തിരുവനന്തപുരം: പ്ലസ് വണ്‍ അലോട്ട്‌മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ ഫുള്‍ എപ്ലസ് ലഭിച്ചവരുള്‍പ്പെടെയുള്ളവരുടെ പരാതിപ്രവാഹം. മികച്ച ഗ്രേഡ് ലഭിച്ച് സ്‌കൂള്‍ ഫസ്റ്റ് ആയിട്ടും സീറ്റ് ലഭിക്കുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്. ഇഷ്ട ഗ്രൂപ്പായ സയന്‍സ് ലഭിക്കുന്നില്ലെന്നും പകരം കൊമേഴ്‌സ് ഗ്രൂപ്പാണ് ലഭിക്കുന്നതെന്നും സയന്‍സ് ഗ്രൂപ്പില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
മാനസികമായി തകര്‍ന്നു പോകുന്ന അവസ്ഥയിലാണെന്ന് അറിയിച്ച് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി ഒരു പെണ്‍കുട്ടി എഴുതിയത് ഇങ്ങനെ, ആദ്യ അലോട്ട്‌മെന്റിലും രണ്ടാമത്തെ അലോട്ട്‌മെന്റിലും സ്‌കൂള്‍ കിട്ടിയില്ല. എനിക്ക് എസ്എസ്എല്‍സിയില്‍ ഫുള്‍ എപ്ലസ് ലഭിച്ച് സ്‌കൂള്‍ ടോപ്പറാണ്. എന്റെ പഞ്ചായത്തിലെ ഏറ്റവും അടുത്ത സ്‌കൂളില്‍ തന്നെയാണ് ഞാന്‍ ഫസ്റ്റ് വെച്ചിരിക്കുന്നത്. എന്റെ സെയിം വെയിറ്റേജ് മാര്‍ക്ക് ഉള്ള കുട്ടികള്‍ക്ക് ഫസ്റ്റ് അലോട്ട്‌മെന്റ് കിട്ടി. ഞാന്‍ എന്‍എംഎംഎസ് എക്‌സാം എഴുതി സ്‌കോളര്‍ഷിപ്പ് കിട്ടുന്ന കുട്ടിയാണ്. സ്‌കൂള്‍ അഡ്മിഷന്‍ കിട്ടാത്തതിനാല്‍ എന്റെ സ്‌കോളര്‍ഷിപ്പ് നഷ്ടമാകും. എന്റെ ക്ലാസിലെ 9 എപ്ലസ് നേടിയ കുട്ടികളടക്കം അഡ്മിഷന്‍ നേടി. സ്‌കൂള്‍ ടോപ്പറായ എനിക്ക് സ്‌കോളര്‍ഷിപ്പും അഡ്മിഷനും കിട്ടാത്തതിനാല്‍ മാനസികമായി ഞാന്‍ ആകെ വിഷമത്തിലാണ്. സാര്‍ ഇടപെട്ട് എനിക്ക് എത്രയും പെട്ടെന്ന് അഡ്മിഷന്‍ നേടി തരണം. അഡ്മിഷന്‍ കിട്ടാത്തതിനാല്‍ ഞാന്‍ മാനസികമായി ആകെ തകര്‍ന്നിരിക്കുകയാണ്. എന്ത് ചെയ്യണം എന്ന് പോലും എനിക്ക് ഒരു ഊഹവും ഇല്ല. ദയവായി അങ്ങ് ഇതിനൊരു പരിഹാരം തരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ് ഹയാഫാത്തിമ എന്ന കുട്ടി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് സമാനമായ അവസ്ഥ പങ്കുവച്ചിട്ടുള്ളത്.
പ്ലസ് വണ്‍ അലോട്ട്മെന്റ് തീര്‍ന്നാല്‍ സീറ്റ് മിച്ചം വരുമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ അവകാശ വാദം. എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ അലോട്ട്‌മെന്റ്, എയിഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം, അണ്‍ എയിഡഡ് സ്‌കൂളുകളിലെ പ്രവേശനം എന്നിവയൊക്കെ ഒക്ടോബര്‍ 7 മുതല്‍ ആരംഭിക്കുകയുള്ളു. ഇത്തരത്തില്‍ ലഭ്യമായ സീറ്റുകളും ഒഴിവ് വരുന്ന സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകള്‍ പൊതു മെറിറ്റ് ക്വാട്ട സീറ്റുകളായി പരിവര്‍ത്തനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സീറ്റുകളും കൂടി കൂട്ടുമ്പോള്‍ സംസ്ഥാനത്ത് ആകെ 1,22,384 സീറ്റുകള്‍ ലഭ്യമാണ്. ഇതിനു പുറമെ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പോളിടെക്‌നിക്, ഐടിഐ മേഖലകളിലായി 97,283 സീറ്റുകളും ലഭ്യമാണെന്നാണ് മന്ത്രി ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച കുട്ടികള്‍ക്ക് പോലും ആഗ്രഹിച്ച വിഷയം പഠിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. രണ്ടാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് വന്നപ്പോള്‍ ബാക്കിയുള്ളത് 655 മെറിറ്റ് സീറ്റ് മാത്രമാണ്. ഇതിനെതിരെ പരാതിയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments