തിരുവനന്തപുരം: കൈകഴുകലിന്റെ പ്രാധാന്യം സമൂഹത്തെ ഓര്‍മ്മപ്പെടുത്തിയ വര്‍ഷങ്ങളായിരുന്നു കടന്നു പോയത്. നമ്മളെല്ലാവരും കൈകഴുകാറുണ്ടെങ്കിലും ഫലപ്രദമായി കൈകഴുകാറില്ലെന്നതാണ് സത്യം. കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ കൈകഴുകലിന്റെ പ്രാധാന്യം എത്രത്തോളമെന്ന് ഓര്‍മ്മിപ്പിക്കുന്ന ദിനം കൂടിയാണ് ഇന്ന്. ഇടയ്ക്കിടയ്ക്ക് ഫലപ്രദമായി കൈ കഴുകാന്‍ എല്ലാവരും ഓര്‍മ്മിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.
രോഗബാധ തടയുന്നതില്‍ ഏറ്റവും പ്രധാനമാണ് കൈ കഴുകല്‍. സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് കൈകഴുകുന്നതിലൂടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ നമുക്ക് അകറ്റി നിര്‍ത്താം. ന്യൂമോണിയ, വയറിളക്കം, ചെങ്കണ്ണ് വിവിധതരം ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവ വളരെയധികം കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും. കൈകള്‍ കഴുകാതെ ഒരിക്കലും മുഖം, മൂക്ക്, വായ്, കണ്ണ് എന്നിവ സ്പര്‍ശിക്കരുത്. വെള്ളം കൊണ്ട് മാത്രം കഴുകിയാല്‍ കൈകള്‍ ശുദ്ധമാകുകയില്ല. അതിനാല്‍ സോപ്പ് കൊണ്ട് കൈ കഴുകുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗം. അഴുക്കിനെയും എണ്ണയെയും കഴുകിക്കളഞ്ഞ് രോഗാണുക്കളെ നശിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നു. കുട്ടികളെ ചെറിയ പ്രായം മുതല്‍ ഫലപ്രദമായി കൈകഴുകുന്ന വിധം പഠിപ്പിക്കേണ്ടതാണ്.
ഫലപ്രദമായി കൈ കഴുകാനുള്ള 8 മാര്‍ഗങ്ങള്‍ ഇവയാണ്
1. ആദ്യം ഉള്ളംകൈ രണ്ടും, സോപ്പുയോഗിച്ച് നന്നായി പതപ്പിച്ച് തേയ്ക്കുക
2. പുറംകൈ രണ്ടും മാറിമാറി തേയ്ക്കുക
3. കൈ വിരലുകള്‍ക്കിടകള്‍ തേയ്ക്കുക
4. തള്ളവിരലുകള്‍ തേയ്ക്കുക
5. നഖങ്ങള്‍ ഉരയ്ക്കുക
6. വിരലുകളുടെ പുറക് വശം തേയ്ക്കുക
7. കൈക്കുഴ ഉരയ്ക്കുക
8. നന്നായി വെള്ളം ഒഴിച്ച് കഴുകി വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നപ്പോള്‍ ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കിയ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ ഫലം കണ്ടു. പിന്നീട് സോപ്പ്, മാസ്‌ക്, സാമൂഹിക അകലം എന്നിവ പാലിക്കാന്‍ എസ്എംഎസ്, തുപ്പല്ലേ തോറ്റു പോകും എന്നീ സന്ദേശങ്ങളും കൊണ്ടുവന്നു. വലിയ സ്വീകാര്യതയോടെയാണ് സ്ഥാപനങ്ങളും വ്യക്തികളും ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ ഏറ്റെടുത്തത്.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഹംഗറിയില്‍ ജീവിച്ചിരുന്ന ഡോ. ഇഗ്‌നാസ് ഫിലിപ്പ് സെമ്മല്‍വെയ്‌സ് ആണ് ആദ്യമായി കൈകഴുകലിന്റെ ആവശ്യകത ഉയര്‍ത്തി കാണിച്ചത്. സെമ്മല്‍വെയ്‌സ് വിയന്ന ജനറല്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ ജോലി ചെയ്യുന്ന സമയത്താണ് ചൈല്‍ഡ് ബെഡ് ഫീവര്‍ എന്ന രോഗം യൂറോപ്പിലാകെ പടര്‍ന്ന് പിടിച്ചത്. ഇത് പ്രസവ വാര്‍ഡിലെ ഉയര്‍ന്ന മരണ നിരക്കിന് കാരണമായി. പകര്‍ച്ചവ്യാധികളുടെ തോത് കുറക്കാന്‍ ഡോക്ടര്‍മാര്‍ നന്നായി കൈകഴുകിയാല്‍ മതിയെന്ന് അദ്ദേഹം കണ്ടെത്തുകയായിരുന്നു. എന്തായാലും അന്ന് അദ്ദേഹം പറഞ്ഞത് ആരും മുഖവിലക്കെടുത്തില്ല. ഇന്നിപ്പോള്‍ വൈറസിനെ അകറ്റി നിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗം കൈ കഴുകലാണെന്ന് ലോകം തന്നെ അംഗീകരിക്കുന്നു.
Post Your Comments