തിരുവനന്തപുരം: നൂറു കോടിയോളം വിലവരുന്ന കെ എസ് ആർ ടി സി ലോ ഫ്ലോർ ബസ്സുകൾ കട്ടപ്പുറത്തെന്ന് റിപ്പോർട്ട്. 11 ഡിപ്പോകളിലായി 104 ബസ്സുകളാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാത്തതിനാൽ നിരത്തിൽ ഇറക്കാൻ കഴിയാതെ തുരുമ്പെടുത്ത് നശിച്ചു പോകുന്നത്. കട്ടപ്പുറത്തിരിക്കുന്നതിൽ 60 വാഹനങ്ങളും തിരുവനന്തപുരം ജില്ലയിലാണ്. കൊച്ചി തേവര ഡിപ്പോയിൽ 27 വണ്ടികളാണ് സമാന നിലയിൽ ഉപയോഗിക്കാനാവാതെ കിടക്കുന്നത്.
കട്ടപ്പുറത്ത് കിടക്കുന്ന വാഹനങ്ങളിൽ 87 എണ്ണം വിദേശ നിർമ്മിത എ സി ബസ്സുകളും 17 എണ്ണം തദ്ദേശീയ വാഹന നിർമ്മാതാക്കളിൽ നിന്നുള്ള എ സി ഇല്ലാത്ത ലോ ഫ്ലോർ ബസ്സുകളുമാണ്. വിദേശ നിർമ്മിത വാഹനങ്ങളിൽ ഒന്നിന് 98 ലക്ഷം രൂപയും, നോൺ എ സി വാഹനങ്ങൾക്ക് 39 ലക്ഷവുമാണ് വില. കട്ടപ്പുറത്തുള്ള വാഹനങ്ങളുടെ കൃത്യമായ മൂല്യം കണക്കാക്കിയാൽ 91 കോടി രൂപയോളം വരും.
കോവിഡ് വ്യാപനത്തിന് ശേഷം ലോഫ്ലോർ ബസ്സുകൾ സർവ്വീസ് നടത്തിയിട്ടില്ല. ദിവസവും സ്റ്റാർട്ട് ചെയ്ത് ഇടുന്നുണ്ടെങ്കിലും അത് സർവീസ് ചെയ്യാൻ കെ എസ് ആർ ടി സി തയ്യാറാകുന്നില്ല. അതേസമയം, സാധാരണ ബസ്സുകൾ പോലും നിരത്തിലിറക്കി വിജയിപ്പിക്കാൻ കഴിയാത്ത കെ എസ് ആർ ടി സി ഒരു കോടിയോളം വില വരുന്ന വോൾവോ ബസ്സുകൾ എന്തിന് വാങ്ങിച്ചു കൂട്ടിയെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
Post Your Comments