
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്ക് മെഡിക്കൽ പരിശോധന നടത്തുന്നതിന്‍റെ സാധ്യതകൾ തേടി പൊലീസ്. ചോദ്യം ചെയ്യലില്‍ ഷൈൻ പറഞ്ഞ കാര്യങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് താൻ ചികിത്സ തേടിയിരുന്നു. ഒരു സ്വകാര്യ ആശുപത്രിയിലാണ് ഈ ചികിത്സ നടത്തിയതെന്ന് ഷൈൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. മെഡിക്കൽ പരിശോധന ചോദ്യം ചെയ്യലിന്‍റെ ഭാഗം ആയിട്ടാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യലിന്‍റെ ഇടവേളയിൽ മയങ്ങുന്ന ഷൈന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഷൈന്‍ ആരോഗ്യ പ്രശ്നങ്ങൾ കൂടെ തുറന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ പരിശോധന സാധ്യത പരിശോധിക്കുന്നത്.
ഹോട്ടലില്‍ തന്നെ തേടിയെത്തിയത് പൊലീസാണെന്ന് അറിഞ്ഞത് പിറ്റേന്ന് രാവിലെയാണ് എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ മൊഴി. സുഹൃത്തുക്കൾ വിളിച്ച് ചോദിച്ചപ്പോഴാണ് പൊലീസാണ് ഹോട്ടൽ മുറിയിൽ എത്തിയതെന്ന് അറിഞ്ഞത്. പൊലീസിനെ കബളിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നു. താൻ രാസലഹരികൾ ഉപയോഗിക്കാറില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. ഈ മൊഴികൾ ശരിയാണോ എന്നറിയാൻ മെഡിക്കല്‍ പരിശോധന വേണമെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.
Post Your Comments