കോഴിക്കോട്: ബൈക്ക് യാത്രികനെ തടഞ്ഞ് ഒരു കിലോയിലേറെ തൂക്കമുള്ള സ്വർണക്കട്ടി കവർന്ന കേസിൽ ഒരാൾ പിടിയിൽ. കക്കോടി മൂട്ടോളി സ്വദേശി കെ.കെ. ലതീഷിനെയാണ് (37) കസബ പൊലീസ് അറസ്റ്റു ചെയ്തത്.
സെപ്റ്റംബർ 20ന് രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം. കണ്ടംകുളം ജൂബിലി ഹാളിനു സമീപം ലിങ്ക് റോഡിലെ സ്വർണ ഉരുക്കുശാലയിൽ നിന്നും മാങ്കാവിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്ന 1.2 കിലോഗ്രാം സ്വർണം ബംഗാൾ വർധമാൻ സ്വദേശി റംസാൻ അലിയിൽ നിന്നാണ് സംഘം കവർന്നെടുത്തത്.
Read Also: എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം
നാലു ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘമാണ് സ്വർണം കവർന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രദേശത്തെ വിവിധ വ്യാപാരസ്ഥാപനങ്ങളിലെയടക്കം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ലഭിച്ച ചില സൂചനകളിൽ നിന്നാണ് പ്രതികളിലൊരാളെ തിരിച്ചറിഞ്ഞത്.
കോടതി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കേസിലെ മറ്റു പ്രതികളെ കുറിച്ചുള്ള വിവരം ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ടൗൺ അസി. കമീഷണർ പി. ബിജുരാജിന്റെ മേൽനോട്ടത്തിൽ കസബ ഇൻസ്പെക്ടർ എൻ. പ്രജീഷാണ് കേസ് അന്വേഷണം നടത്തുന്നത്.
Post Your Comments