പൂഞ്ഞാർ : ശക്തമായ മഴയില്‍ വെള്ളക്കെട്ടില്‍ പാതി മുങ്ങിയ കെഎസ്ആര്‍ടിസി ബസിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയുടെ മുന്നിലായിരുന്നു കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങിയത്. വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്‍ടവും വരുത്തിയത് ചൂണ്ടിക്കാട്ടി ഡ്രൈവറെ ഗതാഗതവകുപ്പ് കഴിഞ്ഞ ദിവസംതന്നെ സസ്‍പെന്‍ഡ് ചെയ്തിരുന്നു.
ഗതാഗതമന്ത്രി ആന്‍റണി രാജു കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകിയതിനെ തുടർന്ന് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെ ആണ് സസ്പെൻഡ് ചെയ്തത്. എന്നാല്‍ തന്നെ സസ്‍പെന്‍ഡ് ചെയ്ത നടപടിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് സസ്‍പെന്‍ഷനിലായ കെഎസ്ആര്‍ടിസി ഡ്രൈവർ എസ് ജയദീപ്. ഇതിനിടെ തന്‍റെ ഫേസ് ബുക്ക് പേജിലൂടെ രൂക്ഷമായ ഭാഷയിലുള്ള നിരവധി പോസ്റ്റുകളാണ് അദ്ദേഹം ഇതുസംബന്ധിച്ച് പങ്കുവെച്ചത്.
ട്രാഫിക് എസ്ഐ ഓടിച്ച കാർ ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു: എസ് ഐ മദ്യലഹരിയിലെന്ന് ആരോപണം
‘കെഎസ്ആര്‍ടിസിയിലെ എന്നേ സസ്പെന്‍ഡ് ചെയ്ത കൊണാണ്ടൻമാർ അറിയാൻ ഒരു കാര്യം. എപ്പോളും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അദ്ധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്പെന്‍ഡ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാൻ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക. ഹ ഹ ഹ ഹാ…’ എന്നായിരുന്നു ജയദീപന്റെ ഒരു പോസ്റ്റ്.
‘എന്റെ ജീവിതം ഭദ്രമാണ്. നാളെയെ കുറിച്ച് ഒരു പേടിയുമില്ല. അഞ്ചേക്കര്‍ സ്ഥലമുണ്ട്. അച്ഛനും അമ്മയ്ക്കും പെന്‍ഷനുണ്ട്. സഹോദരിമാര്‍ അമേരിക്കയിലാണ്. അവര്‍ എന്നെ നിരന്തരം വിളിക്കുന്നുണ്ട്. എല്ലാ മാസവും അവര്‍ എനിക്ക് പണം അയച്ചു തരുന്നുണ്ട്. മക്കളുടെ കാര്യവും അവരാണ് നോക്കുന്നത്. ഭാര്യക്ക് ജോലിയൊന്നുമില്ല. അവളുടെ സഹോദരങ്ങളും വിദേശത്താണ്. ഒന്നിനും ഒരു കുറവും അവര്‍ വരുത്താറില്ല’. എന്നായിരുന്നു ജയദീപന്റെ മറ്റൊരു പ്രതികരണം. ഡ്രൈവറുടെ ധിക്കാരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
Post Your Comments