണ് കബളിപ്പിക്കപ്പെട്ടത്. ഇയാളുടെ പരാതിയിൽ അരീക്കോട് പൊലീസ് കേസെടുത്തിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കണ്ടെത്തുകയും അരീക്കോട് എസ്.എച്ച്.ഒ ലൈജുമോന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments