
പാലക്കാട്: ഉത്ര വധത്തിലെ പ്രതിക്ക് കിട്ടേണ്ടിയിരുന്നത് തൂക്കുകയർ ആണെന്ന ബോധ്യമാണ് ഇപ്പോഴും ഉള്ളതെന്ന് വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഉത്രയുടെ മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാൻ പ്രതി നടത്തിയ മുന്നൊരുക്കം കൊണ്ടാണ് അയാൾ പരമാവധി ശിക്ഷ അർഹിക്കുന്നു എന്ന് തനിക്ക് തോന്നാൻ ഇടയാക്കിയതെന്നും ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഭാര്യയുടെ മരണത്തെ തികച്ചും സ്വാഭാവികമെന്ന് അവതരിപ്പിക്കാനും, ആ ക്രിമിനൽ മനസ്സോടെ, യാതൊരു കുറ്റബോധവുമില്ലാതെ പൊതുസമൂഹത്തിൽ ജീവിക്കാനുമാണ് പ്രതി ആഗ്രഹിച്ചതിനും ശ്രീജിത്ത് ചൂണ്ടിക്കാണിക്കുന്നു. അന്വേഷണം അവസാനിക്കുന്നത് ഒരു പാമ്പിൽ ആണെന്നിടത്ത് താൻ രക്ഷപെടും എന്നതായിരുന്നു അയാളുടെ കണക്കുകൂട്ടൽ എന്നും ഇത്തരം പ്രതികളെ നികുതിപ്പണം കൊണ്ട് മരണം വരെ പോറ്റുന്നതിൽ താല്പര്യമില്ലെന്നും ശ്രീജിത്ത് പറയുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഉത്രവധത്തിലെ പ്രതിക്ക് കിട്ടേണ്ടിയിരുന്നത് തൂക്കുകയർ ആണെന്ന ബോധ്യമാണ് ഇപ്പോഴും.
കൊല്ലപ്പെട്ടത് ഭിന്നശേഷിയുള്ള സ്ത്രീ ആയിരുന്നെന്നതോ, അവർക്ക് ഒരു ചെറിയ കുഞ്ഞ് ഉണ്ടായിരുന്നെന്നതോ, കൊലപാതക രീതിയിലെ അപൂർവതയോ ഭീകരതയോ, കുറ്റകൃത്യം നടത്തിയത് കൊല്ലപ്പെട്ടയാളെ സംരക്ഷിക്കാൻ നിയമപരമായ ബാധ്യതയുള്ള ഭർത്താവ് ആണെന്നതോ കൊണ്ടല്ല ആ തോന്നൽ. ആ മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാൻ പ്രതി നടത്തിയ മുന്നൊരുക്കം കൊണ്ടാണ് അയാൾ പരമാവധി ശിക്ഷ അർഹിക്കുന്നെന്ന് തോന്നുന്നത്.
ടി പി ചന്ദ്രശേഖരൻ വധം നോക്കൂ—കൊലപാതകം എന്ന രീതിയിൽ തന്നെയുള്ള പ്രതികാര നടപടിയാണത്. എന്നാൽ സൂരജ് ചെയ്തത് തന്റെ ഭാര്യയുടെ മരണത്തെ തികച്ചും സ്വാഭാവികമെന്ന് അവതരിപ്പിക്കാനും, ഇന്നും ആ ക്രിമിനൽ മനസ്സോടെ, യാതൊരു കുറ്റബോധവുമില്ലാതെ നമ്മിലൊരാളായി പൊതുസമൂഹത്തിൽ ജീവിക്കാനുമാണ്. ആക്രമിച്ചോ വാഹനം ഇടിപ്പിച്ചോ ഒക്കെയുള്ള ആസൂത്രിതമായ മറ്റ് കൊലപാതകങ്ങളേക്കാൾ ഈ കൊല വ്യത്യസ്തമാകുന്നത് അങ്ങനെയാണ്. അന്വേഷണം അവസാനിക്കുന്നത് ഒരു വാടകഗുണ്ടയിലോ വാഹന ഡ്രൈവറിലോ അല്ല, ഒരു പാമ്പിൽ ആണെന്നിടത്ത് താൻ രക്ഷപെടും എന്നതായിരുന്നു അയാളുടെ കണക്കുകൂട്ടൽ. ഇത്തരം പ്രതികളെ നികുതിപ്പണം കൊണ്ട് മരണം വരെ പോറ്റുന്നതിൽ താല്പര്യമില്ല.
നമ്മുടെ നിയമത്തിലെ പല കണ്ണികളും ദുർബലമാണ്. തന്റെ ഭാര്യയെ കൊല്ലാൻ ആവർത്തിച്ച് നടത്തിയ ശ്രമങ്ങൾക്കിടെ ഒരിക്കൽ പോലും പുനർവിചിന്തനം ഉണ്ടാകാത്തവന് ശിഷ്ടകാലം ജയിലിൽ കിടന്ന് മാനസാന്തരം ഉണ്ടായിട്ട് എന്തിനാണ്? 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് തുല്യനിയമം എന്നതാണ് ഭൂഷണം. അല്ലാതെ അതിലും പ്രായത്തിന്റെ ആനുകൂല്യം നൽകുന്നത് ആശാവഹമല്ല. പ്രായക്കുറവുള്ളവരും പ്രായക്കൂടുതൽ ഉള്ളവരും പ്രായത്തിന്റെ ആനുകൂല്യത്തിൽ രക്ഷപ്പെടുമ്പോൾ മധ്യവയസ്കർ മാത്രമാണോ കഠിനശിക്ഷ അർഹിക്കുന്നത് എന്നൊരു ചോദ്യമുണ്ട്.
സൂരജ് ചെയ്ത കുറ്റകൃത്യം ഇനിയും ആവർത്തിക്കപ്പെടാൻ സാധ്യതയുള്ളതാണ്. ഒരുപക്ഷെ അയാളെക്കാൾ നന്നായി അത് നടപ്പാക്കാൻ ആർക്കെങ്കിലും കഴിഞ്ഞേക്കാം. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന് ഒരു താക്കീതെന്ന നിലയിലും അയാൾ തൂക്കുകയർ അർഹിച്ചിരുന്നു. പ്രതിയുടെ മുൻകാല ചരിത്രവും ചെയ്ത കുറ്റത്തിന്റെ കാഠിന്യവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ആവർത്തിച്ച് ഒരേ മാർഗ്ഗത്തിലൂടെ ഉത്രയെ കൊല്ലാൻ സൂരജ് ശ്രമിച്ചെങ്കിൽ അത് അയാളുടെ ക്രിമിനൽ പശ്ചാത്തലമാണ് വ്യക്തമാക്കുന്നത്. അത് അന്നാരും അറിഞ്ഞില്ലെന്നതോ കേസ് ആയില്ലെന്നതോ ഇന്ന് അയാൾക്ക് ആനുകൂല്യമാകുന്നത് ദൗർഭാഗ്യകരമാണ്.
Post Your Comments