Latest NewsNewsFootballSports

ചാമ്പ്യൻസ് ലീഗ്: മെസ്സി ഗോളിൽ പിഎസ്ജി, സിറ്റിക്ക് തകർപ്പൻ ജയം

പാരീസ്: ചാമ്പ്യൻസ് ലീഗിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇരട്ട ഗോൾ ബലത്തിൽ പിഎസ്‌ജിക്ക് തകർപ്പൻ ജയം. മത്സരത്തിൽ പിഎസ്‌ജി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആർ ബി ലെയ്പ്സിഗിനെ കീഴടക്കി. പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് പിഎസ്ജി ജയം സ്വന്തമാക്കിയത്. മത്സരത്തിലെ ഒൻപതാം മിനിറ്റിൽ തന്നെ കിലിയൻ എംബാപ്പെ പിഎസ്ജിക്കായി ഗോൾ നേടി.

എന്നാൽ 28-ാം മിനിറ്റിൽ ആന്ദ്രെ സിൽവ ലെയ്പ്സിഗിന് സമനില ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിലെ 57-ാം മിനിട്ടിൽ നോർഡി മുകിയെലെയിലൂടെ പിഎസ്ജിയെ ഞെട്ടിച്ച് ലെയ്പ്സിഗ് മത്സരത്തിൽ ലീഡ് നേടി. എന്നാൽ മികച്ച പ്രകടനം പുറത്തെടുത്ത പിഎസ്ജി 67-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഗോളിൽ സമനില നേടി.

74-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മെസ്സി ആവേശകരമായ മത്സരത്തിൽ ടീമിന് വിജയം സമ്മാനിച്ചു. ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ നിലവിലെ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ക്ലബ് ബ്രഗ്ഗിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു. കാൻസലോ(30), റിയാദ് മഹ്റസ് (43, 84), വാൾക്കർ(53), പൽമർ (67) എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോൾ നേടിയത്.

Read Also:- സൈലന്റ് അറ്റാക്ക്: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക!

മത്സരത്തിലുടനീളം മികച്ച പന്തടക്കത്തോടെ കളിച്ച സിറ്റി നിരവധി അവസരങ്ങൾ ക്ലബ് ബ്രഗ്ഗിന്റെ ഗോൾമുഖത്ത് സൃഷ്ടിച്ചു. 81-ാം മിനിറ്റിൽ ഹെൻസ് വനകേൻ ക്ലബ് ബ്രഗ്ഗിനായി ആശ്വാസ ഗോൾ നേടി. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ശക്തരായ പിഎസ്ജിയെ സമനിലയിൽ തളച്ച ആത്മവിശ്വാസത്തിൽ സിറ്റിയെ നേരിടാൻ ഇറങ്ങിയ ക്ലബ് ബ്രേഗ്ഗിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button