
114 വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്ന മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യം നേടാൻ യാത്രയായ തിരുവനന്തപുരം സ്വദേശികൾ തിരികെ തിരിക്കുന്നതിനിടയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് റായ്പൂരിൽ ചികിത്സയിൽ കഴിയുകയാണ്. കാറിൽ ട്രക്ക് ഇടിച്ച് ആറുപേർക്കാണ് പരിക്കേറ്റത്.
കുംഭമേളയ്ക്ക് പോയ മലയാളികൾ അകടത്തിൽപ്പെട്ടു എന്ന വാർത്ത പരന്നതിനെ തുടർന്ന് ആൾ ഇന്ത്യ മലയാളി അസോസിയേഷൻ ദേശീയ സെക്രട്ടറി അനിൽ നായർ സഹായ ഹസ്തവുമായി ഓടി എത്തി. പരിക്കേറ്റവരെല്ലാം മെച്ചപ്പെട്ട സൗകര്യമുള്ള അപ്പോളോ ആശുപത്രിയിലേയ്ക്ക് മാറ്റി വിദഗ്ദ ചികിത്സ ലഭ്യമാക്കി. ഇതിനെക്കുറിച്ച് അപകടത്തിൽപ്പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു പങ്കുവച്ച സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധ നേടുന്നു.
മേഘങ്ങൾക്കിടയിലൂടെ മടക്കയാത്രയിൽ എന്റെ മനസ് കൊണ്ട് നന്ദി അറിപ്പിച്ചത് ആശുപത്രിയിൽ ഞങ്ങളെ ശുശ്രൂഷിച്ച സ്നേഹമയികളായ നേഴ്സുമാരെയും (ലിൻസി ബിനു, സ്വപ്‍ന, മീര, രശ്മി, രാജീവ്, കവിത നായ്ക് )മലയാളി അസോസിയേഷൻ പ്രവർത്തകരെയുമാണ് എന്നും മഹാകുംഭ മേളയിൽ പങ്കെടുത്ത് പുണ്യം നേടുന്നതിന് പുറപ്പെട്ട ഞങ്ങൾക്ക് പുനർജന്മം ലഭ്യമാക്കിയ നിസ്വാർത്ഥ സേവകർക്ക് ഞങ്ങൾ ഗംഗാസ്നാനത്തിലൂടെ നേടിയതിനെക്കാൾ പുണ്യമുള്ളതായി കാണുന്നുവെന്നും ബിനു കുറിക്കുന്നു.
ബിനു ചന്ദ്രശേഖറിന്റെ കുറിപ്പ്
മഹാകുംഭമേള 114 വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്നത് . ഈ ജന്മത്തിൽ അതിൽ പങ്കെടുത്ത് ഗംഗാ സ്നാനം ചെയ്യുന്നത് പുണ്യമായി കരുതപ്പെടുന്നു. പത്രമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും കുംഭമേളയെ കുറിച്ചുള്ള വാർത്തകൾ അതിൽ പങ്കെടുക്കണമെന്ന മോഹത്തെ ഉണർത്തി. ഊണിലും ഉറക്കത്തിലും കൂടെയുണ്ടായിരുന്ന ചില സുഹൃത്തുക്കൾ മഹാകുംഭമേളയിൽ പങ്കെടുത്ത വിശേഷങ്ങൾ എന്നിലെ മോഹത്തിന്റെ ആക്കം കൂട്ടി.
“നമ്മൾ എന്തെങ്കിലും നേടണമെന്ന് ആത്മാർത്ഥമായി ആഗഹിച്ചാൽ അതിന് ഈ ലോകം നമ്മുടെ കൂടെ നിൽക്കും” . പൗലോ കൊയ്ല (ആൽക്കമെസ്റ്റ് )
അങ്ങനെ ആത്മാർത്ഥമായ ആഗ്രഹം കൊണ്ടായിരിക്കും എന്റെ മോഹം പൊതുരംഗത്തെ അനുജൻമാരോട് സൂചിപ്പിച്ചത്. ഞാൻ തന്നെ പ്രതീക്ഷിക്കാത്ത രീതിയിൽ പെട്ടെന്നായി കാര്യങ്ങൾ . അവർ തന്നെ യാത്രാ ക്രമീകരണങ്ങൾ ഒരുക്കി
ജീവിതത്തിലെ ആദ്യ വിമാന യാത്ര … ഉയരങ്ങളിലൂടെ തൂവെള്ള മേഘങ്ങൾക്ക് ഇടയിലൂടെ ഞങ്ങളുടെ യാത്ര ജീവിതത്തിലെ വലിയ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് കാശി വിശ്വനാഥന്റെ സന്നിധിയിലേയ്ക്ക് ….
റായ്പ്പൂർ വിമാനമിറങ്ങി വാഹനം വാടകയ്ക്ക് എടുത്ത് ഞങ്ങൾ ആറ് പേർ യാത്ര തുടങ്ങി.
ഏതൊരു ഹൈന്ദവന്റെയും ആത്മ സാക്ഷാത്ക്കാരമാണ് കാശിയിലേയ്ക്കുള്ള യാത്ര . വാരണാസിയിൽ എത്തിചേർന്ന ഞങ്ങൾ ഗംഗാസ്നാനം പൂർത്തികരിച്ചു.മുൻ ജന്മ പാപക്കറകൾ ഗംഗയിൽ ശുദ്ധീകരിക്കപ്പെട്ടു. കൊടും തണുപ്പിലും ഊഷ്മളമായ മനസോടെ ഗംഗാ തീരത്തും മണി കർണികയിലും അലഞ്ഞ് നടന്നു. ദേഹം വിട്ട് ദേഹിയാകുന്ന കാഴ്ചകൾ , നാഗ സന്യാസിമാർ എങ്ങും ഭക്തിമയം മാത്രം.
മഹാമേളയ്ക്ക് എത്തുന്ന കപട സന്യാസിമാരും കുറവല്ല . സഹയാത്രികന്റെ വാച്ച് ആത്മീയതയുടെ പേരിൽ തട്ടിയെടുക്കാനുള്ള ശ്രമം ഞങ്ങൾ വിഫലമാക്കി. ഗംഗാ തീരത്ത് ചെലവഴിച്ച ഓരോ നിമിഷവും ഞങ്ങളുടെ ഓരോ അണുവിലും ഒരു പ്രത്യേക അനുഭൂതി ഉണ്ടാക്കിയിരുന്നു. മനസും ശരീരവും. പുണ്യമായി തീർന്ന അനുഭൂതി.
ഗംഗാ നദിയിലൂടെ ഓരോ ഘട്ടുകളും കണ്ട് ബോട്ട് യാത്ര, വ്യത്യസ്ത മനുഷ്യർ, വിവിധ സ്വാദുകൾ എല്ലാം നല്ല ഓർമ്മകളായി മാറി.
“ആപത്ത് ഘട്ടങ്ങളിൽ ദൈവം മനുഷ്യ രൂപത്തിൽ പ്രത്യക്ഷപ്പെടും”പുനർ ജൻമം….
വാരണാസിയിൽ നിന്നും റായ് പൂരിലേയ്ക്ക് 13 മണിക്കൂർ യാത്ര ഉണ്ട്. മടക്കയാത്രയിൽ പുണ്യം നുകർന്ന സംതൃപ്തിയും സുഹൃത്തുക്കളുമായുള്ള കളിചിരിയും തമാശകളുമായുള്ള യാത്ര…
റായ്പൂരിലെത്താൻ കേവലം ഒരു മണിക്കൂർ ശേഷിക്കേ ഞങ്ങളുടെ സന്തോഷം കവർന്നെടുക്കുന്ന രൂപത്തിൽ ഒരു ട്രക്ക് ഇട റോഡിൽ നിന്നും ഹൈവേയിലേയ്ക്ക് പ്രവേശിച്ചു. ട്രക്കിന്റെ പിൻ ചക്രത്തിൽ തട്ടി ഞങ്ങളുടെ വാഹനം കരണം മറിഞ്ഞ് ഡിവൈഡറിൽ ഇടിച്ച് കയറി. ഒരു നിമിഷം എത്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലായില്ല. തലയ്ക്കുള്ളിൽ ഒരു മുരൾച്ച മാത്രം ചുറ്റും നിലവിളി ശബ്ദം ഉയരുന്നു. രക്തം ചിതറി വീണ നനവുകൾ….. മറിഞ്ഞ വാഹനത്തിൽ നിന്നും മാറിലണിഞ്ഞ രുദ്രാക്ഷത്തിൽ മുറുകെ പിടിച്ച് ഞാൻ പുറത്തിറങ്ങി. സഹയാത്രികളായവരുടെ ശരീരത്തിൽ നിറയെ പരിക്കുകൾ വേദന കൊണ്ട് നിലവിളിക്കുന്ന പ്രിയ അനുജൻ മാർ …
ഹൈവേയിലൂടെ പാഞ്ഞ് പോകുന്ന വാഹനങ്ങൾക്ക് നേരെ സഹായത്തിനായ് നിലവിളിച്ച് കൊണ്ട് സഹായത്തിനായി കൈകൂപ്പി….. പലരും നിർത്താതെ പോയി ഒടുവിൽ വാഹനം നിർത്തിയ ഒരു മനുഷ്യ സ്നേഹിയുടെ വാഹനത്തിൽ പരുക്കേറ്റ സഹയാത്രികനെയും കൂട്ടി അടുത്തുള്ള സർക്കാർ ആശുപത്രിയിലേയ്ക്ക്. അപ്പോഴെക്കും ഗുരുതര പരിക്കേറ്റവരെ ആമ്പുലൻസിൽ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ഭാഷ പരിചിതമല്ലാത്ത മറ്റൊരു നാട്ടിലെ ആശുപത്രി ഇടനാഴിയിൽ സഹായത്തിനായി പ്രാർത്ഥിക്കുകയായിരുന്നു. അപ്പോഴും എന്റെ കൈ രുദ്രാക്ഷമാലയിൽ മുറുകെ പിടിച്ചിരുന്നു…….
കുംഭമേളയ്ക്ക് പോയ മലയാളികൾ അകടത്തിൽപ്പെട്ടു എന്ന വാർത്ത പരന്നതിനെ തുടർന്ന് ആൾ ഇന്ത്യ മലയാളി അസോസിയേഷൻ ദേശീയ സെക്രട്ടറി അനിൽ നായർ ചേട്ടൻ സഹായ ഹസ്തവുമായി ഓടി എത്തി. പരിക്കേറ്റവരെല്ലാം മെച്ചപ്പെട്ട സൗകര്യമുള്ള അപ്പോളോ ആശുപത്രിയിലേയ്ക്ക് മാറ്റി വിദഗ്ദ ചികിത്സ ലഭ്യമാക്കി. മറുനാടുകളിൽ അപകടത്തിൽപ്പെടുന്ന മലയാളികൾക്ക് സഹായമായി എത്തുന്ന മലയാളി അസോസിയേഷന്റെ പ്രവർത്തനം ശാഘ്ളനീയം തന്നെയാണ്. സഹയാത്രികരുടെ അപകടനില തരണം ചെയ്യുന്നത് വരെയും അനിലേട്ടൻ ഒരു തണലായി നമ്മളുടെ കൂടെ നിന്നു. നിസാര പരിക്കായതിനാൽ എന്നെ ഡിസ്ചാർജ് ചെയ്തതിനാൽ എനിക്ക് ആദ്യം തന്നെ തിരികെ നാട്ടിലെത്താൻ കഴിഞ്ഞു. റായ്പൂരിൽ നിന്നും തിരികെ വിമാനം കയറുന്ന വേളയിൽ അനിലേട്ടനോടുള്ള നന്ദി പറയാർ കഴിയാതെ കണ്ണുകൾ നിറഞ്ഞിരുന്നു.
മേഘങ്ങൾക്കിടയിലൂടെ മടക്കയാത്രയിൽ എന്റെ മനസ് കൊണ്ട് നന്ദി അറിപ്പിച്ചത് ആശുപത്രിയിൽ ഞങ്ങളെ ശുശ്രൂഷിച്ച സ്നേഹമയികളായ നേഴ്സുമാരെയും (ലിൻസി ബിനു, സ്വപ്‍ന, മീര, രശ്മി, രാജീവ്, കവിത നായ്ക് )മലയാളി അസോസിയേഷൻ പ്രവർത്തകരെയുമാണ്. ഞങ്ങളുടെ നാട്ടിൽ നിന്ന് റായ്പൂരിൽ സ്ഥിര താമസമാക്കിയ വിവേകും(ഞങ്ങളുടെ ശ്രീക്കുട്ടൻ)അവന്റെ സ്നേഹം നിറഞ്ഞ രണ്ട് സുഹൃത്തുക്കളും ഞങ്ങളിൽ ഒരാളായി കൂടെ ഉണ്ടായിരുന്നു അവരുടെ സേവനങ്ങളും മനസ്സിൽ ഓടി മറഞ്ഞു.മഹാകുംഭ മേളയിൽ പങ്കെടുത്ത് പുണ്യം നേടുന്നതിന് പുറപ്പെട്ട ഞങ്ങൾക്ക് പുനർജന്മം ലഭ്യമാക്കിയ നിസ്വാർത്ഥ സേവകർക്ക് ഞങ്ങൾ ഗംഗാസ്നാനത്തിലൂടെ നേടിയതിനെക്കാൾ പുണ്യമുള്ളതായി കാണുന്നു…..
നന്ദി ഞങ്ങളെ സഹായിച്ചതിനും സ്നേഹിച്ചതിനും
Post Your Comments