
പാലോട്: വീട്ടമ്മയെ കിടപ്പുമുറിയിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പെരിങ്ങമ്മല പറങ്കിമാംവിള നൗഫർ മൻസിലിൽ നാസില ബീഗ (42)ത്തെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവായ നെടുമങ്ങാട് വാളിക്കോട് പാറമുറ്റത്ത് തെക്കുംകര വീട്ടിൽ അബ്ദുൽ റഹീം (47) ഒളിവിലാണ്.
ബുധനാഴ്ച രാത്രിയിൽ നാസിലയുടെ കുടുംബവീട്ടിൽ ആണ് സംഭവം. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. വ്യാഴാഴ്ച രാവിലെ ഏഴിന് നാസിലയുടെ മാതാവ് ആണ് കിടപ്പുമുറിയിൽ നാസിലയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.
Read Also: കണ്ണിന്റെ ആരോഗ്യം നിലനിറുത്താൻ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ
പിതാവിന് രാവിലെ പതിവായി നിസ്കാരപ്പായ എടുത്ത് നൽകുന്നത് നാസിലയാണ്. എന്നാൽ, സംഭവദിവസം രാവിലെ മകൾ എഴുന്നേൽക്കാതായതോടെ മാതാവ് വാതിൽ തുറന്ന് നോക്കുകയായിരുന്നു. കട്ടിലിൽ രക്തം കട്ടപിടിച്ചു കിടക്കുന്നതും നാസിലയെ കഴുത്തിൽ കുത്തേറ്റനിലയിലും കണ്ടതിനെ തുടർന്ന് ഇവർ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
അതേസമയം നാസിലക്ക് കുത്തേറ്റിട്ടും അടുത്ത് കിടന്ന 13 വയസ്സുകാരിയായ മകൾ പോലും അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. ഇതും ദുരൂഹത പടർത്തുന്നതാണ്. രാവിലെ നാസിലയുടെ മാതാവ് കുട്ടിയെ വിളിച്ചുണർത്തുകയായിരുന്നു. ബുധനാഴ്ച രാത്രി റഹീം മകൾക്ക് മിഠായി നൽകിയതായും രാവിലെ വയറുവേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. മിഠായിയിൽ മയക്കുമരുന്ന് കലർത്തിയിരുന്നോയെന്നുള്ള സംശയമുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ചാക്ക ഐ.ടി.ഐയിൽ ക്ലർക്കായി ജോലി ചെയ്യുകയാണ് അബ്ദുൽ റഹിം.
റൂറൽ എസ്.പി പി.കെ. മധുവിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് ഡിവൈ.എസ്.പി സുൽഫിക്കർ, പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ് എന്നിവരങ്ങുന്ന സംഘം പ്രതിക്കായി ശക്തമായ അന്വേഷണത്തിലാണ്. നാസിലയുടെ മൃതദേഹം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മക്കൾ: യാസർ (ഡിഗ്രി വിദ്യാർഥി), ഫൗസിയ (എട്ടാം ക്ലാസ് വിദ്യാർഥിനി).
Post Your Comments